അലൂമിനിയം, സ്റ്റീല്‍ ഇറക്കുമതി തീരുവ കൂട്ടാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകരാജ്യങ്ങള്‍

trump-aluminum-t
SHARE

അലൂമിനിയം, സ്റ്റീല്‍ ഇറക്കുമതി തീരുവ കൂട്ടാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ആഗോളതലത്തില്‍ വ്യാപാര യുദ്ധത്തിന് തുടക്കമിട്ടു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രധാന ഉല്‍പന്നങ്ങളുടെ പട്ടിക യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കി. പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് ഓസ്ട്രേലിയ മുന്നറിയിപ്പുനല്‍കി. അതിനിടെ ട്രംപുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോന്‍ രാജിവച്ചു. 

അമേരിക്കിയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങള്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ഷര്‍ട്ടുകള്‍, ജീന്‍സ്, സൗന്ദര്യവര‍്ധക ഉല്‍പന്നങ്ങള്‍, മോട്ടോര്‍ ബൈക്കുകള്‍, വിസ്കി, മറ്റ് വ്യാവസായിക ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ്. ഇവയ്ക്കുള്ള ഇറക്കുമതി തീരുവ കൂട്ടാനുള്ള തയ്യാറെടുപ്പാണ് യൂറോപ്യന‍് യൂണിയന്‍ നടത്തുന്നത്. ഏകദേശം 350 കോടി ഡോളറിന്റെ ഇറക്കുമതിയാണ് യൂറോപ്യന്‍ യൂണിയന്‍ നടത്തുന്നത്. അതിനിടെ വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ അംഗങ്ങളായ കാനഡയും മെക്സിക്കോയും അമേരിക്കയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വ്യാപാര കരാര്‍ പുതുക്കണമെന്ന് രാജ്യങ്ങള്‍ ആവശ്യമുന്നയിച്ചു. ഈ രണ്ടു രാജ്യങ്ങളാണ് അമേരിക്കയിലേക്ക് സ്റ്റീലും അലൂമിനിയവും കയറ്റുമതി ചെയ്യുന്നതില്‍ പ്രമുഖര്‍. ട്രംപിന്റെ തീരുമാനം അങ്ങേയറ്റം ഖേദകരമാണെന്നും പ്രത്യാഘാതം വലുതായിരിക്കുമെന്നും ഓസ്ട്രേലിയയുടെ സെന്‍ട്രല്‍ ബാങ്ക് തലവന്‍ മാല്‍കം ടേണ്‍ബുള്‍ മുന്നറിയിപ്പുനല്‍കി. 

അതിനിടെ ഇറക്കുമതി തീരുവ കൂട്ടാനുള്ള തീരുമാനം സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ ട്രംപി‍ന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോന്‍ രാജിവച്ചു. തുറന്നവിപണിയുടെ വക്താവായ അദ്ദേഹം പലപ്പോഴും ട്രംപിന്‍റെ സംരക്ഷണവാദത്തെ തുറന്ന് എതിര്‍ത്തിരുന്നു. നികുതി പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് ഗാരി കോന്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കയറ്റുമതി വളര്‍ച്ച ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിനിടെയുണ്ടാകുന്ന വ്യാപാര യുദ്ധം കനത്ത തിരിച്ചടിയാണ്. ഏതായാലും 1930 ലേതിനു സമാനമായ വ്യാപാര യുദ്ധതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നാണ് വിലയിരുത്തുന്നത്. അന്നും അമേരിക്കയായിരുന്നു പ്രതിസ്ഥാനത്ത്.  പ്രസിഡന്‍റായിരുന്ന ഹെര്‍ബെര്‍ട്ട് ഹൂവറിന്റെ അമേരിക്കന്‍ വ്യവസായങ്ങള്‍ സംരിക്ഷിക്കാനെന്ന പേരില്‍ തീരുവ ഉയര്‍ത്തിയതായിരുന്നു വ്യാപാര യുദ്ധത്തിനിടയാക്കിയത്. പക്ഷെ, യുദ്ധത്തിനൊടുവില്‍ ആഗോള സാമ്പത്തിക മാന്ദ്യമായിരുന്നു അന്ന് ഉണ്ടായത്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.