സിറിയ കരയുന്നു, കുഞ്ഞുങ്ങളും; ലോകം ഉറങ്ങുന്നു

syria-bleeding
SHARE

കുഞ്ഞുങ്ങളാണ് മരിച്ചുവീഴുന്നത്. ഒന്നും ചെയ്യാതെ ലോകം നോക്കി നില്‍ക്കുന്നു. സിറിയന്‍ കുഞ്ഞുങ്ങള്‍ക്ക് ആരാണ് നീതി നല്‍കുക? ഏഴ് വര്‍ഷമായി ആ ജനതയേറ്റുവാങ്ങുന്ന ദുരിതത്തിന് ആരാണ് അന്ത്യം കുറിക്കുക ? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍. ഇസ്്ലാമിക് സ്റ്റേറ്റിനെ തുരത്തിയ ശേഷം വിമതരും അസദ് സര്‍ക്കാരും തമ്മിലുള്ള പോരാട്ടത്തില്‍ പോയ ആഴ്ച മാത്രം 500 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അസദിന്‍റെ സംരക്ഷകരായി രംഗപ്രവേശം ചെയ്ത റഷ്യയാണ് സിറിയയില്‍ ചോരപ്പുഴ ഒഴുക്കുന്നത്. യുഎന്‍ പ്രമേയത്തെപ്പോലംു അവഗണിച്ചാണ് റഷ്യന്‍ തേരോട്ടം.

നിക്കി ഹാലി പറഞ്ഞത് ശരിയാണ്. റഷ്യയുടെ ഒൗദാര്യത്തിലാണ് സിറിയയിലെ കുഞ്ഞുങ്ങളുടെ ജീവന്‍. ഒരു മര്യാദയുമില്ലാതെ, മനുഷ്യജീവന് പുല്ലുവില കൊടുക്കാതെ അവര്‍ കൊന്നൊടുക്കുന്നു.  500 പേര്‍ കൊല്ലപ്പെട്ടതില്‍ 190 കുഞ്ഞുങ്ങളാണെന്നത് ഈ മനുഷ്യക്കുരുതിയുടെ ഗൗരവമേറ്റുന്നു. സിറിയന്‍ ഭരണാധികാരി ബഷാര്‍ അല്‍ അസദിന്‍റെ സംരക്ഷണമാണ് റഷ്യയുടെ ലക്ഷ്യം.  പക്ഷേ അതിനവര്‍ കുരുതി കൊടുക്കുന്നത് രാഷ്ട്രീയമെന്തെന്നറിയാത്ത പിഞ്ചുകുഞ്ഞുങ്ങളെയും. 

syria

ഇഡ്്ലിബ് കഴിഞ്ഞാല്‍ വിമതരുടെ വലിയ ശക്തി കേന്ദ്രമാണ് ഗൂട്ട. ദമാസ്കസിനോട് അടുത്ത നഗരം രാജ്യഭരണം ഉറപ്പിക്കുന്നതില്‍ അസദിന് നിര്‍ണായകമാണ്. 4 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന നഗരത്തിന്‍റെ ഭൂരിഭാഗവും വ്യോമാക്രമണത്തില്‍ തകര്‍ത്തുകഴിഞ്ഞു.  യുഎന്‍ രക്ഷാസമിതി വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി 24 മണിക്കൂറിനുള്ളില്‍ 24 പേരാണ് കൊല്ലപ്പെട്ടത്.  സംഘര്‍ഷമേഖലയില്‍ കുടുങ്ങിയ ആയിരക്കണക്കിന് സാധാരണക്കാരെ രക്ഷപെടുത്താനും മുറിവേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും അനുവദിക്കണമെന്ന സന്നദ്ധസംഘടനകളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം പക്ഷേ   ബധിരകര്‍ണങ്ങളിലാണ് പതിച്ചത്.  മാത്രവുമല്ല ആശുപത്രികള്‍ക്ക് നേരെ തുടരെതുടരെ വ്യോമാക്രമണവുമുണ്ടായി.    വെടിനിര്‍ത്തല്‍ സംബന്ധിച്ച് യുഎന്‍ അംഗരാജ്യങ്ങള്‍ ചര്‍ച്ചതുടരുമ്പോഴും ഗൂട്ടയില്‍ മനുഷ്യര്‍ മരിച്ചുവീണുകൊണ്ടിരുന്നു.  ഇപ്പോള്‍ ദിവസേന 5 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയാറാണെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. പക്ഷേ പതിനായിരങ്ങള്‍ നരകിക്കുന്ന ഗുട്ടയ്ക്ക് ഇതുകൊണ്ട് ഒന്നുമാവില്ലെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. ആര്‍മി ഒാഫ് ഇസ്്ലാം, ഫ്രീ സിറിയന്‍ ആര്‍മി എന്നിങ്ങനെ രണ്ട് വിമതവിഭാഗങ്ങളാണ് ഗൂട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നത്. ചര്‍ച്ചകള്‍ക്ക് തങ്ങള്‍ സന്നദ്ധമാണെന്നും മുന്‍കൈ എടുക്കേണ്ടത് റഷ്യയാണെന്നുമാണ് വിമതരുടെ നിലപാട്.

എന്താണ് വ്ലാഡിമിര്‍ പുടിന്‍റെ ലക്ഷ്യം ? 

സിറിയയിലെ നിരപരാധികളെ കൊന്നൊടുക്കി ലോകനേതാവാകാനാണ് ശ്രമമെന്ന് തോന്നുന്നു. അമേരിക്ക കൊന്നതിലും മനുഷ്യരെ ഞങ്ങള്‍ കൊല്ലും എന്ന് പറയുംപോലെയാണ് മോസ്കോയുടെ നീക്കം.  റഷ്യയെ നിലയ്ക്കുനിര്‍ത്താന്‍ സാധിക്കാത്ത യുഎന്‍ രക്ഷാസമിതിയുടെ അവസ്ഥ ലജ്ജാകരമാണ്.

Syria

ഒന്നരവര്‍ഷമായി സിറിയയിലെ റഷ്യന്‍ ഇടപെടല്‍ തുടങ്ങിയിട്ട്. സിറിയയില്‍ നിന്ന് ലോകത്തയാകെ വിറപ്പിച്ച ഇസ്്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തി എന്ന് ആദ്യം പ്രഖ്യാപിച്ചതും പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനാണ്. എല്ലാം ശരിയായെന്നും ഇനി സിറിയക്കാരെ അവരുടെ വഴിക്ക് വിടാമെന്നും പറഞ്ഞ പുടിന്‍റെ സൈന്യം പക്ഷേ തൊട്ടടുത്ത മാസം തന്നെ ആ രാജ്യത്ത് കനത്ത ആക്രമണം അഴിച്ചുവിട്ടു. ഇറാഖ് യുദ്ധത്തില്‍ ലക്ഷ്യം നേടിയെന്ന 2003ലെ ജോര്‍ജ് ബുഷിന്‍റെ പ്രഖ്യാപനം പോലെ അടിസ്ഥാനമില്ലാത്ത ഒന്നായിരുന്നു ഇഡ്്ലിബിലെ പുടിന്‍റെ പ്രഖ്യാപനവും. ഗൂട്ട മുതല്‍ തുര്‍ക്കി അതിര്‍ത്തി വരെയും ഹമാ മുതല്‍ ദെയിര്‍ എസോര്‍ വരെയും അസദിന് സമ്പൂര്‍ണ ആധിപത്യം നേടാന്‍ ദൂരമേറെ താണ്ടണം എന്നതാണ് വസ്തുത.  സമകാലീന ലോകത്തെ ഏറ്റവും സങ്കീര്‍ണമായ സംഘര്‍ഷത്തില്‍ കക്ഷി ചേര്‍ന്ന റഷ്യയ്ക്ക് തലയൂരല്‍ അത്ര എളുപ്പമല്ല.  വലിയ ശതമാനം റഷ്യക്കാര്‍ സിറിയയിലെ ഇടപെടലിനെ അനുകൂലിക്കുന്നെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിഷ്പക്ഷ മാധ്യമങ്ങളെ നിശബ്ദരാക്കി പുടിന്‍ നടത്തുന്ന ഏകപക്ഷീയ പ്രചാരണമാണ് റഷ്യക്കാരെ സ്വാധീനിക്കുന്നത്. അമേരിക്കയെ വെല്ലുവിളിച്ച് റഷ്യ എന്ന തരത്തിലാണ് ക്രെംലിന്‍റെ പ്രചാരണം. പഴയ യുഎസ്എസ്ആറിന്‍റെ പ്രതാപത്തിലേക്ക് ഇതെല്ലാം റഷ്യയെ തിരികെ കൊണ്ടുവരുമെന്ന് റഷ്യക്കാര്‍ കരുതുന്നു.

ഇതിലെല്ലാമുപരി വാണിജ്യതാല്‍പര്യങ്ങളാണ് എണ്ണസമ്പന്നമായ   സിറിയയില്‍ തുടരാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നത്. മോസ്കോയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെഹ്കില്‍ രാജ്യഭരണം പൂര്‍ണമായും അസദിന്‍റെ കൈകളില്‍ ഉറപ്പിക്കണമെന്ന് പുടിന് നന്നായി അറിയാം. എതിര്‍ശബ്ദങ്ങളെ എന്തുവില കൊടുത്തും തുടച്ചുനീക്കാനുള്ള നീക്കത്തിനു പിന്നിലെ ലക്ഷ്യവും അതുതന്നെ. അസദിനെതിരായ യുഎന്‍ പ്രമേയങ്ങളെ 11 തവണയാണ് റഷ്യ വീറ്റോ ചെയ്തത്. അസദിനെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമത്തില്‍ സഖ്യകക്ഷികളെയും സംശയത്തോടെയാണ് റഷ്യ നോക്കിക്കാണുന്നത്. ഇറാനും തുര്‍ക്കിയും ഒരു പരിധിക്കപ്പുറം സിറിയയില്‍ ഇടപെടുന്നതില്‍ റഷ്യയ്ക്ക് അസഹിഷ്ണുതയുണ്ട്. ഇക്കാര്യം മനസിലാക്കി തന്നെയാണ് ഇറാനും തുര്‍ക്കിയും നീങ്ങുന്നതും.  ഇസ്രയേലിനെയും അമേരിക്കയെയും വിറപ്പിക്കാന്‍ ഇറാന് മികച്ച താവളം സിറിയയാണ്.  സിറിയയില്‍ റവലൂഷണറി ഗാര്‍ഡ് മാതൃകയില്‍ സ്ഥിരം സേന സ്ഥാപിക്കാനുള്ള സിറിയന്‍ നീക്കത്തെ ആശങ്കയോടെയാണ് റഷ്യ കാണുന്നത്.  ചുരുക്കത്തില്‍ ചോരപ്പുഴയൊഴുക്കി  ഗൂട്ട കൂടി തിരിച്ചുപിടിച്ചാലും ദമാസ്കസിന്‍റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ ക്രെംലിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. 

MORE IN WORLD
SHOW MORE