സിറിയയുടെ പോരാട്ടങ്ങള്‍; ഇളംചോര വീണ് ചുവന്ന ദേശത്തിന്‍റെ ജീവിതം

web plus-syria
SHARE

സിറിയയിൽ നിന്ന് രാജ്യാതിരുകള്‍ കടന്നെത്തുന്ന വാർത്തകളെല്ലാം മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നവയായിരുന്നു. ചോരയൊലിക്കുന്ന തെരുവുകളും ബാല്യങ്ങളും ലോകത്തെ കണ്ണീരിലാഴ്ത്തി. ഇനി ഒരു നിമിഷം പോലും അവിടെ ജീവിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് സിറിയൻ ജനത. സ്വന്തം നാടും വീടും സ്വത്വവും വരെ ഉപേക്ഷിച്ചുള്ള കൂട്ടപ്പലായനം. ജീവൻ നിലനിർത്താൻ അഭയസ്ഥാനം തിരഞ്ഞ് അവർ യാത്ര തുടരുന്നു. 50,000ൽ അധികം പേരാണ് ഇതിനോടകം തന്നെ സിറിയയിൽ നിന്ന് പലായനം ചെയതത്.

ഗ്വാട്ടയിൽ നിന്നും അഫ്രിനിൽ നിന്നുമാണ് ഏറ്റവും അധികം പേർ  പലായനം ചെയ്തത്. വടക്കൻ നഗരമായ അഫ്രിനിൽ നിന്നുമാത്രം നാടുവിട്ടത് 30,000പേർ. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ജീവനും കൊണ്ടോടി രക്ഷപ്പെടുന്നതാണ് സിറിയയിൽ നിന്നുള്ള ഒടുവിലെ കാഴ്ച. സിറിയൻ സേനയും വിമതരും തമ്മിലുള്ള യുദ്ധം രൂക്ഷമായതോടെയാണ് ജനങ്ങൾ ജീവനുംകൊണ്ട് ചിതറിയോടുന്നത്. ദമസ്കസിന് കിഴക്കൻ ഗ്വാട്ടയിൽ നിന്ന് 20,000 പേരാണ് പലായനം ചെയ്തത്. 

syria-new

ഇന്നും ഇന്നലെയും തുടങ്ങിയതല്ല സിറിയൻ ജനതയുടെ ഈ അവസ്ഥ. അഭയാർഥികൾ എന്ന വിളിപ്പേരിൽ ലോകമാകെയുള്ള രാജ്യങ്ങളിൽ അഭയം തേടുകയാണ് അവർ. ഏഴുവർഷമായി തുടരുന്ന ആഭ്യന്തര കലാപം സാധാരണക്കാരായ സിറിയൻ ജനതയ്ക്ക് സമ്മാനിച്ചത് സർവനാശം. ജീവനൊഴികെ എല്ലാം നഷ്ടപ്പെട്ടവർ, ഉറ്റവരെയും ഉടയവരെയും കുരുതികൊടുക്കേണ്ടി വന്നവര്‍... പലായനമല്ലാതെ മറ്റൊരു മാർഗമില്ല അവർക്ക്. ഏഴുവർഷത്തെ ആഭ്യന്തര കലാപത്തിനിരയായി നാടുവിട്ടത് 12 മില്യണിലധികം ജനങ്ങളാണ്. ആറര മില്യണോളം ജനങ്ങൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ അഭയം തേടി. ആറ് മില്യനോളം ജനങ്ങൾ എല്ലാം ഉപേക്ഷിച്ച് പുറംനാടുകളിലേക്ക് പോയി. 2011ൽ പ്രസിഡന്റ് ബഷർ അൽ അസദ് ഭരണം ഏറ്റെടുത്ത ശേഷം നാല് ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

തുർക്കി അതിർത്തിയില്‍ കരയുന്ന പട്ടണം 

അഫ്രിൻ, കുർദ്ദുകൾ തിങ്ങിപ്പാർക്കുന്ന തുർക്കി അതിർത്തിയിലെ ചെറുപട്ടണം. കുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളുടെ രക്തം വീണുചുവന്നു ഇവിടം. അഫ്രിന്റെ ആകാശത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വ്യോമാക്രമണം ലോകജനതയെ നടുക്കിയിരുന്നു. തുർക്കി സേനയാണ് അതിശക്തമായ വ്യോമാക്രമണം നടത്തിയത്. സിറിയൻ ഒബസർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്സ് പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് 30,000 ജനങ്ങളാണ് ഏതാനും ദിവസങ്ങൾക്കകം തന്നെ ഇവിടെ നിന്ന് പലായനം ചെയ്തത്.  

അർധരാത്രിയിലും തുടരുന്ന ഷെല്ലാക്രമണം ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. ലോകം സുഖ നിദ്രയിൽ മയങ്ങുമ്പോൾ ഭയം മൂലം അഫ്രിൻ ജനതയ്ക്ക് ഒന്നു കണ്ണടയ്ക്കാൻ പോലും കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. ഉറക്കം നഷ്ടമായി നാളേറെയായെന്ന് അവർ പറയുന്നു. തുർക്കി നടത്തിയ ഷെല്ലാക്രമണത്തിൽ പതിനെട്ടുപേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. കുർദ്ദ് വിമതരുടെ സംഘടനയെ ലക്ഷ്യംവച്ചാണ് തുർക്കിയുടെ ഷെല്ലാക്രമണം. എന്നാൽ മരിച്ചു വീഴുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നു മാത്രം. അഫ്രിൻ പിടിച്ചെടുക്കാതെ വിശ്രമമില്ലെന്ന് തുർക്കി പ്രസിഡന്റ് റസിപ്പ് തയ്യിബ് ഉർദോഗൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അഫ്രീൻ പിടിച്ചെടുക്കാനുള്ള തുർക്കിയുടെ ശ്രമം അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങൾ ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. 

syria-2

അശാന്തിയുടെ ദമസ്കസ്

വർഷങ്ങളായി അശാന്തിയുടെ നിഴലിൽ മാത്രം ജീവിക്കുന്ന ഒരു ജനതയാണ് ദമസ്കസിലുള്ളത്. യുദ്ധം വിട്ടൊഴിഞ്ഞ ഒരു ദിനം പോലും ദമസ്കസിലില്ലെന്നാണ് സമീപകാലങ്ങളിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. വിമതർക്ക് സ്വാധീനമുള്ള ദമസ്കസിൽ നിന്ന് 20,000ൽ അധികം പേരാണ് ജീവനുംകൊണ്ട് രക്ഷപ്പെട്ടത്. വിമതരും സർക്കാർ സൈന്യവും തമ്മിൽ സ്ഥിരം ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് തലസ്ഥാന നഗരമായ ദമസ്കസ്. 70 ശതമാനം പ്രദേശവും ആഴ്ചകളായുള്ള ഏറ്റുമുട്ടലിനൊടുവിൽ വിമതരിൽ നിന്ന് പിടിച്ചെടുത്തെന്നാണ് സിറിയൻ സേനയുടെ അവകാശ വാദം. 

എന്നാൽ, യുദ്ധത്തിന്റെ കെടുതികൾ എന്നും വേട്ടയാടുന്നത് സാധാരണ ജനങ്ങളെയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ പൊറുതിമുട്ടി ദമസ്കസിലെ ജനങ്ങള്‍. രാജ്യാന്തര സന്നദ്ധ സംഘടനയായ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ഗ്വാട്ട പ്രവിശ്യയിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചിരുന്നു. എന്നാൽ ഇതൊന്നും ജനങ്ങള്‍ക്ക് തികയുന്നില്ലെന്നതാണ് യാഥാർഥ്യം. ആവശ്യത്തിന് മരുന്നും ഭക്ഷണവും സിറിയൻ ജനതയ്ക്ക് മുന്നിൽ ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.

denteyBorder7774.jpg

പുതിയ നയതന്ത്ര നീക്കങ്ങൾ 

സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്ര സംഘടന പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷേ, പ്രശ്നങ്ങൾക്കൊരു ശാശ്വത പരിഹാരം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചർച്ചകൾക്കായി ഇറാനും റഷ്യയും തുർക്കിയും തങ്ങളുടെ പ്രതിനിധികളെ കസാഖിസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്. ഇറാനും റഷ്യയും സിറിയയിലെ ബഷർ അൽ അസദ് ഭരണകൂടവുമായി ഊഷ്മള ബന്ധം നിലനിർത്തുന്നവരാണ്. എന്നാൽ തുർക്കിയാകട്ടെ അസദ് ഭരണ കൂടത്തെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. കസാഖിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ച എത്രകണ്ട് ഫലത്തിലെത്തും എന്നത് കാത്തിരുന്നു തന്നെ കാണണംഒരു കാര്യം ഉറപ്പാണ്. അതിശക്തമായ ഇടപെടൽ ലോകരാജ്യങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ സിറിയ വീണ്ടും കുരുതിക്കളമാകും.

MORE IN WORLD
SHOW MORE