മഡൂറോയുടെ കൈകളില്‍ മരിക്കുന്ന വെനസ്വേല

lk-nikolas-t
SHARE

ദൈവം വിചാരിച്ചാലും നിക്കൊളാസ് മഡുറോയെ അധികാരത്തിനിന്നു  മാറ്റാൻ സാധിക്കില്ലെന്ന് പറഞ്ഞത് തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായ ഫാൽക്കൺ ആണ്‌. പറഞ്ഞത് പോലെത്തന്നെ നടന്നു.  ജനാധിപത്യത്തെ അട്ടിമറിച്ച് വെനസ്വേലയുടെ ഭരണം നിക്കളാസ് മഡൂറോ നിലനിര്‍ത്തി. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ രാജ്യത്തെ കരയകറ്റാന്‍  ചെറുവിരലനക്കാതിരിന്നിട്ടും മഡുറോയ്ക്ക് ഭരണം പിടിക്കാനായത് വ്യാപക ക്രമക്കേടുകള്‍ നടത്തിയാണ്. 45 ശതമാനം ജനങ്ങള്‍ മാത്രമാണ് വോട്ടു ചെയ്യാനെത്തിയത്. 

വോട്ടെടുപ്പിന്  ഒരു ദിവസമുന്‍പ് ജനങ്ങളുടെ അവസാനവട്ട പ്രതികരണത്തിനായി കാരക്കാസിലെ തെരുവിലറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ കണ്ട കാഴ്ചകള്‍ ഞെട്ടിക്കുന്നതാണ്. ക്യാമറ‌യ്ക്കു മുന്നില്‍ വരുന്നവരെല്ലാം പൊട്ടിത്തെറിക്കുകയാണ്. ദിവസങ്ങളായി ആഹാരം കഴിക്കാത്തവര്‍, കലാപത്തില്‍ കുടുംബവും വീടും നഷ്ടപ്പെട്ടവര്‍, അവശ്യവസ്തുകള്‍ക്കായി കടകള്‍ തോറും കയറി ഇറങ്ങുന്നവര്‍.എല്ലാവരും ഒറ്റസ്വരത്തില്‍ പറയുന്നു രാജ്യത്തിന്റെ അസ്തിവാരം തോണ്ടുന്ന ,ജനങ്ങളോട് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ലാത്ത മഡൂറോയ്ക്ക വോട്ടില്ല. ഇത് കാരക്കാസിലെ മാത്രം കാഴ്ചയല്ല വെനസ്വേലയുടെ മുക്കിലും മൂലയിലും ഇതാണ് അവസ്ഥ. ഒരു രാജ്യത്തും ഒരു ഭരണാധികാരിയും ഇത്രയധികം വെറുക്കപ്പെട്ടുകാണില്ല. എന്നിട്ടും തിരഞ്ഞെടുപ്പ് നടന്ന് ഫലം വന്നപ്പോള്‍ മഡൂറോ ജയിച്ചു. 5.8 മില്യണ്‍ വോട്ടുകള്‍ മഡുറോ നേടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞത്. പ്രതിപക്ഷത്തെ ഏക എതിരാളിയായ ഫാല്‍കണ് ലഭിച്ചത് 1.8 മില്യണ്‍ വോട്ടുകള്‍ മാത്രം.  എതിരാളികള്‍ എന്റെ ശക്തി തിരിച്ചറിഞ്ഞില്ലെന്ന് മഡുറോ ഗീര്‍വാണം മുഴക്കി

പക്ഷെ മഡൂറോയും അനുകൂലികളുമല്ലാതെ മറ്റാരും വെനസ്വേലയില്‍ നടന്നത് ഒരു പൊതു തിരഞ്ഞെടുപ്പാണെന്ന് അംഗീകരിക്കുന്നില്ല.  ജനാധിപത്യത്തിന്റെ കശാപ്പാണ് വെനസ്വേലയില്‍ നടന്നതെന്ന് രാജ്യാന്തരസമൂഹവും പറയുന്നു. ഈ വര്‍ഷം സെപ്റ്റംബറിലാണ് തിരഞ്ഞെടുപ്പ് തിയതി. മഡൂറോയ്ക്കുവേണ്ടി മഡൂറോതന്നെ നിയമിച്ച ഭരണഘടനാ സഭ തിരഞ്ഞെടുപ്പ് തിയതി നേരത്തെയാക്കി. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ റബർ സ്റ്റാംപ് എന്നാക്ഷേപിക്കപ്പെടുന്ന ഭരണഘടനാ നിർമാണ സഭയി ല്‍സ്വന്തം ഭാര്യയെയും മകനെയും ഉൾപ്പെടുത്തിയതിനു പുറമേ, മഡുറോയുടെ അനുകൂലികളെയും കുത്തിനിറച്ചു. . ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടു സഭ രൂപീകരിച്ചതിനെ യുഎസ് അടക്കമുള്ള ഒട്ടേറെ രാജ്യങ്ങൾ അപലപിച്ചിരുന്നു.

പ്രതിപക്ഷ കക്ഷിയായ 'ദ്  ഡെമോക്രാറ്റിക് യൂണിറ്റി റൗണ്ട് ഡേബിളിന് രാജ്യത്തിനകത്തും പുറത്തും പിന്തുണയുണ്ടായിരുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും മേഖലയിലെ 14 രാജ്യങ്ങളും ഈ സഖ്യം അധികാരത്തിലെത്തണം എന്ന് ആഗ്രഹിച്ചു. പക്ഷെ സഖ്യത്തിലെ പ്രമുഖ സ്ഥാനാര്‍ഥികളെപോലും മഡുറോ മല്‍സരത്തില്‍ നിന്ന് വിലക്കി.  ഒടുവില്‍ ഒരു കാലത്ത്  ഹ്യൂഗോ ഷാവേസിന്റെ വിശ്വസ്തനും പിന്നീട് തെറ്റിപിരിഞ്ഞ് പാര്‍ട്ടി വിടുകയും ചെയ്ത ഹെന്‍്റി  ഫാല്‍ക്കണ്‍ മാത്രമാണ് മഡൂറോയ്ക്കെതിരെ മല്‍സരിച്ചത്. സ്വാതന്ത്യ്രം അകലെയായ രാജ്യത്ത് ജനങ്ങളുടെ പ്രതിഷേധത്തിന് പുല്ലുവിലയാണ് ഭരണകൂടം കല്‍പ്പിച്ചത്. എതിര്‍ത്തവരെയെല്ലാം വകവരുത്തിയും ഇല്ലാതാക്കിയുമാണ് മഡുറോ വരുന്ന ആറുവര്‍ഷത്തേക്ക് കൂടി അധികാരം ഉറപ്പിച്ചത്.

തകർന്നടിഞ്ഞ സമ്പത്ത്‌വ്യവസ്ഥ, കലാപം വിട്ടൊഴിയാത്ത തെരുവുകൾ,  പലായനം ചെയ്യുന്ന പൗരന്മാർ, അമേരിക്കയും പാശ്ചാത്യരാജ്യങ്ങളുമായുള്ള അടങ്ങാത്ത ശത്രുത ഇങ്ങനെ വെനസ്വല നേരിടുന്ന പ്രതിസന്ധികള്‍ ഒട്ടനവധിയാണ്. ഇതിലൊന്നിനും പരിഹാരം കാണാന്‍ മഡുറോയ്ക്ക് ആവുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന് താല്‍പര്യവുമില്ല.

ലാറ്റിൻ അമേരിക്കയിലെ സമ്പന്ന രാജ്യമായിരുന്നു ഒരുകാലത്ത് വെനസ്വേല. ഒരിക്കലും വറ്റാത്ത എണ്ണപ്പാടങ്ങൾ രാജ്യത്തേക്കുള്ള പണമൊഴുക്കിന് കാരണമായി. 1999 ഹ്യൂഗോ ഷാവേസ് പ്രസിഡന്റ്‌ പദവിയിൽ എത്തിയതോടെ  എണ്ണ കയറ്റുമതിയിൽ  രാജ്യത്തു കുമിഞ്ഞു കൂടുന്ന വരുമാനം ജനങ്ങളുടെ ക്ഷേമത്തിനായി പൂർണമായി ഉപയോഗിക്കാൻ പദ്ധതികൾ തയ്യാറാക്കി. നിസ്വാര്‍ഥമായ ജനസേവനത്തിലൂടെ ആരാധ്യനായി മാറി ഹൂഗോ ഷാവേസ്. അമേരിക്കയ്‌ക്കെതിരെ  ഐക്യ ലാറ്റിനമേരിക്ക എന്ന ശക്തി രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.    2001ല്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം നഷ്ടപ്പെട്ടിട്ടും 2 വർഷത്തിന് ശേഷം ഷാവേസ് തിരിച്ചുവന്നു.  ഷാവേസ് ഭരണത്തിൽ 2010 വരെയുള്ള കാലയളവിൽ വെനിസ്വേല ലോകത്തിനു മാതൃകയാവും വിധം വളർന്നു.ഭക്ഷണം, ആരോഗ്യം, സാക്ഷരത, തൊഴിൽ എല്ലാത്തിലും മുന്നിൽ നിന്നു.രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന സമയത്തൊക്കെ വെനസ്വേലയില്‍ ചാകരയായിരുന്നു. 

പക്ഷെ ഷാവേസിന്റെ ബൊളിവാരിയന്‍ വിപ്ലവനയങ്ങള്‍  രാജ്യത്തിന് വലിയ തിരിച്ചടിയാവുന്നതാണ് പിന്നീട് കണ്ടത്. 2010 അവസാനത്തോടെ വെനസ്വേലയില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഭരണകൂടം പരാജയമായി. ക്ഷേമ പ്രവർത്തനങ്ങൾക്ക് അമിതമായി പണം ചെലവഴിച്ചതും, എല്ലാ സാധനങ്ങൾക്കും ഒരേ വില നിശ്ചയിച്ചതും, സർക്കാർ പിടിച്ചെടുത്ത ഭുമി കൃഷിക്കോ വ്യവസായങ്ങൾക്കോ ഉപയോഗിക്കാതെ തരിശിട്ടതും കണക്കുകൾ തെറ്റിച്ചു. എക്സോണ്‍ മൊബില്‍ അടക്കമുള്ള ഭീമന്‍ നിക്ഷേപകര്‍ രാജ്യം വിട്ടു.  സമ്പന്ന രാജ്യം പതിയെ  ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തി. 

ഇതിനിടയിലാണ് ഷാവേസിന്റെ പിന്‍ഗാമിയായി മഡൂറോ അധികാരത്തിലെത്തുന്നത്. ബസ് ഡ്രൈവറെ ഭരണചക്രം തിരിക്കാന്‍ അനുവധിച്ച ഷാവേസിനെ രാജ്യത്തെ ബൂര്‍ഷ്വാസികള്‍ പുച്ഛിച്ചു. മഡുറോ തികഞ്ഞ വിപ്ലവകാരിയാണെന്നും ദൃഢനിശ്ചയത്തോടെ രാജ്യത്തെ നയിക്കുമെന്നും ഷാവേസ് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. പക്ഷെഷാവേസിന്റ ഏഴയലത്തുപോലും ജനപിന്തുണയില്ലാത്ത മഡൂറോ വന്നതോടെ വെനസ്വേലയുടെ പതനം പൂര്‍ണമായി.

ഷാവേസിന്റെ പരാജയപ്പെട്ട സാമ്പത്തിക നയം തന്നെയാണ് മഡൂറോയും തുടര്‍ന്നത്. തിരിച്ചടികള്‍ക്കെല്ലാം മുതലാളിത്തത്തെയും പാശ്ചാത്യ രാജ്യങ്ങളെയും വിമര്‍ശിച്ചുകൊണ്ടിരുന്നു.  2016ഓടെ വെനസ്വേലയുടെ നാണയപ്പെരുപ്പം 800 ശതമാനായി ഉയര്‍ന്നു. ജി.ഡി.പി 35 ശതമാനത്തിലേറെ ഇടിഞ്ഞു. കുറ്റകൃത്യങ്ങളുടെ എണ്ണം മാത്രം  അനിയന്ത്രിതമായി കൂടി.  രാജ്യത്തെ ഭക്ഷ്യ ക്ഷാമം,  മരുന്നുകളുടെ ലഭ്യത കുറവ്, ആഭ്യന്തര കലഹം ഇതെല്ലാം സൃഷ്ടിച്ചത്  അഭയാര്‍ഥികളെയാണ് .1999നു ശേഷം 20 ലക്ഷത്തിലേറെ പേരാണ്  പലായനം ചെയ്തത്.  എല്ലാവരും എത്തിചേര്‍ന്നത് അമേരിക്കന്‍ മണ്ണില്‍. പോയവര്‍ഷത്തെ കണക്കനുസരിച്ച് ഏറ്റവുമധികം അഭയാര്‍ഥികള്‍   അമേരിക്കയിലെത്തിയത്  വെനസ്വേലയില്‍ നിന്നാണ്.  അഭയാര്‍ഥി വിരോധികളായ ട്രംപ് ഭരണകൂടത്തെ വെനസ്വേലക്കെതിരെ തിരിക്കുന്ന പ്രധാന കാരണവും ഇതുതന്നെ.

രണ്ടാമത്തെ വലിയ പ്രശ്നം രാജ്യത്ത്  അന്ത്യശ്വാസം വലിക്കുന്ന  ജനാധിപത്യമാണ്. അധികാരക്കൊതിയനാണ് മഡൂറോ. 2015ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരം ഉറപ്പിക്കാനും ഇംപീച്ച്മെന്റ് നടപടികളില്‍ നിന്ന് രക്ഷപ്പെടാനും രാജ്യത്തെ പരമോന്നതകോടതിയില്‍ത ന്റെ സ്വന്തക്കാരെ തിരുകികയറ്റി. ഇവര്‍ ചേര്‍ന്ന് ദേശീയ അസംബ്ലി നിര്‍ജീവമാക്കാന്‍ നടപടിള്‍ തുടങ്ങി. വെനസ്വേല അന്നുവരെ കാണാത്ത വലിയ ജനകീയപ്രക്ഷോഭത്തില്‍ 100ല്‍ ഏറെപ്പേരാണ് കൊല്ലപ്പെട്ടത് 

ഇതൊന്നും വകവൈകാതെയാണ് മഡുറോ 2017ല്‍ ഭരണഘടന അസംബ്‌ളി തിരഞ്ഞുടുപ്പുമായി മുന്നോട്ടു പോയത്. ഭരണഘടനാസ്ഥാപനങ്ങള്‍ മഡുറോയുടെ അടുപ്പക്കാരെയും ബന്ധുക്കളെയും കൊണ്ട് നിറഞ്ഞു.  എല്ലാ സർക്കാർ വിഭാഗങ്ങളുടെയും പൂർണ നിയന്ത്രണം മഡുറോ പിടിച്ചടക്കി. ഒരു ജനാധിപത്യ രാജ്യം പൂർണമായും സ്വേച്ഛാധിപധിയുടെ കൈകളിൽ അമർന്നു. എല്ലാത്തിനും ഉപരിയാണ് രാജ്യത്തെ വിലക്കയറ്റം. ഐ.എം.എഫ് കഴിഞ്ഞവര്‍ഷം പ്രവചിച്ചത് 13000% മായി സാധനങ്ങളുടെ വില ഉയരും എന്നാണ്. കൈയ്യില്‍ കാശില്ലാത്തവര്‍ ഭക്ഷണം ഉപേക്ഷിക്കുന്നും. പ്രതികരിച്ചിട്ടും ഫലമില്ലാതെ ജനങ്ങള്‍ ഈ പട്ടിണിയെ "MADURO DIET" എന്ന് പരിഹസിച്ച് വിളിക്കുന്നു. ഇതൊക്കെയാണെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ രീതിയായ അമേരിക്കന്‍ വിരോധം മഡൂറോയും കൈവിട്ടിട്ടില്ല.  ഷാവേസിന്‍റെ ഇഷ്ടവിഷയമായിരുന്നു അമേരിക്കയെ വിമര്‍ശിക്കല്‍.

മഡൂറോയും ഇതേ പാത പിന്‍തുടര്‍ന്നു അമേരിക്കയെ അകറ്റി നിര്‍ത്തി ചൈനയും റഷ്യയും ക്യൂബയുമായി കൂട്ടുകൂടി.  എന്നാല്‍ ട്രംപ് ഭരണകൂടത്തിനുമുന്നില്‍ മഡൂറോ ദുര്‍ബലനാണ്.. വെനസ്വേലയെ നന്നാക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ ട്രംപ് അറ്റകൈ പ്രയോഗമായി ഡോളറുപയോഗിച്ചുള്ള എണ്ണ വ്യാപാരം നിര്‍ത്തലാക്കുമെന്നും ആവശ്യമെങ്കില്‍ സൈന്യത്തം അയക്കുമെന്നും മഡൂറോയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇത് പ്രതിസന്ധികളുടെ ആക്കം കൂട്ടും. എന്നാല്‍ ഇതിലൊന്നും വഴങ്ങാത്ത മഡൂറോ ഇറാനും ഉത്തരകൊറിയയുമായി  ബന്ധം സ്ഥാപിക്കുമെന്നും പറ‍ഞ്ഞുകേള്‍ക്കുന്നു.

വെനസ്വേലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ട് അതില്‍ ഏറ്റവും പ്രാധാനം രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതാണ്. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തണം.. അധികാരത്തില്‍ വരുന്ന പുതിയ നേതാവ് ആദ്യം ചെയ്യേണ്ടത് ഷാവേസിന്റെയും മഡൂറോയുടെയും പരാജയപ്പെട്ട സാമൂഹിക സാമ്പത്തിക നയങ്ങള്‍ പൊളിച്ചെഴുതുകയാണ്. വെനസ്വേലയിലേക്ക് പണം വരാന്‍ എണ്ണപ്പാടങ്ങള്‍ വീണ്ടും തുറക്കണം . ഒപെകിന്റെ സ്ഥാപക അംഗം കൂടിയായ വെനസ്വേല എണ്ണ ഉല്‍പാദനം കൂട്ടി ഒപെക് രാജ്യങങ്ങളുടെ ഒപ്പമെത്തണം. വിദേശത്തെയും സ്വദേശത്തെയും എണ്ണ കമ്പനികളെ നിയന്ത്രങ്ങള്‍ ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അന്യരാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യണം. ബൊളിവറിന്റെ മൂല്യം കുറയ്ക്കുകയോ  സാമ്പത്തിക വിനിയോഗങ്ങള്‍ക്ക് ഡോളര്‍ ഉപയോഗിക്കുകയോ ചെയ്യണം എന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടംങ്കം പറയുന്നു.  ഭക്ഷണ സാധനങ്ങളുടെയും മരുന്നിന്റെയും വില കുറയ്ക്കുകയാണ്  സാമാന്യ ജനത്തിന് ഏറ്റവും അനിവാര്യം. 

MORE IN WORLD
SHOW MORE