കയ്യാലപ്പുറത്തെ തേങ്ങപോലെയൊരു കണ്ടുമുട്ടല്‍

trump-un
SHARE

ഏറെ കൊട്ടിഘോഷിച്ച ഡോണള്‍ഡ് ട്രംപ് കിം ജോങ് ഉന്‍ കൂടിക്കാഴ്ച കയ്യാലപ്പുറത്തെ തേങ്ങ പോലെയായി. നടക്കാനും നടക്കാതിരിക്കാനും സാധ്യത. സിംഗപൂരില്‍ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. പക്ഷേ ഇതിനിടയിലാണ് കിമ്മുമായി സംസാരത്തിന് താനില്ലെന്ന് പറഞ്ഞ പ്രസിഡന്‍റ് ട്രംപ് പ്യോങ്്യാങ്ങിനെ മാത്രമല്ല, ലോകത്തെയാകെ ഞെട്ടിച്ചത്. രണ്ടു ദിവസത്തിന് ശേഷം ആ പറഞ്ഞതും അദ്ദേഹം വിഴുങ്ങി.

കടുത്ത ശത്രുതയും വിദ്വേഷവും താങ്കളുടെ ഒടുവിലത്തെ പ്രസ്താവനയിലും പ്രതിഫലിച്ചിരുന്നു. അതിനാൽ നേരത്തേ പദ്ധതിയിട്ട കൂടിക്കാഴ്ചയ്ക്ക് ഇത് ഉചിതമായ സമയമല്ല', പ്രസിഡന്‍റ് ട്രംപിന്‍റെ കത്ത് കിം ജോങ് ഉന്നിന്‍റെ കരണത്തേറ്റ അടിയായിരുന്നു. ട്രംപിനെ പ്രീതിപ്പെടുത്താനുള്ള പരിപാടികളുമായി ഒാടി നടക്കുമ്പോള്‍ ഇങ്ങനെയൊരുകത്തു കിട്ടിയാല്‍ കിം എന്ത് ചെയ്യും ?ആറു പരീക്ഷണങ്ങൾ നടത്തിയ പങ്ഗ്യേറി ആണവപരീക്ഷണ കേന്ദ്രമടക്കമാണ് സ്ഫോടനത്തിലൂടെ തകർത്തത്.   വിശ്വാസമുറപ്പിക്കാന്‍   തിരഞ്ഞെടുത്ത വിദേശമാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു ആണവനിരായുധീകരണനടപടികളുടെ ഭാഗമായ ആണവപരീക്ഷണകേന്ദ്രം തകർക്കൽ. ദക്ഷിണ കൊറിയ–യുഎസ് സംയുക്ത സൈനിക അഭ്യാസത്തിൽ ഉത്തരകൊറിയ അതൃപ്തി അറിയിച്ചതാണ് പ്രസിഡന്‍റ് ട്രംപിനെ പ്രകോപിപ്പിച്ചത്. പക്ഷെ സംയുക്ത സൈനികാഭ്യാസത്തോട് എല്ലാക്കാലത്തും പ്യോങ്്യാങ് ഇങ്ങനെ തന്നെയാണ് പ്രതികരിച്ചിട്ടുള്ളത്.  അതിന്‍റെ പേരില്‍ ചര്‍ച്ചക്കില്ലെന്ന പ്രസിഡന്‍റിന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ നയതന്ത്രസംഘത്തിന്‍റെ ദൗര്‍ബല്യം ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ഭൂമിക്കച്ചവടം പോലെയല്ല നയതന്ത്രമെന്ന് അദ്ദേഹത്തെ ആരും ഒാര്‍മിപ്പിച്ചില്ലേയെന്ന് ലോകം പരിഹസിച്ചു. ഇറാന്‍ ആണവകരാറില്‍ നിന്നുള്ള പിന്‍മാറ്റത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ പ്രഖ്യാപനമെന്നതും സമാധാനകാംഷികളെ അസ്വസ്ഥരാക്കി. 

പക്ഷേ പ്രകോപിതനാവാതെയായാിരുന്നു കിം ജോങ് ഉന്നിന്‍റെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് എപ്പോള്‍ വേണമെങ്കിലും തയാറാണെന്ന് പറഞ്ഞ അദ്ദേഹം വീണ്ടും അതിര്‍ത്തിയിലെത്തി ദക്ഷിണകൊറിയന്‍ പ്രസി‍ഡന്‍റ് മൂണ്‍ ജെ ിന്നിനെ കണ്ടു. നയതന്ത്രത്തില്‍ കിം കാണിച്ച പക്വത വാഷിങ്ടണ് ഒരു പാഠമായിരുന്നു.എന്തായാലും ദിവസങ്ങള്‍ക്കുള്ളില്‍ പ്രസിഡന്‍റ്  ട്രംപ് നിലപാട് മാറ്റി. വാഷിങ്ടണില്‍ നിന്ന് ഒരുസംഘം ഉച്ചകോടിയുടെ വേദിയായ സിംഗപൂരിലേക്കും മറ്റൊരു സംഘം കൊറിയകളുടെ അതിര്‍ത്തിയായ പാന്‍മുന്‍ജുമിലേക്കും പറന്നു. പക്ഷേ ഉച്ചകോടിയെ വാഷിങ്ടണ്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് ? മികച്ച സാമ്പത്തിക ശക്തിയായി വളരാനുള്ള കരുത്ത് ഉത്തരകൊറിയക്കുണ്ടെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ തകർക്കുന്ന രാജ്യാന്തര ഉപരോധങ്ങളിൽനിന്നു തലയൂരുക എന്ന ലക്ഷ്യം മാത്രമാണ് കിമ്മിന്‍റെ വരവിന് പിന്നിലെന്നാണ് പ്രസിഡന്‍റ് ഇപ്പോഴും കരുതുന്നത്. അതായത് ഉത്തരകൊറിയക്ക് അമേരിക്കയുടെ ഒൗദാര്യം. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോയും ഇതു തന്നെയാണ് പറയുന്നത്. ആണവനിരായുധീകരണം സാധ്യമായാല്‍ അമേരിക്കന്‍ കമ്പനികള്‍ ഉത്തരകൊറിയയില്‍ വന്‍ നിക്ഷേപം നടത്തുമെന്നാണ് പൊെപയോയുടെ വാക്ക്. 

പക്ഷേ ഉപരോധം നീക്കല്‍ മാത്രമല്ല, രാജ്യാന്തര അംഗീകാരം എന്ന വലിയ ലക്ഷ്യവും കിം ജോങ് ഉന്‍ എന്ന ചെറുപ്പക്കാരനുണ്ട്. ആജന്മശത്രുവായ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്കെത്തുന്ന കിമ്മിന് ഏകാധിപതിയുടെ ക്രൂരമുഖം മാറി പക്വതയുള്ള രാഷ്ട്രത്തലവന്‍റെ പദവി സമ്മാനിക്കും ലോകം. പ്യോങ്്യാങ്ങിനെ സംശയത്തോടയും ഭയത്തോടെയും മാത്രം കാണുന്നവര്‍ മാറ്റി ചിന്തിക്കും. സിംഗപൂരിലെത്തുന്ന കിം മാധ്യമങ്ങളുടെ ഒാമനയാകും എന്നതിലും സംശയമില്ല. ഡോണള്‍ഡ് ട്രംപിനെ കൃത്യമായി മനസിലാക്കിത്തന്നെയായിരുന്നു ഉത്തരകൊറിയയുടെ  നീക്കങ്ങള്‍ . മിസൈല്‍ അയച്ച് പ്രകോപിപ്പിച്ച് ആദ്യമെ ട്രംപിന്‍റെ ശ്രദ്ധപിടിച്ചുപറ്റി. അമേരിക്കന്‍ പൗരനെ തല്ലിക്കൊന്നു. വൃത്തികെട്ട കിളവനെന്ന് വിളിച്ച് എരിതീയില്‍ എണ്ണയൊഴിച്ചു.    പ്രകോപനത്തിന്‍റെ പാരമ്യത്തില്‍   നാടകീയമായി ശൈത്യകാല ഒളിംപിക്സിലേക്ക് വന്നു. ചര്‍ച്ചകള്‍ക്കുള്ള സാധ്യത തുറന്നിട്ടു. ട്രംപ് സാമ്പത്തികയുദ്ധം പ്രഖ്യാപിച്ച ചൈനയെയും ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമാക്കാന്‍ കിം ജോങ് ഉന്നിന് കഴിഞ്ഞു. ഒടുവില്‍ ട്രംപിന്‍റെ വിദേശകാര്യസെക്രട്ടറി നേരിട്ട് പ്യോങ്്്യാങ്ങിലെത്തി റോക്കറ്റ് മനുഷ്യന് കൈകൊടുക്കുന്നതും ലോകം കണ്ടു. പക്ഷെ ഇതൊക്കെയാണെങ്കിലും ഡോണള്‍ഡ് ട്രംപ് പ്രവചനാതീതനാണ്. സിംഗപൂരിലെത്തുന്ന ട്രംപിന്‍റെ മുഖം എങ്ങനെ വേണമെങ്കിലും മാറാം. 

ഉത്തരകൊറിയയുടെ സമ്പൂര്‍ണ ആണവനിരായുധീകരണം എന്നതാവും ഉച്ചകോടിയില്‍ ഡോണള്‍ട് ട്രംപ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. പക്ഷേ അത് അത്ര എളുപ്പത്തില്‍ സാധ്യമാവുന്ന ഒന്നല്ല.ഏഷ്യന്‍ വന്‍കരയില്‍ നിന്ന് അങ്ങ് യുഎസിൽ വരെയെത്താൻ ശേഷിയുള്ള ആണവ മിസൈൽ ശേഖരമാണ് ഇല്ലതാക്കേണ്ടത്. ഘട്ടംഘട്ടമായുള്ള ആണവനിരായുധീകരണം എന്നതിനോട് ട്രംപ് യോജിച്ചില്ലെങ്കില്‍ സിംഗപൂര്‍ ചര്‍ച്ചകള്‍ പാഴാവും. സമ്പൂര്‍ണ ആളനിരായുധീകരണത്തിന് ശേഷമെ ഉപരോധങ്ങള്‍ നീക്കൂ എന്നത് പ്യോങ്്യാങ്ങിന് നഷ്ടക്കച്ചവടമാണ്.

ഈ തകര്‍ക്കപ്പെട്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. വടക്കുകിഴക്കൻ മേഖലയിൽ പർവതം തുരന്ന് മൂന്നു തുരങ്കങ്ങൾ തീർത്താണു പങ്ഗ്യേറിയിലെ ഈ പരീക്ഷണകേന്ദ്രം സ്ഥാപിച്ചിരുന്നത്. ഒൻപതു മണിക്കൂറോളം നീണ്ട സ്ഫോടനങ്ങൾക്കൊടുവിലാണ് ആണവകേന്ദ്രം ഇല്ലാതാക്കിയത്. റേഡിയോ ആക്ടീവ് വികിരണങ്ങൾ പുറത്തുവന്നിട്ടില്ലെന്ന് ഉറപ്പാക്കി.. ഇത്തരത്തില്‍ഡസന്‍കണക്കിന് പരീക്ഷണസ്ഥലങ്ങളും നൂറുകണക്കിന് പരീക്ഷണശാലകളും ആയിരക്കണക്കിന് ശാസ്ത്രജ്ഞരുമായി വലിയൊരു ലോകമാണ് ഉത്തരകൊറിയയുടെ ആണവപദ്ധതി. ഇത് കേവലം ബോംബുണ്ടാക്കല്‍ മാത്രമല്ല. യുറേനിയം സമ്പൂഷ്ടീകരണം പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ട്രംപ് ഭരണകൂടം രാജ്യത്തെ സുപ്രധാനനഗരങ്ങള്‍ക്ക് പിന്നീട് എങ്ങനെ വൈദ്യുതി ലഭ്യമാകും എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ആറ്റമിക് എനര്‍ജി ഉണ്ടാക്കാന്‍ അനുമതി നല്‌കിയതിന്‍റെ പേരില്‍ ഇറാന്‍ ആണവകരാറില്‍ നിന്ന് പിന്‍മാറിയ ഡോണള്‍ഡ് ട്രംപ് ഉത്തരകൊറിയയുടെ പ്രായോഗികപ്രശ്നങ്ങള്‍ മനസിലാക്കുമോയെന്ന് സംശയമാണ്.  

അതുപോലയാണ് റോക്കറ്റ് സാങ്കേതികവിദഗ്ധര്‍. മിസൈല്‍ സാങ്കേതികവിദ്യയില്‍ വൈദഗ്ധ്യം നേടിയ വലിയ സംഘം തന്നെ ഉത്തരകൊറിയയിലുണ്ട്. ഇവരുടെ സേവനം ഏതു തരത്തിലാണ് സമാധാനപാതയില്‍ ഉപയോഗിക്കാന്‍ കഴിയുക ?കാലങ്ങളുടെ പ്രയ്തനത്തില്‍ വികസിപ്പിച്ചെടുത്ത മിസൈലുകളും മറ്റും ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ഏത് രാജ്യം തയാറാവും ?മൂന്ന് ഘട്ടമായെ ഉത്തരകൊറിയന്‍ ഭീഷണി അവസാനിപ്പിക്കാനാവൂ. ഒന്ന് സൈനിക, വ്യാവസായിക മേഖലകളിലെ ആണവപദ്ധതികള്‍ അവസാവനിപ്പിക്കുക. ഇതിന് ഒരുവര്‍ഷമെങ്കിലും വേണ്ടി വരും. ആണവപരീക്ഷണതുരങ്കങ്ങള്‍ നശിപ്പിക്കുകയാണ്  അടുത്തഘട്ടം.  ആണവായുധപ്രയോഗത്തിന് വികസിപ്പിച്ച  ആയുധങ്ങളും ഉപേക്ഷിക്കണം. ഇത് അഞ്ചുവര്‍ഷമെങ്കിലും വേണഅടി വരുന്ന പ്രക്രിയയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമാണ് അണ്വായുധനിര്‍മാണ ഫാക്ടറികള്‍ പൂര്‍ണമായും അടയ്ക്കുക എന്നത്. ഇതിന് കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും വേണ്ടി വരും. റേഡിയോ ആക്ടീവ് മറ്റീരിയല്‍സ് സൂക്ഷിച്ചിരിക്കുന്ന ഒരു പ്ലാന്‍റ് അടച്ചുപൂട്ടുന്നതു തന്നെ ഏറെ സൂക്ഷ്മതയോടെ ചെയ്യേണ്ട പ്രവര്‍ത്തിയാണ്. പ്രായോഗികമായ ഈ നിര്‍ദേശങ്ങളോട് വാഷിങ്ടണ്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്. 

ഉച്ചകോടിക്ക് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോഴും   സമ്പൂര്‍ണ ആണവനിരായുധീകരണം എന്നതില്‍ വ്യക്തതവരുത്താന്‍ ട്രംപ് ഭരണകൂടത്തിന്  കഴിഞ്ഞിട്ടില്ല. സമ്പൂര്‍ണവും നിരീക്ഷണം സാധ്യമാവുന്നതും വ്യതിചലിക്കാനാവാത്തതുമാവണം ആണവനിരായുധീകരണം എന്നതാണ് നിബന്ധനകളുടെ അടിസ്ഥാനം.  പക്ഷേ പ്രായോഗികത സംബന്ധിച്ച് വൈറ്റ് ഹൗസില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.     ലിബിയയില്‍ ചെയ്തതുപോലെ ടെന്നസിയിലെ പരീക്ഷണശാലയിലേക്ക് ആണവായുധങ്ങള്‍ ഒറ്റയടിക്ക്   മാറ്റണണെന്നാണ് ദേശീയസുരക്ഷാ ഉപദേഷ്ടാവ്‍  ജോണ്‍ ബോള്‍ട്ടന്‍ പറയുന്നത്. എന്നാല്‍ പ്രസിഡന്‍റാവട്ടെ, ഘട്ടംഘട്ടമായി എന്നതിനോട് പരോക്ഷമായ യോജിപ്പ് പ്രകടിപ്പിക്കുന്നു. മാത്രവുമല്ല യുഎസില്‍ നിന്ന് സംഘത്തെ അയക്കുന്നതിനെക്കാള്‍ പദ്ധതിയെക്കുറിച്ച് പൂര്‍ണവിവരമുള്ള  ഉത്തരകൊറിയക്കാര്‍ തന്നെ അണ്വായുധപദ്ധതിക്ക് അന്ത്യം കുറിക്കുന്നതാവും നല്ലതെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുബോള്‍ട്ടന്‍റെ ലിബിയ മാതൃക കിമ്മിന്‍റെ ഉള്ളില്‍ മറ്റൊരു ഭീതി കൂടി ഉണ്ടാക്കിക്കാണണം.

രാജ്യാന്തര സമൂഹത്തിലേക്കു തിരികെ വരാൻ 2003–2004ൽ ലിബിയയിലെ കേണൽ ഗദ്ദാഫി തന്റെ ചെറിയ ആണവപരിപാടി ഉപേക്ഷിച്ചിരുന്നു. അണ്വായുധങ്ങളില്ലാതായ ഗദ്ദാഫിയെ നാറ്റോ സൈന്യത്തിന്റെ പിന്തുണയോടെ സ്ഥാനഭ്രഷ്ടനാക്കി. 2011ൽ ജീവരക്ഷാർഥം  മാലിന്യ പൈപ്പിനുള്ളിൽ  ഒളിച്ച ഗദ്ദാഫിയെ അതിൽനിന്നു പിടികൂടിയാണു വെടിവച്ചു കൊന്നത്.  അമേരിക്ക ചതിക്കില്ലെന്ന വിശ്വാസം കിം ജോങ് ഉന്നിന് ഉണ്ടാവണം , ആണവനിരായുധീകരണം പ്യോങ്്യാങ്ങിനെ കൂടി വിശ്വാസത്തിലെടുത്താവണം.   ഉപരോധങ്ങള്‍ നീക്കാന്‍ സമ്പൂര്‍ണ ആണവനിരായുധീകരണം എന്നത് പ്യോങ്്യാങ് അംഗീകരിക്കാനിടയില്ല.           ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ ധാരണയുണ്ടാക്കാതെയാണ് ഡോണള്‍ഡ് ട്രംപ് സിംഗപൂരിലേക്ക് പറക്കുന്നതെങ്കില്‍ ആ യാത്ര വ്യര്‍ഥമാവും

MORE IN WORLD
SHOW MORE