ലൂർദ്ദ് മാതാവിന്റെ മധ്യസ്ഥതയിൽ അത്ഭുതം; സ്ഥിരീകരണവുമായി വത്തിക്കാൻ

Faithful-attend-the-Holy-Ma
SHARE

ലൂര്‍ദ് മാതാവിന്‍റെ മധ്യസ്ഥതയില്‍ നടന്ന എഴുപതാം അത്ഭുതത്തിന് ഒൗദ്യോഗിക അംഗീകാരം. ഫ്രാന്‍സിലെ ബ്യുയസ് ബിഷപ്പ് ജാക്വെസ് ബെനോയിറ്റ് ഗോനിന്‍ ആണ് പ്രഖ്യാപനം നടത്തിയത്. ഫ്രഞ്ച് കന്യാസ്ത്രി ബര്‍ണര്‍ദത്തെ മോറിയുവിനാണ് മാതാവിന്‍റെ അത്ഭുതപ്രവര്‍ത്തി വഴി രോഗശാന്തി ലഭിച്ചതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. തളര്‍വാതരോഗിയായിരുന്ന സിസ്റ്റര്‍ 2008ല്‍ വീല്‍ചെയറിലാണ് ലൂര്‍ദിലെത്തിയത്. 1980 മുതല്‍ അരയ്ക്ക് കീഴ്പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട സിസ്റ്റര്‍ വേദനസംഹാരികളുടെ സഹായത്താലാണ് ജീവിച്ചിരുന്നത്. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ ലൂര്‍ദ് മാതാവിന്‍റെ മുന്നിലെത്തിയപ്പോള്‍ അത്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചില്ലെന്ന് സിസ്റ്റര്‍ ബര്‍ണര്‍ദത്തെ പറയുന്നു. രോഗികള്‍ക്കായുള്ള പ്രത്യേകപ്രാര്‍ഥനയില്‍ പങ്കെടുത്ത് മുറിയിലേയ്ക്ക് മടങ്ങിയ തന്നെ മാതാവിന്‍റെ വലിയ ഇടപെടല്‍ കാത്തിരിക്കുന്നുണ്ടായിരുന്നെന്ന് സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് സംഭവിച്ചത് സിസ്റ്റര്‍ വിവരിക്കുന്നത് ഇങ്ങനെ. " ശരീരത്തിനാകെ ഒരു മാറ്റം അനുഭവപ്പെട്ടു. സുഖകരമായ ഒരു ആശ്വാസം, തുടര്‍ന്ന് അശരീരി പോലൊന്ന്, നിന്‍റെ കെട്ടുകള്‍ അഴിച്ചുമാറ്റുക എന്ന് ആ ശബ്ദം എന്നോട് പറഞ്ഞു.അത്ഭുതമെന്ന് പറയട്ടെ എനിക്ക് ചലിക്കാന്‍ സാധിച്ചു. വീല്‍ചെയര്‍ മാത്രമല്ല വേദനസംഹാരികളും മാറ്റി നിര്‍ത്താന്‍ എനിക്കായി". ശാസ്ത്രീയമായ പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ലൂര്‍ദ് മാതാവിന്‍റെ ഈ അത്ഭുതത്തിന് കത്തോലിക്ക സഭ അംഗീകാരം നല്‍കി. 1858ല്‍ കൊച്ചുകുട്ടിക്ക് മാാതാവിന്‍റെ ദര്‍ശനം ലഭിച്ചെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഫ്രാന്‍സിലെ ലൂര്‍ദ്. വര്‍ഷങ്ങളായി ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ഇഷ്ടതീര്‍ഥാടന കേന്ദ്രമാണിത്.  കൂടുതലും  രോഗികളാണ് ലൂര്‍ദ് മാതാവിന്‍റെ മധ്യസ്ഥത തേടിയെത്തുന്നത്. 

MORE IN WORLD
SHOW MORE