‘വരവേറ്റത് മഴ, ഒടുവിൽ വിട പറഞ്ഞപ്പോഴും ആകാശം കണ്ണീർപൊഴിച്ചു’, സുഡാന് ഫോട്ടോഗ്രാഫറുടെ കണ്ണീർക്കുറിപ്പ്

sudan-last-photo
SHARE

‘ എനിക്കോർമ്മയുണ്ട്, ആദ്യമായി അവൻ ആഫ്രിക്കൻ മണ്ണിൽ കാലുകുത്തിയ ദിവസം. ഇരുണ്ടുകൂടിയ മേഘങ്ങൾ അവനായി എന്നോണം ഭൂമിയിലേക്ക്  പെയ്തിറങ്ങി. ഇൗ മഹാഭൂഖണ്ഡം അവനെ സ്വീകരിച്ചത് അങ്ങനെയായിരുന്നു. മുഖമൊന്നുയർത്തി മഴവീണ് നനഞ്ഞ മണ്ണിന്റെ ഗന്ധം ശരിക്കും ആസ്വദിക്കുന്ന സുഡാന്റെ മുഖം എന്റെ മനസിൽ ഇപ്പോഴുമുണ്ട്.  മണ്ണിന്റെ മണം മൂക്കിലേക്ക് ഇരച്ചുകയറിയതുകൊണ്ടാകണം മതിപൂണ്ട അവൻ ആ ചേറിൽ നീരാടി. തന്റെ ജൻമനാടിന്റെ പേര് സ്വന്തം പേരാക്കിയ ഇൗ ലോകത്തിന്റെ  സുഡാൻ. വാക്കുകൾ കൊണ്ട് വിടനൽകുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫർ ആമി വിറ്റെയിൻ.  ലോകം മുഴുവൻ കരഞ്ഞ വാർത്തയ്ക്ക് പിന്നാലെയാണ് ആമി വിറ്റെയിനിന്റെ അനുഭവക്കുറിപ്പ് ചർച്ചയാകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ലോകത്ത് അവശേഷിച്ച് ഏക വടക്കൻ ആൺ വെള്ള കാണ്ടാമൃഗമായ സുഡാൻ വിടപറ‍ഞ്ഞത്. 

sudan-rhino

ഒൻപതു വർഷങ്ങൾക്ക് മുൻപ് സുഡാൻ ആഫ്രിക്കയിലെത്തിയപ്പോൾ സാക്ഷ്യം വഹിക്കാൻ ഞാനുമുണ്ടായിരുന്നു. അന്ന് ഭൂമിയിൽ അവശേഷിക്കുന്നത് എട്ടുവെള്ള കാണ്ടാമൃഗങ്ങൾ. കെനിയയിലെ ഓൾഡ് പെജേറ്റ കൺസർവൻസിലേക്ക് അവനെ കൊണ്ടുവരുമ്പോൾ ഇണചേർത്ത് വംശം നിലനിർത്തുക എന്ന ലക്ഷ്യമായിരുന്നു അധികൃതർക്ക്. എന്നാൽ അത് യാഥാർഥ്യമായില്ല. മഴയൊരുക്കിയ സ്വീകരണം പോലെ പിന്നീട് അധികൃതരുടെയും പരിചാരകരുടെയും എന്തിന് ഇൗ ലോകത്തിന് തന്നെ സുഡാൻ എല്ലാമെല്ലാമായി. അതുകൊണ്ടാണ് അവന്റെ വിടവാങ്ങൽ ലോകത്തെ കരയിച്ചത്. നാൽപത്തിയഞ്ച് വയസുവരെ ഇൗ ലോകം അവന് സ്വന്തമായിരുന്നു. വംശം തന്നെ നശിക്കുമ്പോഴും ഒടുവിലത്തെ ആൺതരിയാണെന്ന സത്യമായിരുന്നു സുഡാന് ലോകം നൽകിയ സ്നേഹത്തിന് പിന്നിൽ. കുറച്ച് മുൻപ് ആ ചിന്ത തോന്നിയിരുന്നെങ്കിൽ...

white-rhino-sudan

    

അവനെ അവസാനമായി കാണാൻ ഞാൻ പോയിരുന്നു. അവന് ചുറ്റും സ്നേഹിക്കാൻ മാത്രമറിയാകുന്ന കുറേ മനുഷ്യർ. മൃഗശാലയിൽ അവന് വേണ്ടി ജീവിതം തന്നെ മാറ്റിവച്ചവർ. ഒരുപക്ഷേ അവരുടെ കുഞ്ഞുങ്ങളോടൊപ്പം ചെലവഴിച്ചതിനെക്കാൾ സമയം അവർ സുഡാനൊപ്പമായിരുന്നു. നിലത്തിരുന്ന് രോഗശയ്യയിൽ കിടന്ന അവന്റെ ചെവിയിൽ ഞാൻ പതിയെ തലോടി. പ്രൗഡിയോടെ തന്നെ തലയുയർത്തി പാതിയടഞ്ഞ കണ്ണുചരിച്ച് അവനെന്ന നോക്കി. ഒൻപതുവർഷങ്ങൾക്ക് മുൻപ് കണ്ട അതെ പ്രസരിപ്പ് അപ്പോൾ അവന്റെ മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു. അവൻ ആ മനുഷ്യർക്കെന്ന പോലെ പ്രകൃതിക്കും പ്രിയങ്കരനായിരുന്നു. അതുകൊണ്ടാകണം അവന്റെ ശ്വസം നിലയ്ക്കുമ്പോൾ ആകാശവും കണ്ണീർപൊഴിച്ചത്. ഇറ്റിറ്റ് വീണ മഴത്തുള്ളിയെ സാക്ഷിയാക്കി സുഡാൻ ഇനിയില്ലെന്ന സത്യം അംഗീകരിച്ച് ഞാൻ അവന് അവസാന വിടനൽകി.

sudan

ഇനി ഭൂമിയിൽ അവശേഷിക്കുന്നത് രണ്ടുപെൺ വെള്ള കാണ്ടാമൃഗങ്ങൾ മാത്രം. സുഡാനിൽ നിന്നും ശേഖരിച്ച ജീനിൽ നിന്ന് തലമുറയെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. പ്രതീക്ഷ കൈവെടിയാതെ നമുക്ക് കാത്തിരിക്കാം. സുഡാന്റെ വിടവാങ്ങലിൽ കണ്ണീരണിയുന്ന ലോകം ഒന്നുമനസിലാക്കണം. ആ ജീവജാലത്തെ സർവനാശത്തിലേക്കെത്തിച്ചത് മനുഷ്യന്റെ  പ്രവൃത്തികളാണ്. കോടാനുകോടി മനുഷ്യർ വസിക്കുന്ന ഭൂമിയിൽ തുല്യഅവകാശം ഇൗ ജീവജാലങ്ങൾക്കും ഇല്ലേ? സുഡാന്റെ മരണം മനുഷ്യന്റെ പുത്തൻ ഉണർവിന് കാരണമാകുെമന്ന പ്രതീക്ഷയോടെയാണ് ആമി വിറ്റെയിൻ തന്റെ കുറിപ്പവസാനിപ്പിക്കുന്നത്. ഒരുപക്ഷേ സുഡാന്റെ വാക്കെന്നോണം അദ്ദേഹം ഒന്നുകൂടി പറഞ്ഞുവയ്ക്കുന്നു. ഇനിയെങ്കിലും ഭൂമിയോട് ഇണങ്ങി ജീവിക്കാം കാരണം ഇന്നത്തെ സുഡാന്റെ വിധി നാളെ നമ്മളെയും കാത്തിരിക്കുന്നുണ്ട്.

MORE IN WORLD
SHOW MORE