ട്രംപിന്റെ പ്രഖ്യാപനം, അറബകത്ത് ആശങ്കയുടെ അലയൊലികള്‍

jerusalem-protest
SHARE

ടെൽ അവീവിൽ നിന്ന് എംബസി പൊളിച്ചു മാറ്റി ജറുസലേമിൽ പണിയാനൊരുങ്ങുമ്പോൾ ലോകരാജ്യങ്ങൾ ഒരുമിച്ച് നിന്ന് നയിക്കുന്ന ചരിത്രത്തിലെ ഏറ്റവും നിർണായകമായ സമാധാന പോരാട്ടമാണ് ത്രിശങ്കുവിലാകുന്നത്. അറബ് ലോകം അത്രമേല്‍ ആശങ്കയോടെയാണ് ഈ പ്രഖ്യാപനം കേട്ടത് എന്ന് വ്യക്തം. ഈ നടപടിയിൽ ട്രംപിന് കിട്ടുന്ന പ്രതിഫലം അമേരിക്കയിലെ വോട്ടു ബാങ്കിൽ വർധിക്കുന്ന നിക്ഷേപം ആണ്‌. തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച മറ്റൊരു വാഗ്‌ദാനംകൂടി നടപ്പാക്കുന്നതായി അദ്ദേഹത്തിന് അവകാശപ്പെടാം. എന്നാൽ ഇതോടെ  ആഗോളതലത്തിൽ ഇസ്രായേൽ-പലസ്‌തീൻ സമാധാനത്തിനു ഇടനില നിൽക്കുന്നത് അമേരിക്കയാണെന്ന അവകാശവാദം പച്ചക്കള്ളമായി മാറിക്കഴിഞ്ഞുവെന്ന് അറബ് ലോകം ഒന്നായി വിചാരിക്കുന്നു. 

ജറുസലേം എന്നാല്‍

ഒലിവു മലയുടെ താഴ്‌വാരങ്ങളിൽ സ്വർഗ സുന്ദരമായ നഗരമാണ്  ജറുസലേം. ക്രിസ്ത്യൻ ചത്വരം, അർമേനിയൻ ചത്വരം, മുസ്‌ലിം ചത്വരം, ജൂത ചത്വരവും സംഗമിക്കുന്ന ജറുസലേമിനെ മതവും ദൈവവും മനസിലുള്ളവർ തേടി പിടിച്ചു വരുന്നു. എന്നാൽ സമാധാനം നട്ടാൽ മുളക്കാൻ  മടി കാണിക്കുന്ന  മണ്ണാണ് ജറുസലേം. ചരിത്രത്തിലെ ആറു ദിന യുദ്ധത്തിന്റെ മുറിപ്പാടുകൾ നൂറല്ല, ആയിരം ദിനങ്ങൾ പിന്നിട്ടിട്ടും ഇവിടെ ഉണങ്ങിയിട്ടില്ല. ഈ മുറിവിലേക്ക് ഉപ്പു തേക്കുന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയത്.

1967 മുതൽ ഇസ്രായേൽ -പലസ്‌തീൻ സംഘർഷങ്ങളുടെ മൂലസ്ഥാനമായി തുടരുന്ന ഇടമാണ് കിഴക്കൻ ജറുസലേം. 1980ൽ കിഴക്കൻ  ജറുസലേമിനെ രാജ്യതലസ്ഥാമാക്കാനുള്ള ഇസ്രയേലിന്റെ ഗൂഢനീക്കത്തെ ഐക്യരാഷ്ടസഭയും രാജ്യാന്തര സമൂഹവും ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞിരുന്നു. റഷ്യ പടിഞ്ഞാറൻ ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചതാണ്. മൊത്തം ജെറുസലേം നഗരത്തെ ഇതുവരെ ആരും തലസ്ഥാനമായി പ്രഖ്യാപിച്ചിട്ടില്ല. പുണ്യ നഗരത്തെ വെറുതെ വിട്ട് ടെൽ അവീവിൽ ആണ്‌ എല്ലാ രാജ്യങ്ങളും സ്ഥാനപതികൾക് ഇരിപ്പിടം നൽകിയിരിക്കുന്നത്. ഇതാണ് അമേരിക്ക തിരുത്തിക്കുറിച്ചിരിക്കുന്നത്. 

ട്രംപിന്റെ നടപടി പശ്ചിമേഷ്യയിൽ നടക്കുന്ന സമാധാന ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്നതാണ് എന്ന കാര്യത്തില്‍ പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ക്ക് സംശയമില്ല. ഈ മേഖലയിൽ വലിയ സംഘർഷങ്ങൾക്ക് ഇത് വഴിവയ്ക്കും. ട്രംപിന്റെ പ്രഖ്യാപനം നടപ്പിലായില്ലെങ്കിൽ പോലും അറബ് ലോകം അമേരിക്കയെ  പ്രതിക്കൂട്ടില്‍ കാണും. ഇവാൻക ട്രംപിന്റെ ഭർത്താവ് ജാറേദ് കുഷ്നറിന്റെ നേതൃത്വത്തിലാണ് അറബ് ലോകവുമായി ഇസ്രായേൽ-പലസ്‌തീൻ ചർച്ചകൾ നടക്കുന്നത്. ഇത് വഴിമുട്ടുമെന്നു ഉറപ്പായി. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന നിര്‍മാണ പ്രവർത്തികളെ അമേരിക്ക പൂർണമായും പിന്തുണയ്ക്കുന്നു എന്നും ഇതിൽ നിന്ന് അവര്‍ ഊഹിച്ചെടുക്കുന്നു. 

അമേരിക്കയുടെ വിദേശനയം പാടെ തിരുത്തി ട്രംപ് നടത്തിയ പ്രഖ്യാപനത്തെ പലസ്‌തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വിശേഷിപ്പിക്കുന്നത് ഇങ്ങനെ: തികച്ചും നീചമായ തീരുമാനം. അവരെ ഇനി സമാധാനത്തിന്റെ ദൂതന്മാരെന്നു വിളിക്കരുത്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.