ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുളള കുറഞ്ഞ പ്രായം ഇനി 15; പഴുതടച്ച് ഫ്രാൻസ്

marlene-schiappa
ഫ്രാൻസിലെ സമത്വത്തിനു വേണ്ടിയുളള മന്ത്രി മർലിൻ ഷിയാപ്പ
SHARE

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുളള കുറഞ്ഞ പ്രായം 15  ആക്കാനൊരുങ്ങി ഫ്രാൻസ്. ഇതോടെ 15 വയസിൽ താഴെയുളള പെൺകുട്ടികളുമായി  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരും. പതിനൊന്ന്  വയസുകാരികൾ ഇരകളായ ബലാത്സംഗക്കേസ് വിവാദമായ സാഹചര്യത്തിലാണ് രാജ്യത്ത്  പുതിയ നീക്കം.  

സമത്വത്തിനു വേണ്ടിയുളള മന്ത്രി മർലിൻ ഷിയാപ്പയാണ് ഇക്കാര്യം  അറിയിച്ചത്. എന്നാൽ ഡോക്ടർമാരുടെയും നിയമവിദഗ്ദ്ധരുടെയും അഭിപ്രായങ്ങൾ മാനിച്ച  ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയുളളുവെന്ന് മന്ത്രി മർലിൻ  ഷിയാപ്പ അറിയിച്ചു. നിയമം മാര്‍ച്ച് 21ന് മന്ത്രിമാരുടെ കൗണ്‍സിലിന് മുമ്പാകെ  അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

നിലവിൽ 15 വയസിനു താഴെയുളള പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ  ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാണെങ്കിലും ബലാത്സംഗക്കേസുകളിൽ ജീവഹാനിയില്ലെങ്കിൽ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്നത്  സാധാരണമായതോടെയാണ് പുതിയ നിയമസാധുതതയെ കുറിച്ച് അധികൃതർ ആലോചിച്ചു  തുടങ്ങിയത്. പതിനഞ്ചു വയസ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുളള കുറഞ്ഞ പ്രായമാക്കുന്നതോടെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പു വരുത്താനാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ നവംബറിൽ പതിനൊന്നു കാരിയെ ബലാത്സംഗം ചെയ്ത കേസിൽ 30 കാരനെ കോടതി വെറുതെ  വിട്ടിരുന്നു. സംഭവത്തിൽ അക്രമമോ, എതെങ്കിലും തരത്തിലുളള സ്വാധീനമോ പ്രലോഭനമോ  ബലപ്രയോഗമോ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയെ കോടതി  കുറ്റവിമുക്തനാക്കിയത്. മറ്റൊരു സംഭവത്തിൽ 28 കാരനെയും കോടതി കുറ്റവിമുക്തനാക്കി.  .പ്രതികള്‍ കുട്ടികളെ നിര്‍ബന്ധിത ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നെന്ന്  തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു. ഈ സംഭവങ്ങളോടെ  ജനരോഷം ആളിക്കത്തിയ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍  രംഗത്തെത്തിയത്.

ഓസ്ട്രിയ, ജർമ്മനി, ഹംഗറി, ഇറ്റലി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ 14 വയസാണ്  പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുളള കുറഞ്ഞ പ്രായം. ഗ്രീസ്  പോളണ്ട്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ പതിനഞ്ചും, ബെൽജിയം നെതർലൻഡ്സ്,  സ്പെയിൻ, റഷ്യ എന്നിവടങ്ങളിൽ 16 വയസുമാണ്. സൈപ്രസിൽ പതിനേഴ് വയസാണ്  പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുളള കുറഞ്ഞ പ്രായം. മാൾട്ട, വത്തിക്കാൻ സിറ്റി എന്നിവടങ്ങളിൽ പതിനെട്ടും. 

MORE IN WORLD
SHOW MORE