വെസ്‌ലി പറഞ്ഞത് നുണ; ഷെറിന്റെ മരണം ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമ’ത്തെ തുടർന്ന്

sherin-mathews
SHARE

അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിന്റെ മരണത്തിൽ ദുരൂഹത മറ നീക്കുന്നു. മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിൻ കൊല്ലപ്പെട്ടത് ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടർന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട്. പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി.  ഷെറിന്‍റെ മരണ കാരണം ഫൊറന്‍സിക് വിദഗ്ധർ പുറത്തുവിട്ടിരുന്നില്ല. 

കുഞ്ഞിന്‍റെ ശരീരത്തില്‍ ഒടിവുകളും മുറിവുകള്‍ ഉണങ്ങിയതിന്‍റെ പാടുകളും ഉണ്ടെന്ന് മൃതദേഹം പ്രാഥമികപരിശോധന നടത്തിയ ഡോക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒടിവുകള്‍ കുഞ്ഞിന്‍റെ ദത്തെടുക്കും മുന്‍പ് ഇന്ത്യയില്‍വച്ചുണ്ടായ പോഷകാഹാരക്കുറവുമൂലമാണെന്നാണ് വളര്‍ത്തമ്മ സിനി മാത്യൂസ് മൊഴി നല്‍കിയിരിക്കുന്നത്. 

2017 ഒക്ടോബർ ഏഴിനാണ് വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. ഷെറിന്‍ മാത്യൂസ് മരിച്ചത് നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണെന്ന് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് മൊഴി നൽകിയിരുന്നത്. ഒക്ടോബർ എഴിനു രാവിലെ വെസ്‌ലി സ്വന്തം വാഹനത്തിൽ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയിൽ കൊണ്ടു പോയി ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഒക്ടോബർ എഴിനു രാവിലെ ഷെറിന്റെ മുറിയിൽ ഷെറിനില്ലാതെ പരിഭ്രാന്തനായി ഇരിക്കുന്ന വെസ്‌ലിയെ സിനി കണ്ടതായും രാവിലെ അഞ്ച് മണിയോടെയാണ് ഷെറിനെ കാണാതായതായി ശ്രദ്ധയിൽപ്പെട്ടതെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാൽ എട്ട് മണിയോടെയാണ് കുഞ്ഞിനു വേണ്ടി തിരച്ചിൽ ആരംഭിച്ചതെന്ന സാക്ഷി മൊഴി ഇരുവരെയും പ്രതിരോധത്തിലാക്കിയിരുന്നു.  

ഷെറിനും ദമ്പതികളുടെ കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടിൽ ലഭിച്ചിരുന്നതെന്നും കോടതിയിൽ വാദം ഉയർന്നിരുന്നു. ദമ്പതികളുടെ കുഞ്ഞിനൊപ്പമുളള നിരവധി ചിത്രങ്ങൾ വീട്ടിൽ കണ്ടെത്തിയിരുന്നുവെങ്കിലും ഷെറിനൊപ്പമുളള ഒറ്റ ചിത്രം പോലും ഉണ്ടായിരുന്നില്ല. 

ഷെറിന്റെ കൈകാലുകളിലെ അസ്ഥികൾ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകൾ കരിഞ്ഞതിന്റെ പാടുകൾ ഉണ്ടായിരുന്നതായും മൃതദേഹ പരിശോധന നടത്തിയ ഡോക്ടർ കോടതിയെ അറിയിച്ചിരുന്നു. ശിശുരോഗ വിദഗ്ധ ഡോ. സൂസൻ ദകിലാണ് കോടതിയില്‍ മൊഴി നല്‍കിയത്. അതേ സമയം കുഞ്ഞ് ഉപദ്രവിക്കപ്പെടുന്നതായി ഷെറിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസില്‍ അറിയിച്ചിരുന്നു.

2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ നിരവധി എക്സറെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഷെറിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന കാര്യം പുറംലോകമറിഞ്ഞത്. ഷെറിന്‍ മാത്യൂസിന്റെ തുടയെല്ല്, കാല്‍മുട്ട് എന്നിവയ്ക്ക് പൊട്ടലുകളുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു ഇവകൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുന്‍പ് പരുക്കേറ്റതിന്റെ പാടുകളുമുണ്ടായിരുന്നുവെന്നും ഡോകടർ പറയുന്നു. ഷെറിനെ ഇന്ത്യയിൽനിന്നു ദത്തെടുത്തതിനു ശേഷം പല തവണയായാണു മുറിവുകളും പൊട്ടലുകളും ഉണ്ടായതെന്നും കണ്ടെത്തിയിരുന്നു. 

സംഭവത്തിൽ വെസ്‍ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് ജയിലിലാണ്. ഷെറിൻ കാണാതാകുന്നതിന്റെ തലേന്നു വീട്ടിൽ തനിച്ചാക്കി റസ്റ്ററന്റിൽ പോയി, കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിയിൽ ചുമത്തിയത്. ഫോണ്‍ റെക്കോർഡുകളും റസ്റ്ററന്‍റിലെ രസീതുകളും സാക്ഷിമൊഴികളും സിനിക്ക് എതിരാണ്. 

അതിനിടെ, ഷെറിന്‍റെ മരണത്തിനു ശേഷം ടെക്സസ് ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ സർവീസ് ഏറ്റെടുത്ത കുട്ടിയെ തിരിച്ചു കിട്ടുന്നതിനുള്ള മാതാപിതാക്കളുടെ കേസിന്റെ അന്തിമവിധി ഈ മാസം 29 ലേക്കു മാറ്റി. രണ്ടു വര്‍ഷം മുന്‍പാണു ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഷെറിനെ ഇവർ ദത്തെടുത്തത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വെസ്‌ലിയെ അറസ്റ്റ് ചെയ്തത്.  വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. വീട്ടിൽ വച്ചുതന്നെ മരണം നടന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

MORE IN WORLD
SHOW MORE