സിറിയയില്‍ അഫ്രിൻ തുര്‍ക്കി പിടിച്ചെടുത്തു; കുർദ്ദ് നേതാവിന്റെ പ്രതിമ തകര്‍ത്തു

afrin-siriya
SHARE

സിറിയന്‍ നഗരമായ അഫ്രിൻ പിടിച്ചെടുത്തുവെന്ന് തുര്‍ക്കി. കുർദ്ദുകൾക്ക് സ്വാധീനമുള്ള പ്രദേശത്ത് ദിവസങ്ങളോളമായി യുദ്ധം തുടരുകയായിരുന്നു. കുർദ്ദ് നേതാവിന്റെ പ്രതിമ ബുൾഡോസർ ഉപയോഗിച്ച് തുർക്കി തകർത്തു. തുടർന്ന് പ്രദേശത്ത് തുർക്കിയുടെ പതാക ഉയർത്തിയതിന് ശേഷം സേനയെ പിൻവലിക്കുകയായിരുന്നു. 

കുർദ്ദ് വിമതരെ ഭീകരവാദികളായി കണക്കാക്കിയാണ് അതിർത്തി പങ്കിടുന്ന സിറിയൻ നഗരമായ അഫ്രിൻ തുർക്കി പിടിച്ചെടുത്തത്. രണ്ടുമാസമായി പ്രദേശത്ത് സംഘർഷാവസ്ഥയാണ്. തുടർന്ന് പ്രദേശവാസികളിൽ ഭൂരിഭാഗവും ഇവിടം വിട്ടുപോയിരുന്നു. ഇതുവരെ അഫ്രിനിൽ 280 ഓളം പ്രദേശവാസികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് കണക്കുകൾ . അഫ്രിൻ പൂർണമായും തുർക്കി പിടിച്ചെടുത്തതായി പ്രസിഡന്റ് റസിപ്പ് ത്വയ്യിബ് എർദോഗൻ വ്യക്തമാക്കി. ഭീകരവാദം ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നും എർദോഗൻ പറഞ്ഞു. 

അതേസമയം കുർദ്ദ് നേതാവിന്റെ പ്രതിമ തകർത്തതിനെതിരെ കുർദ്ദുകളുടെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കുർദ്ദ് ജനതയുടെ സംസ്കാരത്തിനും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണ് തുർക്കിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.ഇത് അംഗീകരിക്കാനാകില്ലെന്നും കുര്‍ദ്ദ് നേതാക്കൾ പ്രതികരിച്ചു. അതേസമയം, പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നതായി സിറിയൻ ഒബ്സർവേറ്ററി ഓഫ് ഹ്യൂമൺ റൈറ്റ്സ് അറിയിച്ചു.

MORE IN WORLD
SHOW MORE