ഡിലീറ്റ് ഫെയ്സ്ബുക്ക്: ആഹ്വാനം ഏല്‍ക്കുമോ..? സംഭവിക്കുന്നത്

zuckerberg-brian-acton
SHARE

ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ആളുകളുടെ വിവരം ചോര്‍ത്തി ദുരുപയോഗിച്ച സംഭവത്തില്‍ ഫെയ്‌സ്ബുക്ക് പ്രതിക്കൂട്ടില്‍ നിൽക്കേ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് വാട്സ്ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്റ്റന്റെ ട്വീറ്റ്.  അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കിന് എതിരായി ബ്രയാന്‍ ആക്റ്റൻ രംഗത്തു വന്നതെന്നതാണ് ശ്രദ്ധേയം. ബ്രയാന്‍ ആക്റ്റിന്റെ വെരിഫൈ ചെയ്യാത്ത ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡിലീറ്റ് ഫെയ്‌സ്ബുക്ക് എന്ന ഹാഷ്ടാഗിലുള്ള ആഹ്വാനം. ആയിരക്കണക്കിന് ആളുകളാണ് ഇത് റീ ട്വീറ്റ് ചെയ്ത് രംഗത്തെത്തിയത്. 

ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റികയിലെ മുന്‍ റിസര്‍ച്ച്‌ ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്‌ലി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി ഫെയ്സ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തയാണ് ലോകത്തെ ‍‍ഞെട്ടിച്ചത്. സ്വകാര്യത ചോർന്നുവെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്സ്ബുക്കിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടെ ഫെയ്സ്ബുക്ക് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. കമ്പനിയുടെ വിപണി മൂല്യത്തിലും 537 ബില്യണ്‍ ഡോളറില്‍ നിന്നും 494 ബില്യണ്‍ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവികാസം കൊണ്ട് ഫെയ്സ്ബുക്ക് ഉടമ സുക്കര്‍ബര്‍ഗിന് നഷ്ടമായിരിക്കുന്നത്. വിവരം ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കാൻ ഡിജിറ്റല്‍ ഫോറന്‍സിക് കമ്പനിയെ  ചുമതലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്യാൻ ആഹ്വാനവുമായി ബ്രയാൻ ആക്റ്റൻ രംഗത്തെത്തിയത്. ജാന്‍ കൗമിനോട് കൂടെ ബ്രയാന്‍ ആക്റ്റ് 2009-ല്‍ ഉണ്ടാക്കിയ വാട്സ്ആപ്പ് മെസഞ്ചര്‍ 2014-ല്‍ ഫെയ്സ്ബുക്ക് വാങ്ങിയിരുന്നു. 1900 കോടി ഡോളറിനായിരുന്നു ഫെയ്‌സ്ബുക്ക് വാട്‌സ്ആപ്പ് സ്വന്തമാക്കിയത്.

mark-zuckerberg

സംഭവവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് കോണ്‍ഗ്രസിനുമുന്‍പാകെ ഹാജരാകാന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ എയ്മി ക്ലോബുചര്‍, റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡി എന്നിവര്‍ നിര്‍ദേശിച്ചിരുന്നു. ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയുടെ സി.ഇ.ഒ.മാരും ഹാജരാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. 

ഫെയ്സ്ബുക്ക് നല്‍കുന്ന വിശദീകരണം ഇങ്ങനെ

ബ്രിട്ടീഷ് വിദ്യാഭ്യാസവിദഗ്ധനായ അലക്‌സാണ്‍ഡര്‍ കോഗം ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത 2.7 ലക്ഷം പേരുടെ വിവരമാണ് ചോര്‍ന്നതെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. ഇവരുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുടെ വിവരങ്ങളും ചോര്‍ന്നു. ഫെയ്‌സ്ബുക്കിന്റെ നയങ്ങള്‍ ലംഘിച്ച് കോഗം കേംബ്രിജ് അനലിറ്റിക്കയ്ക്ക് വിവരം കൈമാറിയെന്നായിരുന്നു ഫെയ്സ്ബുക്കിന്റെ ആരോപണം.

MORE IN WORLD
SHOW MORE