സര്‍ഫിങ്ങിനിടെ ആക്രമിക്കാനെത്തിയ സ്രാവിനെ ഇടിച്ചു തോല്‍പിച്ച് ഡോക്ടര്‍

charlie-fry-shark-attack
SHARE

സർഫ് ചെയ്യുന്നതിനിടെ പിന്നാലെ വന്ന സ്രാവിന്റെ  മുഖത്തിനിട്ട് ഇടി കൊടുത്ത് ഡോക്ടര്‍ രക്ഷപെട്ടു. 25 കാരനായ ബ്രിട്ടീഷ് ഡോക്ടര്‍ ചാര്‍ളി ഫ്രൈ ആണ് സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

ഡോക്ടര്‍ എന്നതിനൊപ്പം മികച്ച സര്‍ഫര്‍ കൂടിയാണ് ചാര്‍ളി ഫ്രൈ. സിഡ്നിക്കു സമീപമുള്ള അവോകാ ബീച്ചില്‍ സര്‍ഫിങിനിറങ്ങിയപ്പോഴാണ് ചാര്‍ളി ഫ്രൈ സ്രാവിന്റെ മുന്നില്‍പ്പെട്ടത്. ആദ്യം ബോര്‍ഡില്‍ ശക്തമായി ഇടികിട്ടി ചാര്‍ളി വെള്ളത്തിലേക്ക് വീണു. സുഹൃത്തുക്കളില്‍ ആരെങ്കിലും തമാശയ്ക്ക് ചെയ്തതാണെന്നാണ് ചാര്‍ളി ആദ്യം വിചാരിച്ചത്. എന്നാല്‍ തൊട്ടു പിന്നാലെ തന്നെ സ്രാവിന്റെ മുഖവും കൊമ്പും ചാര്‍ളി കണ്ടു.

Thumb Image

സ്രാവ് വീണ്ടും തന്റെ നേരെ വരുന്നതു കണ്ടപ്പോഴാണ് ചാര്‍ളിക്കു രണ്ടു മാസം മുന്‍പു യൂട്യൂബില്‍ കണ്ട വിഡിയോ ഓര്‍മ്മ വന്നത്. ഓസ്ട്രേലിയയിലെ തന്നെ സര്‍ഫറായ മിക്ക് ഫാനിങ് സ്രാവിന്റെ ആക്രമണത്തില്‍ നിന്നു രക്ഷപെട്ട വിഡിയോയായിരുന്നു അത്. സ്രാവിന്റെ മുഖത്ത് ശക്തമായി ഇടിച്ചാണ് അന്നു മിക്ക് ഫാനിങ് രക്ഷപെട്ടത്. സ്രാവ് അടുത്തെത്തിയപ്പോള്‍ അതേ മാര്‍ഗ്ഗം തന്നെ ചാര്‍ളിയും പ്രയോഗിച്ചു. സ്രാവിന്റെ മുഖത്ത് ഇ‌ടതു കൈകൊണ്ട് ആഞ്ഞിടിച്ചു. ഇതോടെ നില തെറ്റിയ സ്രാവ് ദിശ മാറിപ്പോയത് ഭാഗ്യമായി.

മിക്ക് ഫാനിങ്ങിനെ സ്രാവ് ആക്രമിക്കുന്ന വിഡിയോ

ഇതിനിടെ അടുത്ത തിരയെത്തുകയും ചാര്‍ളി സര്‍ഫ് ബോര്‍ഡില്‍ കയറി കരയിലേക്കു നീങ്ങുകയും ചെയ്തു. സ്രാവിനെ ഇടിച്ച ഇടിയില്‍ ചാര്‍ളിയുടെ കൈക്കു പരിക്കുപറ്റി. മുട്ടിനു സമീപത്തായി ചെറിയ പൊട്ടലുമുണ്ട്. സ്രാവിന്റെ വെള്ളത്തിലുള്ളവേഗതയും ഇടിയും കൂടി ചേര്‍ന്നപ്പോള്‍ കോണ്‍ക്രീറ്റ് പാളിയില്‍ ഇടിച്ച പോലെയാണ് തനിക്കു തോന്നിയതെന്നാണ് ചാര്‍ളി പ്രതികരിച്ചു. ഏതായാലും താന്‍ രക്ഷപെട്ടതിനു ചാര്‍ളി നന്ദി പറയുന്നതു മിക് ഫാനിങിനോടാണ്. മികിനെ എന്നെങ്കിലും കണ്ടാല്‍ തീര്‍ച്ചയായും ഒരു ബിയര്‍ വാങ്ങിനല്‍കുമെന്നും ചാര്‍ളി പറയുന്നു

ഓസ്ട്രേലിയയില്‍ സ്രാവിന്റെ ആക്രമണ വാര്‍ത്തകൾക്കൊന്നും അത്ര പഞ്ഞമുണ്ടാകാറില്ല. എത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്താലും ആഴ്ചയില്‍ ഒന്നു വീതമെങ്കിലും സ്രാവിന്റെ ആക്രമണം റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ട്.

MORE IN WORLD
SHOW MORE