ട്രംപ് ഭരണകൂടത്തിന്റെ മനസ്സുമാറ്റിയ രണ്ടു വയസുകാരി; ലോകത്തിന്റെ കണ്ണുനീരായി ഈ കുരുന്ന്

viral-photo
SHARE

മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുന്ന അമേരിക്കയിലെ വിചിത്രമായ അഭയാര്‍ഥി നയത്തില്‍ നിന്ന്  ട്രംപ് ഭരണകൂടം പിന്‍മാറി. ലോകം ആശ്വാസത്തോടെ കേട്ട വാര്‍ത്ത. രാജ്യത്തിനകത്തും പുറത്തും ഉയര്‍ന്ന കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം ഒപ്പം നിര്‍ത്താന്‍ അനുവദിക്കുന്ന പുതിയ നിയമത്തില്‍  ട്രംപ് ഒപ്പുവെയ്ക്കുകയും െചയ്തു. അതിന് ശേഷം അദ്ദേഹം തന്നെ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ. മാതാപിതാക്കളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട ചില കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കാണാനിടയായി. അക്കൂട്ടത്തില്‍ ആ രണ്ടുവയസുകാരിയുടെ കണ്ണീരിന് ട്രംപിന്റെ നിലപാട് മാറ്റാനുള്ള കരുത്തുണ്ടായിരുന്നു. ഒട്ടേറെ കുഞ്ഞുങ്ങളുെട പേടിച്ച മുഖങ്ങളുടെ അന്തിമഫലമാണ് ഇൗ പുതിയ നിയമം. 

ഐലാന്‍ കുര്‍ദ്ദി. എന്ന പേര് അത്രപ്പെട്ടെന്ന് ലോകത്തിന്റെ ചിത്രങ്ങളില്‍ നിന്നും മായില്ല. അത്രത്തോളം ആഴത്തില്‍ ആ തിരകള്‍ അവനെ ചേര്‍ത്ത്പിടിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ലോകത്തിന്റെ കണ്ണീരായത് ഇൗ കുഞ്ഞാണ്. ഇവളുടെ വിങ്ങിപ്പൊട്ടിയുള്ള മുഖം ക്യാമറയ്ക്ക് പിന്നാലെ ലോകത്തിന്റെ നെഞ്ചിലും ആഴത്തില്‍ പതിഞ്ഞു.  വന്‍പ്രതിഷേധത്തിനും ഇൗ ചിത്രം വഴിവെച്ചു. ഒടുവില്‍ അത് ട്രംപ് ഭരണകൂടത്തിന്റെ മനസ്സുമാറ്റി. യുഎസ്-മെക്സിക്കോ അതിർത്തിയിലാണ് ഈ അമ്മയും മകളും നിൽക്കുന്നത്. ഹോണ്ടുറാസിൽ‌ നിന്നുള്ള അഭയാർത്ഥികളായിരുന്നു ഈ അമ്മയും കുഞ്ഞും. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ അമേരിക്കയുടെ ഫെഡറൽ ഏജന്റുമാരുടെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടിവന്നു. കുഞ്ഞിനെ താഴെ നിർത്താൻ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടതിനനുസരിച്ച് ആ അമ്മ അത് അനുസരിച്ചു. മതിയായ രേഖകളില്ലാത്ത അതിർത്തിയിലെത്തുന്ന അഭയാർത്ഥികളോട് കടുത്ത നടപടി സ്വീകരിക്കാൻ വേണ്ടിയായിരുന്നു ഇൗ സുരക്ഷാ പരിശോധന. ഒടുവില്‍ പേടിച്ചുപോയ കുഞ്ഞ് അമ്മയെ നോക്കി വിങ്ങിപ്പൊട്ടുന്ന ചിത്രമാണ് ലോകം ഏറ്റെടുത്തത്.

ഫോട്ടോ​ഗ്രാഫറായ ജോൺ മൂറാണ് ഈ ചിത്രം ക്യാമറയിലാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിച്ചതോടെ വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു.  ഒരച്ഛനെന്ന നിലയിൽ ഈ ഫോട്ടോയെടുക്കുക എന്നത് തന്നെ സംബന്ധിച്ച് വളരെ വേദനാജനകമായിരുന്നു എന്നാണ് ജോൺ മൂറിന്റെ വാക്കുകൾ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ച് ഫോട്ടോയുടെ തലക്കെട്ടായി മൂർ ഇങ്ങനെയാണ് എഴുതിച്ചേർത്തത്. -ഒരു പരമ്പരയിലെ ഒരെണ്ണം മാത്രമാണിത്.- പത്ത് വർഷമായി അഭയാർത്ഥികളുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോ​ഗ്രാഫറാണ് മൂർ. 

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭയാർത്ഥി വിരുദ്ധ മനോഭാവത്തിന്റെ അടയാളമായി ഇൗ ചിത്രം വിലയിരുത്തപ്പെട്ടു. അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ മതിയായ രേഖകളില്ലാതെ എത്തുന്ന അഭയാർത്ഥി കുടുംബങ്ങളിലെ കുഞ്ഞുങ്ങളെ മാതാപിതാക്കളിൽ‌ നിന്ന് വേർപിരിക്കുക എന്ന നയമാണ് ട്രംപ് ​​ഗവൺമെന്റ് ഇതുവരെ സ്വീകരിച്ചിരുന്നത്.  രണ്ടായിരം കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞത്. ഏപ്രിൽ മെയ് മാസങ്ങളിലായി ആറാഴ്ചകൾക്കുള്ളിൽ 1940 മാതാപിതാക്കളിൽ നിന്ന് വേർപെട്ട് പോയത് 1995 കുഞ്ഞുങ്ങളാണ്. ഇത്തരത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതിനിടയിലാണ് പുതിയ തീരുമാനം ട്രംപ് ഭരണകൂടം സ്വീകരിച്ചത്. 

‘നിയമത്തിന്റെ പേരു പറഞ്ഞ് കുടുംബങ്ങളെ അകറ്റി നിര്‍ത്തുന്നതിനോട് ഹൃദയമുള്ളവര്‍ക്ക് യോജിക്കാന്‍ സാധിക്കില്ല. അത് കാടന്‍ നയമാണ് .മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. അതുകൊണ്ട് ‍‍ഞാന്‍ അത് പൊളിച്ചെഴുതുന്നു. പുതിയ ഉത്തരവ് കുടുംബങ്ങളെ ഒരുമിച്ച് നിര്‍ത്താനാണ്. കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മനസ് മാറിയ ഡോണള്‍ഡ് ട്രംപ് പറഞ്ഞ  വാക്കുകള്‍. അച്ഛനമ്മമാരില്‍ നിന്ന് അകന്ന്് ശിശുസംരക്ഷകേന്ദ്രങ്ങളില്‍ കഴിയുന്ന കുഞ്ഞുങ്ങളുട ദയനീയ ചിത്രങ്ങള്‍ കാണാനിടയായെന്നും ഡോണള്‍ഡ് ഡ്രംപ് പറയുന്നു.ഒപ്പം പ്രഥമ വനിത മെലാനിയാ ട്രംപും മകള്‍ ഇവാങ്ക ട്രംപും കുടിയേറ്റ നയത്തില്‍ മാറ്റം വരുത്താന്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.  വൈസ് പ്രസിഡന്റ് മൈക് പെന്‍സും, ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റിജന്‍ നെല്‍സന്റെയും സാനിധ്യത്തിലാണ് ഉത്തരവില്‍ ഒപ്പുവച്ചത്. പുതിയ ഉത്തരവ് പ്രകാരം അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ഥി കുടുംബങ്ങളെ അറസ്റ്റ് ചെയ്യും. കുട്ടികളെയും അവര്‍ക്കൊപ്പം നിര്‍ത്തും. എന്നാല്‍ പ്രസിഡന്റിന്റെ പുതിയ ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ വേര്‍ത്തിരിച്ച് ശിശു സംരക്ഷണകേന്ദ്രങ്ങവില്‍ പാര്‍പ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ മാതാപിതാക്കളെ തിരിച്ചേല്‍പ്പിക്കേണ്ട ജോലിയുമുണ്ട്. 

MORE IN WORLD
SHOW MORE