ശസ്ത്രക്രിയയ്ക്കെത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു; ദാരുണാന്ത്യം

ekaterina-fedyaeva
SHARE

അണ്ഡാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനെത്തിയ ഇരുപത്തിയേഴുകാരിയോട് ഡോക്ടർമാരുടെ കൊടും ക്രൂരത. പടിഞ്ഞാറൻ റഷ്യയിലെ യൂലിനോസ്ക് ആശുപത്രിയിലാണ് ലോകം നടുങ്ങിയ സംഭവം അരങ്ങേറിയത്. മരുന്നായി സലൈന്‍ ലായനി നല്‍കുന്നതിന് പകരം ഫോര്‍മാലിന്‍ മാറി ഉപയോഗിച്ച് ഡോക്ടര്‍മാര്‍ യുവതിയുടെ ജീവനുള്ള ശരീരത്തെ ജീവനോടെ എംബാം ചെയ്യുകയായിരുന്നു. സാധാരണ മൃതദേഹങ്ങള്‍ എംബാം ചെയ്യാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കാറുള്ളത്. റഷ്യന്‍ ന്യൂസ് ഏജന്‍സി ടാസ്സ് ആണ് ദാരുണമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്. 

അണ്ഡാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനായി എത്തിയതായിരുന്നു എക്കാത്തറീന ഫെദ്യേവ. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് സലൈൻ ലായനിയും ഫോർമാലിനും തമ്മിൽ മാറി പോയത്. അപകടം ശ്രദ്ധയിൽ പെട്ടതോടെ ഫെദ്യേവയുടെ വയർ വൃത്തിയാക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും ആന്തരികാവയങ്ങളെല്ലാം പ്രവർത്തന രഹിതമായി. വ്യാഴായ്ച ഫദ്യേവ മരണത്തിനു കീഴടങ്ങി. ലേബല്‍ വായിക്കാതെ ആശുപത്രി ജീവനക്കാര്‍ മിശ്രിതം ഉപയോഗിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്.

ekaterina-fedyaeva-russia

ശസ്ത്രക്രിയയ്ക്ക് ശേഷമുളള രണ്ട് ദിവസങ്ങൾ ഭീകരമായിരുന്നു. കഠിനമായ വേദനകളിലൂടെയാണ് അവൾ കടന്നു പോയത്. അവൾ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് ഞങ്ങൾ അതീയായി പ്രാർത്ഥിച്ചിരുന്നു. പക്ഷേ അവളുടെ ശരീരത്തിൽ പ്രവേശിച്ച വിഷത്തെ പുറന്തളളാൻ അവരുടെ ശരീരത്തിനായില്ല. അതിക്രൂരവും വേദനിപ്പിക്കുന്നതുമായിരുന്നു ഡോക്ടർമാരുടെ സമീപനം. അശ്രദ്ധ സംഭവിച്ചിട്ടും അവൾക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ അവർക്ക് കഴിഞ്ഞതുമില്ല– ഫദ്യേവയുടെ ഭര്‍തൃ മാതാവായ വാലന്റീന ഫെദ്യേവ പറഞ്ഞു. സംഭവം ലോക വ്യാപകമായി ഏറെ വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

MORE IN WORLD
SHOW MORE