മകളെ മടിയിലിരുത്തി വാര്‍ത്ത വായിച്ചു; ക്രൂരതയ്ക്കെതിരെ മൂർച്ചയുളള പ്രതിഷേധം

kiran-naz-anchor
SHARE

എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം ക്രൂരമായി കൊലചെയ്ത സംഭവത്തിൽ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ജനപ്രിയ വാർത്താ അവതാരക കിരൺ നാസ്. സ്വന്തം മകളെ മടിയിലിരുത്തി സമ ചാനലിൽ വാർത്ത അവതരിപ്പിച്ച് പ്രതിഷേധിച്ച കിരണിന്റെ ചങ്കുറ്റത്തിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ. 

'ഇന്നു ഞാൻ കിരൺ നാസ് എന്ന അവതാരകയല്ല, എന്റെ മകളുടെ അമ്മയാണ് '- രോഷവും സങ്കടവും കലർന്ന വാക്കുകളിൽ അവർ പറഞ്ഞു. കസൂറിലെ തെരുവിൽ ഒരു കുഞ്ഞുമൃതശരീരം കിടക്കുന്ന ഈ ദിനം മനുഷ്യത്വത്തിന്റെ ചരമദിനമാണെന്നും കിരൺ പറഞ്ഞു. ചെറിയ ശവപ്പെട്ടികള്‍ക്ക് കനം കൂടും എന്ന് അവര്‍ പറയുന്നത് വാസ്തവമാണ്. അവളുടെ ശവപ്പെട്ടിയുടെ ഭാരം ചുമന്നുകൊണ്ടിരിക്കുകയാണ് പാക്കിസ്ഥാന്‍ മുഴുവനും." കിരൺ തുറന്നടിച്ചു. 

പാക്കിസ്ഥാനിലെ ഏറ്റവും പ്രശ്സതരായ വാർത്താ അവതാരകരിൽ ഒരാളാണ് കിരൺ. പൊലീസിന്റെ അലംഭാവത്തെയും ഇത്തരം കേസുകളിലെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെയും കിരൺ തുറന്നടിച്ചു. 

പഞ്ചാബ് പ്രവിശ്യയിലെ കസൂറിൽ ഈ മാസം നാലിനാണ് എട്ടുവയസ്സുകാരി സൈനബ് അൻസാരിയെ കാണാതായത്. ക്രൂരമായ ബലാത്സംഗത്തിനു ശേഷം ഉപേക്ഷിച്ച നിലയിൽ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ച കണ്ടെത്തി. സംഭവത്തെ തുടർന്ന് വൻ പ്രതിഷേധങ്ങൾക്കാണ് പാക്കിസ്ഥാൻ സാക്ഷ്യം വഹിച്ചത്. 

പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. പൊലീസ് നടത്തിയ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 

സൈനബിനു നീതി കിട്ടണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ഉംറയ്ക്കു പോയിരിക്കുകയായിരുന്ന മാതാപിതാക്കൾ തിരിച്ചെത്തിയെങ്കിലും കൊലയാളികളെ അറസ്റ്റ് ചെയ്യുംവരെ മൃതദേഹം കബറടക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.