സമാധാനം ഉൗട്ടിയുറപ്പിച്ചു; ഊഷ്മളമായി മോദി-ഷീ കൂടിക്കാഴ്ച

modi
SHARE

അതിര്‍ത്തിയിലെ സമാധാനത്തിന് കൈകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങും. ചൈനയിലെ വുഹാനില്‍ നടക്കുന്ന അനൗദ്യോഗിക ഉച്ചകോടിയുടെ അവസാനദിനത്തിലാണ് അതിര്‍ത്തിയിലെ സമാധാനം ഉറപ്പാക്കാന്‍ കൂടിക്കാഴ്ച നടത്തിയത്.  

വ്യാപാരബന്ധം മെച്ചപ്പെടുത്താനും ഇന്ത്യന്‍ സിനിമകള്‍ ചൈനയില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കാനും ധാരണയായി. . പ്രതിരോധം, കാലാവസ്ഥാവ്യതിയാനം, ഭക്ഷ്യകയറ്റുമതി, വിനോദസഞ്ചാരം, കായികം തുടങ്ങിയ മേഖലകളില്‍ പരസ്പരസഹകരണം വര്‍ധിപ്പിക്കും. അഫ്ഗാനിസ്ഥാനില്‍ സംയുക്തസഹകരണത്തോടെ വന്‍കിടപദ്ധതികള്‍ ആരംഭിക്കും. ചായസല്‍ക്കാരവും സംഗീതവിരുന്നും ബോട്ടുയാത്രയും ഒക്കെ  അനൗദ്യോഗിക കൂടിക്കാഴ്ചയെ ഊഷ്മളമാക്കി. 

ചൈനയിലേക്കു മോദിയുടെ നാലാം സന്ദർശനമായിരുന്നു ഇത്. ഷാങ്ഹായ് സഹകരണ സംഘടന (എസ്‍സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ ജൂണിൽ അദ്ദേഹം വീണ്ടും ചൈനയിലെത്തും. കൂടുതൽ യോജിച്ചുപ്രവർത്തിക്കാനുള്ള താൽപര്യം തുറന്നുപറഞ്ഞാണ് ഉച്ചകോടി സമാപിക്കുന്നത്. കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ മാവോ സെദുങ്ങിന്റെ ഇഷ്ട വിശ്രമകേന്ദ്രമായിരുന്ന വുഹാനാണ് ഉച്ചകോടിക്കു വേദിയായത്. 

ഹുബെയ് പ്രൊവിൻഷ്യൽ മ്യൂസിയത്തിൽ മോദിയെ വരവേറ്റ ഷി, 40 മിനിറ്റോളം ഇവിടത്തെ കാഴ്ചകൾ അദ്ദേഹത്തെ നടന്നുകാണിച്ചു. ഇരുപക്ഷത്തുനിന്നും ആറംഗ ഉദ്യോഗസ്ഥ സംഘം ഉൾപ്പെട്ട ചർച്ചയുമുണ്ടായി. 2019ൽ ഇതുപോലെ ഡൽഹിയിൽ ഉച്ചകോടി നടത്താൻ ഷിയെ ക്ഷണിച്ചു. ആഗോളതലത്തിൽ വളർച്ചയുടെ ചാലകശക്തിയാണ് ഇന്ത്യയും ചൈനയും. ലോകത്തു സമാധാനവും സുസ്ഥിരതയും നിലനിർത്താൻ നല്ലനിലയിലുള്ള ഇന്ത്യ– ചൈന സൗഹൃദം സുപ്രധാനമാണെന്നു ഷി പറഞ്ഞു.

MORE IN World
SHOW MORE