ചിക്കൻ വിതരണം നിലച്ചു, ബ്രിട്ടനിൽ അറുന്നൂറോളം കെഎഫ്സി പൂട്ടി

kfc-close
SHARE

ചിക്കൻ സ്റ്റോക്ക് തീർന്നതോടെ  ബ്രിട്ടനിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്സിയുടെ അറുന്നൂറോളം ഔട്ട്ലറ്റുകൾക്ക് പൂട്ടുവീണു. രാജ്യത്ത് ആകെയുള്ള 900 ഫ്രാഞ്ചൈസികളിൽ ഭൂരിഭാഗവും പൂട്ടിയതോടെ കെന്റക്കി ഫ്രൈഡ് ചിക്കന്റെ ആരാധകർ ചിക്കൻ ഫ്രൈ തേടി നെട്ടോട്ടമോടുകയാണ്. അടുത്ത വാരാന്ത്യത്തോടെയെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സി അധൃകൃതർ. എന്നാൽ ഇക്കാര്യം ഇവർ സ്ഥിരീകരിക്കുന്നില്ല. 

ചിക്കൻ വിതരണത്തിന് പുതുതായി കരാർ എടുത്ത ഡിഎച്ച്എൽ കമ്പനിയുടെ വിതരണ സംവിധാനത്തിൽ വന്ന പാളിച്ചയാണ് ഫ്രാഞ്ചൈസികളിൽ സമയത്ത് വേണ്ടത്ര ചിക്കൻ എത്താതിരിക്കാൻ കാരണം. ഔട്ട്ലറ്റുകൾ പ്രവർത്തനം നിർത്തിയതോടെ ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ആരെയും നിർബന്ധിക്കുന്നില്ല. ജീവനക്കാർക്ക് ശമ്പളവും കൃത്യമായി നൽകുമെന്നാണ് കെഎഫ്സിയുടെ വിശദീകരണം. എന്നാൽ പൂട്ടിയ ഔട്ട്ലറ്റുകൾ ഭൂരിഭാഗവും സ്വകാര്യ ഫ്രാഞ്ചൈസികളായതിനാൽ ഇവരുടെ ശമ്പളക്കാര്യത്തിൽ അന്തിമ തീരുമാനം ഫ്രാഞ്ചൈസി ഉടമസ്ഥരുടേതാകും.

കെഎഫ്സി ചിക്കൻ ഒഴിച്ചുകൂടാനാകാത്തവർക്ക് കെഎഫ്സി വെബ്‌സൈറ്റ് സന്ദർശിച്ച് അടുത്തുള്ള പ്രവർത്തനസജ്ജമായ ഔട്ട്ലറ്റ് കണ്ടെത്താനും സൗകര്യം ഏർപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് കെഎഫ്സിയുടെ പ്രവർത്തനം താളംതെറ്റിത്തുടങ്ങിയത്. അതുവരെ സൌത്ത് ആഫ്രിക്കൻ വിതരണ കമ്പനിയായ ബിഡ്‌വെസ്റ്റ് ആയിരുന്നു ഔട്ട്ലറ്റുകളിൽ ചിക്കനും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചിരുന്നത്. ഇവരുടെ കരാർ അവസാനിപ്പിച്ച് വിതരണച്ചുമതല ഡിഎച്ച്എല്ലിനെ ഏൽപിച്ചതോടെയാണ് കാര്യങ്ങൾ തകരാറിലായത്. ഇവർക്ക് രാജ്യത്തിന്റെ പലഭാഗത്തും അയർലൻഡിലും ആവശ്യത്തിന് ചിക്കൻ എത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെ ശാഖകൾ ഓരോന്നായി പൂട്ടേണ്ട സ്ഥിതിയായി. 

പുതിയ ഡെലിവറി പാർട്നറുടെ ഭാഗത്തുനിന്നുള്ള വീഴ്ച മനസിലാക്കി പ്രശ്നം പരിഹരിക്കാൻ സാധിക്കുംമുമ്പേ സ്റ്റോക്ക് തീർന്ന് ശാഖകൾ പലതും തുറക്കാനാകാത്ത സ്ഥിതിയായതാണ് പ്രശ്നം ഗുരുതരമാക്കിയത്. അടുത്തു തന്നെ പ്രശ്നം പരിഹരിക്കുമെന്ന് കെഎഫ്സി അധികൃതർ അറിയിച്ചു.

MORE IN WORLD
SHOW MORE