അമ്മയ്ക്കും കുഞ്ഞിനുമിടയില്‍ ട്രംപ് മതില്‍

mexico-children
SHARE

മനുഷ്യാവകാശ സംരക്ഷകരെന്ന പേരിന് തങ്ങള്‍ യോഗ്യരല്ല എന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണ് ട്രംപ് അമേരിക്ക. ഏറ്റവും ഹീനമായ മനുഷ്യാവകാശലംഘനം,കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് ബലമായി വേര്‍പിരിക്കുകയാണ് യുഎസ് സര്‍ക്കാര്‍. നിയമവിരുദ്ധകുടിയേറ്റം തടയാനെന്ന പേരില്‍ നടപ്പാക്കുന്ന ഈ ക്രൂരത ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. പക്ഷെ മെക്സിക്കന്‍ അതിര്‍ത്തിയില്‍ സര്‍ക്കാര്‍ ബലമായി പിടിച്ചെടുത്ത രണ്ടായിരം കുഞ്ഞുങ്ങളാണ് പുനരധിവാസകേന്ദ്രങ്ങളില്‍ അമ്മയെ കാണാഞ്ഞ് കരഞ്ഞുതളര്‍ന്ന് കഴിയുന്നത്. അമേരിക്കന്‍ നിയമം നടപ്പാക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍   ജെഫ് സെഷന്‍സ്   പറയുന്നത്. പക്ഷേ മുലയൂട്ടുന്ന അമ്മയില്‍ നിന്ന് കുഞ്ഞിനെ പറിച്ചു മാറ്റാന്‍, അച്ഛന്‍റെ തോളിലുറങ്ങുന്ന മൂന്നുവയസുകാരനെ പിടിച്ചുപറിച്ചുകൊണ്ടുപോകാന്‍ ഏത് നിയമമാണ് പറയുന്നതെന്ന് ചോദിക്കുന്നത് രാജ്യത്തെ നിയമനിര്‍മാണസഭാംഗങ്ങള്‍ തന്നെയാണ് .

ഏപ്രില്‍ പകുതിയോടെ തുടങ്ങിയ കര്‍ശനമായ നിയമം നടപ്പാക്കലില്‍ രണ്ടായിരത്തിലധികം കുഞ്ഞുങ്ങവ്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ടു. നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കാണ് ഈ ദുര്യോഗം. പിടികൂടുന്ന കുടുംബങ്ങളില്‍ നിന്ന് 24  മണിക്കൂറിനകം കുഞ്ഞുങ്ങളെ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്ന അതിര്‍ത്തിരക്ഷാ സേന മാതാപിതാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. നൂറുകണക്കിന് കൂട്ടവിചാരണകളാണ് അതിര്‍ത്തിയിലെ കോടതികളില്‍ നടക്കുന്നതെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു. കുഞ്ഞുങ്ങവെ നഷ്ടമായ അമ്മമാരുടെ ഭാഗം കേള്‍ക്കാന്‍പോലും ന്യായാധിപരും തയാറല്ല. അനധികൃതകുടിയേറ്റത്തോട് അസഹിഷ്ണുതയാണ് ട്രംപ് സര്‍ക്കാരിന്‍റെ നയം. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടുമെന്ന് മുമ്പേ പറഞ്ഞ പ്രസിഡന്‍റ് ഇത്രഹീനമായ നയരൂപീകരണത്തിന് തയാറാവുമെന്ന് ആരും കരുതിയില്ല

അല്ല പ്രസിഡന്‍റ് , താങ്കള്‍ക്ക് തെറ്റി . മുന്‍ ഭരണാധികാരികളെ കുറ്റംപറഞ്ഞ് തലയൂരാന്‍ കഴിയില്ല ഡോണള്‍ഡ് ട്രംപിന്. ബറാക് ഒബാമയുടെ ഭരണകാലത്തും അനധികൃത കുടിയേറ്റം തടയാന്‍ നടപടികളെടുത്തിരുന്നു എന്നത് ശരിയാണ്.  പക്ഷേ കുഞ്ഞുങ്ങളുമായി വരുന്നവരെ കഴിയുന്നത്ര നിയമനടപടികളില്‍ നിന്ന ഒഴിവാക്കിയിരുന്നു മുന്‍സര്‍ക്കാര്‍ മാത്രവുമല്ല  കുടിയേറ്റം തടയാന്‍ കുഞ്ഞുങ്ങളെ വേര്‍പിരിക്കണമെന്ന് ചട്ടങ്ങളിലെവിടെയും പറയുന്നുമില്ല. ഏതായാലും സമാനതകളില്ലാത്ത മനുഷ്യാവകാശലംഘനങ്ങളാണ് ഇല്ലാത്ത നിയമത്തിന്‍റെ പേരില്‍ അതിര്‍ത്തിയില്‍ നടപ്പാക്കുന്നത്. മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിയുന്ന കുഞ്ഞുങ്ങളില്‍ നല്ല ശതമാനവും കടുത്ത മാനസികസമ്മര്‍ദത്തിലാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിര്‍ത്തിപട്ടണങ്ങളിലെ ശിശുസംരക്ഷണകേന്ദ്രങ്ങളില്‍ കുഞ്ഞുങ്ങളെ കുത്തിനിറയ്ക്കുകയാണ് സര്‍ക്കാര്‍. പലപ്പോഴും കുഞ്ഞുങ്ങളെ മാറ്റുകയാണെന്ന വിവരം മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ പോലും തയാറാകുന്നില്ല. കോടതിയില്‍ ഹാജരായി മടങ്ങിയെത്തുന്ന മാതാപിതാക്കള്‍ മക്കളെ കാണാഞ്ഞ് പരിഭ്രാന്തരായി നടക്കുന്നതും പതിവുകാഴ്ച.

അനധികൃത കുടിയേറ്റം എല്ലാ പ്രസിഡന്ഡറുമാര്‍ക്കും തലവേദനയായിരുന്നു.  മുതിര്‍ന്നവര്‍ക്ക്  അതിര്‍ത്തികടക്കാന്‍ കുഞ്ഞുങ്ങളെ ആദ്യം കടത്തിവിടുന്ന രീതി സര്‍ക്കാരുകള്‍ക്ക് മുമ്പും ബോധ്യമുണ്ടായിരുന്നു.  ടെക്സ്സസ് ഗവര്‍ണറായിരുന്ന ജോര്‍ജ് ഡബ്യു ബുഷിനായിരുന്നു കുടിയേറ്റക്കാരുണ്ടാക്കുന്ന കുഴപ്പങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നത്. നിയമവിരുദ്ധകുടിയേറ്റത്തോട് അസഹിഷ്ണുത എന്നതുതന്നെയായിരുന്നു അദ്ദേഹത്തിന്‍റെയും നയം. 2005ല്‍ ബുഷ് നടപ്പാക്കിയ ഒാപ്പറേഷന്‍ സ്ട്രീംലൈന്‍ അനധികൃത കുടിയേറ്റക്കാരെ കര്‍ശനക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാക്കുകയും മടക്കി അയക്കുകയും ചെയ്തു. പക്ഷേ അന്നും ശിശുക്കളുമായെത്തുന്നവരെയും രോഗികളായ കുഞ്ഞുങ്ങളുള്ളവരെയും നടപടികള്ില്‍ നിന്ന് ഒഴിവാക്കാന്‍ ഭരണകൂടം ശ്രദ്ധിച്ചു. 

ഒബാമ ഭരണകാലത്തു്  ആയിരക്കണക്കിന് അനധികൃതകുടിയേറ്റക്കാരാണ് ഇങ്ങനെ വന്നുകൊണ്ടിരുന്നത്. പലതവണ വൈറ്റ്ഹൗസിലെ സിറ്റ്്വേഷഃ്‍ റൂമില്‍ ഇക്കാര്യം ചര്‍ച്ചയായി. കുഞ്ഞുങ്ങളെ പിടിച്ചെടുക്കുക എന്നത് യാഥാസ്ഥിതികര്‍ അന്നും മുന്നോട്ടുവച്ച ആശയമാണ്. പക്ഷേ ജോര്‍ജ് ഡബ്ലു ബുഷും ബറാക്‍ ഒബാമയും അടക്കമുള്ള രാഷ്ട്രത്തലവന്‍മാര്‍ ആ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കാന്‍ തയാറായില്ല. പകരം കുടുംബത്തെയൊന്നിച്ച് താല്‍ക്കാലിക ജയിലുകളില്‍ പാര്‍പ്പിക്കുകയാണ് അവര്‍ ചെയ്തത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മടക്കി അയക്കുവരെ മാതാപിതക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒന്നിച്ചുകഴിയാന്‍ സാഹചര്യമൊരുക്കി. കുട്ടികളെ കഴിവതും വേഗം വിട്ടയയ്ക്കണമെന്നു കോടതി വിധിയുമുണ്ട്. ഇംഗ്ലീഷ് ഭാഷ വശമില്ലാത്തവര്‍ക്ക് അവരവരുടെ പ്രാദേശികഭാഷയില്‍ അനധികൃത കുടിയേറ്റത്തിുന്‍റെ ഭവിഷ്യത്തുകള്‍ വിവരിച്ചുകൊടുത്തു. അഭയാര്‍ഥികളുടെ മാതൃരാജ്യങ്ങളുമായി നിരന്തരം ചര്‍ച്ച നടത്തി. ഇതിലൂടെയൊന്നും അനധികൃത കുടിയേറ്റക്കാരുടെ വരവ് പൂര്‍ണമായും തടയാനായില്ല എന്നത് വസ്തുതയാണ്. പക്ഷേ കര്‍ശനമായ നിയമംനടപ്പാക്കലിനപ്പുറം മനുഷ്യാവകാശസംരക്ഷണം എന്ന പരമ്പരാഗത അമേരിക്കന്‍ രീതിയിലൂന്നിയായിരുന്നു അന്നെല്ലാം   വാഷിങ്ടണ്‍ പ്രവര്‍ത്തിച്ചത്. 

തിരഞ്ഞെടുപ്പുപ്രചാരണത്തില്‌ തന്നെ കുടിയേറ്റവിരോധം ഉൗന്നിപ്പറഞ്ഞഡോണള്‍ഡ് ട്രംപിന് കുഞ്ഞുങ്ങളെ പിരിക്കുക എന്ന നിര്‍ദേശം വളരെപ്പെട്ടന്ന് സ്വീകാര്യമായി. അതിര്‍ത്തിയില്‍ മതില്‍കെട്ടുമെന്ന് പറഞ്ഞ ട്രംപ് അമ്മയ്ക്കും കുഞ്ഞിനുമിടയിലാവും ആ മതില്‍ പണിതുയര്‍ത്തുക എന്ന് ആരും കരുതിയില്ല. നാസി ജര്‍മനിയാവും ഈ ക്രൂരത മുമ്പ് നടപ്പാക്കിയിട്ടുള്ളതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.  ട്രംപിനെ എല്ലാക്കാലത്തും പിന്തുണച്ചിട്ടുള്ള  ഇവാഞ്ചലിക്കല്‍ സഭാംഗങ്ങളും എന്തിന് പ്രഥമവനിത മെലാനിയ ട്രംപ്് പോലും ഈ മനുഷ്യാവകാശലംഘനത്തെ തള്ളിപ്പറയുന്നു. 

ഡെമോക്രാറ്റുകള്‍ മാത്രമല്ല ട്രംപിന്‍റെ പാര്‍ട്ടിക്കാരും പുതിയ കുടിയേറ്റനയത്തിനെതിരെ തിരിഞ്ഞതോടെ ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്താനാണ്  പ്രസിഡന്‍റിന്‍റെ ശ്രമം. ആഭ്യന്തരസുരക്ഷാ  സെക്രട്ടറി കിര്‍സ്റ്റ്യനന്‍ നീല്‍സണ്‍ പ്രസിഡന്‍റുമായി വാക്കേറ്റത്തെിലേര്‍പ്പെടുന്നിടംവരെയെത്തി കാര്യങ്ങള്‍. നീല്‍സണ്‍ രാജിഭീഷണി മുഴക്കിയെന്നാണ് സൂചന. കുടിയേറ്റത്തോട് അസഹിഷ്ണുത എന്നല്ല മനുഷ്യത്വത്തോട് അസഹിഷ്ണുനത എന്നാണ് ഈ നയത്തെ വിശേഷിപ്പിക്കേണ്ടത്.

ഡോണള്‍ഡ് ട്രംപിന്‍റെ കുടിയേറ്റവിരോധം ഇതാദ്യമായല്ല പുറത്തുവരുന്നത്. അധികാരത്തിലേറിയതുമുതല്‍ കുടിയേറ്റക്കെത ഉപദ്രവിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് ട്രംപ്. പക്ഷേ അദ്ദേഹവും  ഉപദേശകരും   ഒന്നോര്‍ക്കണം. ജന്മനാട്ടിലെ കൊടുംപീഡനങ്ങളില്‍ നിന്നും പട്ടിണിയില്‍ നിന്നും രക്ഷപെട്ടോടുന്നവരാണ് അഭയം തേടി അമേരിക്കയില്‍ വരുന്നത്. പരമ്പരാഗത ക്രിസ്ത്യന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് അവകാശപ്പെടുന്ന, ജറൂസലേമിനായി വാദിക്കുന്ന ട്രംപ് അഗതികള്‍ക്ക് ആശ്രമയാവണമെന്ന ക്രിസ്തുപാഠം മറക്കുന്നു. അമേരിക്കന്‍ ദേശീയത ആവര്‍ത്തിക്കുന്ന ട്രംപ്, ആ രാജ്യം ലോകത്തിന്‍റെ നെരുകയിലെത്തിയതിന്‍റെ കാരണങ്ങളിലൊന്ന് മനുഷ്യാവകാശസംരക്ഷണത്തിലെ വിട്ടുവീഴ്ചയില്ലായ്മയാണെന്നതും മറന്നുകൂട. 

രാജ്യം ഭരിക്കുന്നവര്‍ക്ക് ഹൃദയമുണ്ടാവണം. ഡോണള്‍ഡ് ട്രംപിനെ ഇങ്ങനെ ഒാര്‍മിപ്പിക്കുന്നത് പ്രഥമവനിത മെലാനിയ ട്രംപാണ്.  പക്ഷേ കുടിയേറ്റക്കാരോട് ഹൃദയശൂന്യമായ നിലപാടാണ് മെലാനിയയുടെ ഭര്‍ത്താവ്‍ എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. 'ചില കുടിയേറ്റക്കാരെ മനുഷ്യരെന്നു വിളിക്കാൻ വയ്യ, അവർ മൃഗങ്ങളാണ്' എന്നാണ് പോയമാസം പ്രസിഡന്‍റ് പറഞ്ഞത്.  സിറിയ, ഇറാൻ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്കും അഭയാർഥികൾക്കും 90 ദിവസത്തെ യാത്രാവിലക്കും കുടിയേറ്റ നിയന്ത്രണവും ഏര്‍പ്പെടുത്തിയതായിരുന്നു തുടക്കം.   മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍കെട്ടലായിരുന്നു മറ്റൊരു  തുറുപ്പുചീട്ട്. ലഹരികടത്തുകാരെയും ക്രിമിനലുകളെയും തടയുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്‍റ് ആവര്‍ത്തിച്ചു.. ഇന്ത്യൻ ടെക്കികളുടെ ഏറ്റവും വലിയ തുറുപ്പുചീട്ടായിരുന്ന എച്ച്1ബി വീസയ്ക്കു നിയന്ത്രണം പരിഗണിക്കുന്നുവെന്ന വാര്‍ത്തയുമായാണ് പുതുവര്‍ഷം പിറന്നത്. വൈദഗ്ധ്യം, നൈപുണ്യം, ഇംഗ്ലിഷ് സംസാരിക്കാനുള്ള അറിവ് എന്നിവയില്ലെങ്കില്‍ പടിക്കകത്തുകയറ്റില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞതോടെ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അത്താഴപ്പട്ടിണികാകരുടെ വഴിമുടക്കുമെന്ന് ഉറപ്പായി. 

കുട്ടികളായിരിക്കേ യുഎസിലേക്കു രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെ തൊഴിൽ വീസയിൽ രാജ്യത്തു തുടരാൻ അനുവദിക്കുന്ന നിയമം  റദ്ദാക്കലായിരുന്നു അടുത്ത നടപടി. എല്ലാ നീക്കങ്ങള്‍ക്കും അമേരിക്കന്‍ പൊതുസമൂഹത്തില്‍ നിന്നുതന്നെ കടുത്തഎതിര്‍പ്പും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.  പക്ഷേ ഇതിനെയെല്ലാം കവച്ചുവയ്ക്കുന്നതാണ് കുഞ്ഞുങ്ങളെ വേര്‍പിരിക്കുന്ന പുതിയ നയം. എന്തുകൊണ്ട് പതിനായിരക്കണത്തിന് മനുഷ്യര്‍ ഈ വെല്ലുവിളികള്‍ നേരിടാന്‍ തയാറായി അമേരിക്കയുടെ വാതിലില്‍ മുട്ടുന്നു എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ട്രംപ് പറയും പോലെ ലഹരികടത്തുകാരനും കൊള്ളക്കാരനും സ്ത്രീപീഡകനും മാത്രമാണോ മെക്സിക്കന്‍ അതിര്‍ത്തിയില്‍ കാത്തുകിടക്കുന്നത്? ഒരിക്കലുമല്ല,മധ്യ അമേരിക്കയിലെ കൊടുംപട്ടിണിയും കലാപങ്ങളുമാണ് അവിടെ നിന്ന് കുട്ടികളുമായി അമ്മമാർ പ്രവഹിക്കാൻ കാരണം.  മോഷണം, പണത്തിനു വേണ്ടിയുള്ള കൊലപാതകം, മാനഭംഗം തുടങ്ങിയവ കൊണ്ടു പൊറുതിമുട്ടിയ ഹോണ്ടുറാസാണ് അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന ഒരു രാജ്യം. 

സ്വന്തം മക്കള്‍ ക്രിമിനല്‍ സംഘത്തിന്‍റെ ഭാഗമാകുന്നത് ഒഴിവാക്കാനാണ് ചെറുപ്രായത്തിലെ അവരെയുമെടുത്ത് മാതാപിതാക്കള്‍ നാടുവിടുന്നത്. പട്ടിണിയും തൊഴിലില്ലായ്‌മയുമാണ് മറ്റുകാരണങ്ങള്‍. മധ്യ അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യങ്ങളിലൊന്നായ എൽ സാൽവദോറില്‍ നിന്നാണ് മറ്റൊരു കൂട്ടരെത്തുന്നത്.  ലഹരികടത്തുസംഘങ്ങളുടെ കേന്ദ്രമാണ് ഈ ചെറുരാജ്യത്ത് നിയമവാഴ്ച പേരിനുപോലുമില്ല. ട്രംപ് പ്രസിഡന്റായ ശേഷം യുഎസ് സംരക്ഷണം അവസാനിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് എൽ സാൽവദോർ. 1980 മുതൽ യുഎസിൽ കഴിയുന്നവർ ഇക്കൂട്ടത്തിലുണ്ട്. ആഭ്യന്തരയുദ്ധം, അക്രമം, ഭൂചലനം, ദാരിദ്ര്യം എന്നിവ മൂലം മെക്സിക്കോ വഴി അനധികൃതമായി യുഎസിൽ കടന്നവരാണ് ഇവരിലേറെയും. രാഷ്ട്രത്തലവനെന്ന നിലയില്‍ സ്വന്തം പൗരന്‍മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഡോണള്‍ഡ് ട്രംപിനുണ്ട്. പക്ഷേ ഒരു ദരിദ്രരാജ്യത്ത് ജനിച്ചുപോയെന്ന കാരണത്താല്‍ നിരപരാധികളായ കുഞ്ഞുങ്ങളെ ശിക്ഷിക്കാന്‍ അദ്ദേഹത്തിന് അവകാശമില്ല.  ബാലാവകാശസംരക്ഷണത്തില്‍ രാജ്യാന്തരകണ്‍വന്‍ഷനുകളുടെ ഭാഗമാകാത്ത രാജ്യമാണ് അമേരിക്ക. ഏഷ്യയിലെയും മധ്യപൂര്‍വദേശത്തെയും ഏകാധിപത്യരാജ്യങ്ങളില്‍ മനുഷ്യാവകാശസംരക്ഷണത്തിനിറങ്ങാന്‍ തങ്ങള്‍ക്ക് എന്ത് യോഗ്യതയുണ്ടെന്ന് വാഷിങ്ടണ്‍ ആത്മവിചിന്തനം നടത്തേണ്ടിയിരിക്കുന്നു. 

MORE IN WORLD
SHOW MORE