കുരുന്നുകൾ പിടഞ്ഞു വീഴുന്നു; 5 മണിക്കൂർ കൊണ്ട് എങ്ങനെ രക്ഷിക്കുമെന്ന് യുഎൻ

syria-attack
SHARE

‘സിറിയയിലെ സാധാരണക്കാർക്കു സഹായമെത്തിക്കാൻ ഞങ്ങൾക്കു പിന്തുണ നൽകുന്ന കാര്യത്തിൽ എല്ലാ രാജ്യങ്ങളും തികഞ്ഞ പരാജയമാണ്’– യുഎൻ പ്രതിനിധി ജാൻ എഗെ‌ലൻഡിന്റെ വാക്കുകളാണ്. 11 ദിവസമായി തുടരുന്ന ബോംബാക്രമണത്തിൽ സിറിയയിലെ കിഴക്കൻ ഗൂട്ട തകർന്നു തരിപ്പണമായ സാഹചര്യത്തിലാണ് അംഗരാജ്യങ്ങൾക്കു നേരെ യുഎന്നിന്റെ രൂക്ഷവിമർശനം. 

കുരുന്നുകൾ ഉൾപ്പെടെ നൂറുകണക്കിനു പേരാണു മരിച്ചുവീഴുന്നത്. എന്നിട്ടും ഗൂട്ടായിൽ സഹായമെത്തിക്കാനാകുന്നില്ല. വിമതസേനയുടെ അവസാന ശക്തികേന്ദ്രമായ കിഴക്കന്‍ ഗൂട്ടാ പിടിച്ചെടുക്കാൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ നേതൃത്വത്തിലുള്ള സിറിയൻ സൈന്യം തീവ്രശ്രമത്തിലാണ്. ഈ പോരാട്ടത്തിനിടെ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതാകട്ടെ നാലു ലക്ഷത്തോളം ജനങ്ങളും. ഇവരിൽ എത്രപേർ ജീവനോടെയുണ്ടെന്നു പോലും അറിയില്ല. 

റഷ്യൻ പിന്തുണയോടെയാണ് സിറിയൻ സൈന്യത്തിന്റെ പോരാട്ടം. ദിവസവും അഞ്ചു മണിക്കൂർ നേരത്തേക്ക് റഷ്യ വെടിനിർത്തലും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതിനെയും രൂക്ഷമായ ഭാഷയിലാണ് യുഎൻ വിമർശിച്ചത്. സാധാരണക്കാരെ യുദ്ധമേഖലയിൽ നിന്നു രക്ഷപ്പെടുത്താനും അവിടേക്ക് മരുന്നുകളും മറ്റു സഹായങ്ങളും എത്തിക്കാനും അഞ്ചു മണിക്കൂർ കൊണ്ട് എങ്ങനെ സാധിക്കുമെന്നാണ് യുഎന്നിന്റെ ചോദ്യം. 

‘കിഴക്കൻ ഗൂട്ടായിൽ രാജ്യാന്തര നിയമങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. നാലു ലക്ഷത്തോളം പേർക്ക് അവിടെ സഹായം അത്യാവശ്യമുണ്ട്. എന്നാൽ ഇതുവരെ അവിടേക്ക് അയയ്ക്കാനായത് ഒരേയൊരു സഹായകസംഘത്തെ മാത്രം. ഫെബ്രുവരി മധ്യത്തിൽ അയച്ച അവർക്ക് ഏഴായിരത്തോളം പേർക്കു മാത്രമേ സഹായം എത്തിക്കാനായുള്ളൂ...’ എഗെ‌ലൻഡ് പറയുന്നു.

‘രക്ഷാപാത’ എന്നു പേരിട്ട് ഒഴിവാക്കി നിർത്തിയ മേഖലയിലാണ് റഷ്യ അഞ്ചു മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത്. പരുക്കേറ്റവരെ പുറത്തെത്തിക്കാനും അത്യാവശ്യക്കാർക്ക് സഹായം എത്തിക്കാനുമാണിത്. എന്നാൽ ഇതിനു തുടക്കമിട്ട ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്നെ പരാജയപ്പെട്ടു. കനത്ത ബോംബ്–ഷെല്ലാക്രമണമാണു മേഖലയിൽ ഉണ്ടായത്. 

ഈ സാഹചര്യത്തിൽ ഇരുമേഖലയിലേക്കും സഞ്ചാരം സാധ്യാമാകുന്ന രക്ഷാപാത വേണമെന്നാണ് യുഎന്നിന്റെ ആവശ്യം. അതുവഴി ഒട്ടേറെ രക്ഷാസംഘങ്ങൾക്ക് കിഴക്കൻ ഗൂട്ടായിലേക്കു പ്രവേശിക്കാനാകണം. അതേസമയം തന്നെ പരുക്കേറ്റ 1000 പേരെയെങ്കിലും രക്ഷപ്പെടുത്തി പുറത്തെത്തിക്കാനുമാകണം. ഇതെല്ലാം വെറും അഞ്ചു മണിക്കൂർ കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഒരാളെപ്പോളും തനിക്കറിയില്ലെന്നും റഷ്യയെ പരിഹസിച്ച് എഗെലൻഡ് വ്യക്തമാക്കി. 

യുഎന്നിന്റെ 43 ട്രക്കുകളാണ് കിഴക്കൻ ഗൂട്ടായിലേക്കു സിറിയയുടെ യാത്രാനുമതി കാത്ത് കിടക്കുന്നത്. ഇവ തിരിച്ചു വരുന്ന മുറയ്ക്ക് ചരക്കുകൾ നിറയ്ക്കാൻ തക്കവിധം സംഭരണശാലകളിലും വിഭവങ്ങളും മരുന്നുകളും ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്. മേഖലയിൽ 30 ദിവസം നീളുന്ന വെടിനിർത്തലിനു വേണ്ടിയുള്ള ശ്രമങ്ങളും യുഎൻ നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് യുഎൻ സുരക്ഷാകൗൺസിൽ ശനിയാഴ്ച പ്രമേയവും പാസാക്കിയിരുന്നു. എന്നാൽ അതിനു പിന്നാലെ ഗുട്ടായിലെ രണ്ട് ആശുപത്രികൾ വിമതർ ബോംബിട്ടു തകർത്തു. 

1123 പേരെ അടിയന്തരമായി ഇവിടെ നിന്നു മാറ്റണമെന്നും യുഎൻ വ്യക്തമാക്കുന്നു. ഉടനടി നീക്കമുണ്ടായില്ലെങ്കിൽ അലെപ്പോയിലേതിനു സമാനമാകും സിറിയയിലെ അവസ്ഥയെന്ന് യുഎൻ പ്രത്യേക പ്രതിനിധി സ്റ്റഫാൻ ഡി മിസ്റ്റുറ പറഞ്ഞു. യുഎൻ പ്രമേയത്തെ പൂർണമായും നിരാകരിക്കുന്ന നിലപാടായിരുന്നു സിറിയയുടെ ഭാഗത്തു നിന്നുണ്ടായതെന്നും മിസ്റ്റുറ വിമർശിച്ചു. 2016ൽ അലെപ്പോ പിടിച്ചെടുക്കാനുള്ള ബഷാർ അൽ അസദിന്റെ സൈനികരുടെ പോരാട്ടത്തിനിടെ രൂക്ഷമായ രക്തച്ചൊരിച്ചിലാണുണ്ടായത്. സമാനമായ അവസ്ഥയാണിപ്പോൾ കിഴക്കൻ ഗൂട്ടായിലും. 

MORE IN WORLD
SHOW MORE