E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 19 2021 08:38 AM IST

Facebook
Twitter
Google Plus
Youtube

More in World

കിമ്മിന്റെ ‘അമ്മ’രക്ഷപ്പെട്ടതും ലോകത്തിന്റെ തലവര മാറിപ്പോകാതിരുന്നതും എന്തുകൊണ്ട്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kim-jong-un-cartoon
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎസിനെ ചാരമാക്കും, ജപ്പാനെ കടലിൽ മുക്കും’ തുടങ്ങിയ ‘വിസ്ഫോടനങ്ങൾ’ ദിവസേന നടത്തുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, സ്വിറ്റ്സർലൻഡിലെ തന്റെ അഞ്ചുവർഷത്തെ സ്‌കൂൾ പഠനകാലത്ത് ആകെ പൊട്ടിച്ചിട്ടുള്ളത് ഒരു ചെറിയ ‘പൊട്ടാസാ’ണ്. സഹപാഠികളോടു തന്റെ പിതാവ് പ്രസിഡന്റാണെന്ന് ഒരിക്കൽ വീരവാദം പറഞ്ഞതല്ലാതെ, സ്വിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഔദ്യോഗിക രേഖകളിൽ കയറിപ്പറ്റാൻ തക്കവിധമുള്ള വീരകൃത്യങ്ങളൊന്നും കിം ജോങ് ഉൻ എന്ന സ്‌കൂൾ വിദ്യാർഥി ചെയ്തിട്ടില്ല. നയതന്ത്രപ്രതിനിധികളുടെ മക്കൾ പഠിക്കുന്ന, സ്വിസ് തലസ്ഥാനത്തെ ഇന്റർനാഷനൽ സ്‌കൂൾ ഓഫ് ബേണിൽ 1996 മുതൽ 2001 വരെ വിദ്യാർഥിയായിരുന്നു കിം ജോങ് ഉൻ. ഇന്നത്തെ രീതിയിലേക്ക് ഉൻ വളരുമെന്ന് അന്നു കൂടെ പഠിച്ചവർക്കും പരിചയമുള്ളവർക്കും സ്വപ്‌നം കാണുക പോലും അസാധ്യം. പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാദാ വിദ്യാർഥി.

സ്‌കൂൾ രേഖകളിലും സ്വിസ് ഔദ്യോഗിക രേഖകളിലും ഉൻ പാക് എന്നായിരുന്നു കിമ്മിന്റെ പേര്. ഉത്തര കൊറിയൻ രാജ്യത്തലവനായിരുന്ന പിതാവ് കിം ജോങ് ഇൽ എന്ന കിം രണ്ടാമൻ, തനിക്കു രണ്ട് സ്ത്രീകളിലായുണ്ടായ നാലു മക്കളെയും വ്യാജ പേരുകളിലാണ് സ്വിറ്റ്സർലൻഡിൽ അയച്ചു പഠിപ്പിച്ചിരുന്നത്. എന്തുകൊണ്ട് സ്വിറ്റ്സർലൻഡ് എന്ന് ചോദിച്ചാൽ, സുരക്ഷ, സ്വകാര്യത, എവിടെയും തൊടാതെ നിൽക്കുന്ന സ്വിസ് വിദേശനയം എന്നൊക്കെയാണ് ഉത്തരം. കൂടാതെ, 1994ൽ ഉത്തര കൊറിയൻ രാഷ്ട്ര‌ശിൽപിയായ കിം ഒന്നാമൻ മരിക്കുമ്പോൾ, മകനായ തനിക്കുതന്നെ അധികാരം കിട്ടുമോ എന്ന അരക്ഷിതാവസ്ഥയിൽ, മക്കളെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയതാണെന്നും കരുതാം.

കിം രണ്ടാമന്റെ വിശ്വസ്തനായിരുന്ന റി റ്റ്ഷെഉൾ ആയിരുന്നു അന്ന് സ്വിറ്റ്സർലൻഡിലെ കൊറിയൻ അംബാസഡർ. പിന്നീട്, വിദേശകാര്യ മന്ത്രി പദവിയിലും എത്തിയ റി റ്റ്ഷെഉൾ, 30 വർഷമാണ് ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ യൂറോപ്പിലെ ഏറ്റവും ശക്‌തനായ നയതന്ത്രപ്രതിനിധിയായി തുടർന്നത്. മക്കളെ സ്വിറ്റ്സർലൻഡിലേക്ക് അയയ്ക്കാൻ, റി റ്റ്ഷെഉൾ, ബേണിലുള്ളതും കിം രണ്ടാമനു പ്രചോദനമായി.

ഉത്തര കൊറിയൻ എംബസിയിലെ ഏതോ നയതന്ത്ര പ്രതിനിധിയുടെ മക്കളെന്ന ലേബലിലായിരുന്നു, കമ്യൂണിസ്റ്റ് ഏകാധിപതിയുടെ മക്കളുടെ സ്വിസ് സ്‌കൂൾ ജീവിതം. സ്വന്തം പേരും മാതാപിതാക്കളുടെ പേരുകളും വ്യാജമായിരുന്നെങ്കിലും, ഇവർ ആരാണെന്നതു സ്വിസ് രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാമായിരുന്നുവെന്നു വ്യക്തം. സ്വകാര്യതയിൽ നുഴഞ്ഞുകയറ്റം അനുവദിക്കാത്ത സ്വിസ് സാമൂഹിക വ്യവസ്ഥയിൽ സ്‌കൂളിനകത്തുള്ള രഹസ്യനിരീക്ഷണം അന്നത്തെ സ്വിസ് ഫെഡറൽ അറ്റോർണി ജനറലായിരുന്ന കാർല ഡെൽ പോണ്ടെ കർശനമായി വിലക്കി. 

സ്വിറ്റ്സർലൻഡിലേക്ക് ആദ്യം കിം രണ്ടാമന്റെ മൂത്തമകൻ

ഇപ്പോഴത്തെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇൽ സ്വിറ്റ്സർലൻഡിലേക്ക് ആദ്യം അയയ്ക്കുന്നത്, മൂത്ത മകൻ കിം ജോങ് നാമിനെയാണ്.  (ഈ വർഷം ഫെബ്രുവരിയിൽ ക്വാലലംപുർ വിമാനത്താവളത്തിൽ, ഉത്തര കൊറിയ അയച്ച വനിതാ ഏജന്റുമാർ വിഷം കുത്തിവച്ചു കൊന്ന അതേ നാം തന്നെ).ജീവിതം ആസ്വദിച്ച് അടിച്ചുപൊളിച്ചു നടന്ന നാമിനെ, 17–ാം വയസ്സിൽ പിതാവ് നാട്ടിലേക്കു നിർബന്ധിതമായി തിരിച്ചുവിളിച്ചു.

മൂത്ത മകനായ നാമിൽ പിന്തുടർച്ചാവകാശി സ്വപ്‌നം നഷ്ടപ്പെട്ട കിം ജോങ് ഇൽ, ഔദ്യോഗിക ഭാര്യയായ കൊ യോങ് ഹുയിയിൽ ഉണ്ടായ മൂന്നു മക്കളെ കൂടുതൽ തയാറെടുപ്പുകളോടെയാണ് സ്വിസ് തലസ്ഥാനമായ ബേണിലേക്ക് അയയ്ക്കുന്നത്. ബേണിനു സമീപത്തെ ലീബെഫെൽഡ്‌ എന്ന സ്ഥലത്തെ കിർഹ് സ്ട്രീറ്റ് 10 എന്ന് വിലാസമുള്ള കെട്ടിടം  40 ലക്ഷം സ്വിസ് ഫ്രാങ്ക് കൊടുത്ത് ഉത്തര കൊറിയ വാങ്ങി. ആറ് അപ്പാർട്മെന്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. ആഡംബരങ്ങൾ ഒന്നുമില്ലാത്ത, സ്വിസ് മധ്യവർഗ നിലവാരത്തിലുള്ളതായിരുന്നു അപ്പാർട്മെന്റുകൾ. കെട്ടിടത്തിന്റെ ഗാരിജിൽ നയതന്ത്ര നമ്പറുള്ള മൂന്ന് കാറുകൾ അന്നു സ്ഥിരമായി പാർക്ക് ചെയ്‌തിരുന്നെന്നാണ് സമീപവാസികളുടെ സാക്ഷ്യം.

തന്റെ മൂന്നു മക്കളുടെയും സംരക്ഷണത്തിന്റെ ചുമതല നൽകി കിം സ്വിറ്റസർലൻഡിലേക്ക് അയച്ചത് തന്റെ ഭാര്യാസഹോദരിയും കുട്ടികളുടെ മാതൃസഹോദരിയുമായ കൊ യോങ് സുകിനെയും ഇവരുടെ ഭർത്താവ് റി ഗാങ്ങിനെയുമാണ്. ഉത്തര കൊറിയൻ ഭരണാധികാരിയുടെ മക്കളെന്നതു രഹസ്യമാക്കി വയ്ക്കാൻ, സ്വിറ്റ്സർലൻഡിനു സമർപ്പിച്ച രേഖകളിൽ ഇവർ രണ്ടുപേരുമായിരുന്നു കുട്ടികളുടെ മാതാപിതാക്കൾ. ഇരുവരുടെയും യഥാർഥ പേരുകൾ മറച്ചുവച്ച് ഭാര്യാസഹോദരിക്കു യോൺ ഹൈ ചോങ് എന്നും ഭർത്താവിനു നാം ചോൾ പാക് എന്നും പേരുകൾ നൽകി. 

ഉത്തര കൊറിയൻ എംബസിയിലെ ഡ്രൈവർ ജോലിയായിരുന്നു പുറമേക്ക് റി ഗാങ്ങിന്. വീടിനകത്തെ പൂർണ ചുമതല കൊ യോങ് സുകിനും. പ്രസിഡന്റിന്റെ ഭാര്യയായ തന്റെ സഹോദരിക്കുള്ളതുപോലെ തന്നെ സുകിനും മൂത്തത് രണ്ട് ആൺകുട്ടികളും ഇളയതു പെൺകുട്ടിയുമായിരുന്നു. സ്വന്തം മക്കളെയും സ്വിറ്റ്സർലൻഡിൽ ഒപ്പംകൂട്ടാൻ കിം ഇവരെ അനുവദിച്ചു. എന്നാൽ, പ്രസിഡന്റിന്റെ മക്കളിൽ നിന്നു വ്യത്യസ്തമായി, ലീബെഫെൽഡിലെ സർക്കാർ സ്‌കൂളിലാണ് ഇവർ പഠിച്ചിരുന്നത്. രേഖകളിൽ പ്രസിഡന്റിന്റെ മക്കളുടെ മാതാപിതാക്കളായ സ്ഥിതിക്ക്, സ്വന്തം മക്കൾക്കു രേഖകളിൽ വേറെ മാതാപിതാക്കൾ വന്നു. ഗാങ് – സുക് ദമ്പതികളെ സഹായിക്കാനുള്ള ചുമതല, കുട്ടികളുടെ ട്യൂഷൻ അധ്യാപികയായി കൊറിയയിൽ നിന്നു വന്ന മൂൺ എന്ന നാൽപത്തഞ്ചുകാരിക്കായിരുന്നു. അൻപതുകാരി ചോ ആണ് പാചകക്കാരിയായി വന്നത്.

മക്കളെ കാണാൻ കിം രണ്ടാമന്റെ ഭാര്യയും സുകിന്റെ സഹോദരിയുമായിരുന്ന കൊ യോങ് ഹുയി മറ്റ് ഔദ്യോഗിക സന്ദർശനങ്ങളുടെ പേരിൽ ഇടയ്ക്കിടെ സ്വിറ്റ്സർലൻഡിൽ എത്തുമായിരുന്നു. ഇവർക്കു വേണ്ടി പ്രത്യേകം തയാറാക്കിയ കിടപ്പുമുറിയുള്ള എയർ കൊറിയോയുടെ പി–882 വിമാനത്തിലായിരുന്നു വരവുകൾ. ഒറ്റയടിക്കു രണ്ടുമാസം വരെ യൂറോപ്പിൽ തങ്ങുന്നതായിരുന്നു ഇവരുടെ രീതി. 2004ൽ സ്തനാർബുദം ബാധിച്ചു മരിക്കുന്നതിനു മുൻപ് ഫ്രാൻസിലും സ്വിറ്റ്സർലൻഡിലുമായി ചികിത്സയിലായിരുന്നു. വിമാനയാത്രകളോടു ഭയമുണ്ടായിരുന്ന കിം രണ്ടാമനാവട്ടെ, ഒരിക്കൽ പോലും സ്വിറ്റസർലൻഡ് സന്ദർശിച്ചതായി തെളിവില്ല.

കിം ജോങ് ഉന്നിന്റെ ‘അമ്മ’

കിമ്മിന്റെ ബാല്യവും യൗവനവും ഏറ്റവും അടുത്തുനിന്നു കണ്ട, ഇന്നു ജീവിച്ചിരിപ്പുള്ള ചുരുക്കം ചിലരിൽ ഒരാളാണ് സ്വിറ്റസർ‌ലൻഡിലെ ‘മാതാവാ’യിരുന്ന മാതൃസഹോദരി കൊ യോങ് സുക്. കിം രണ്ടാമന്റെ പിൻഗാമിയായി കിം ജോങ് ഉന്നിനെ, എട്ടു വയസ്സുള്ളപ്പോൾ തന്നെ നിശ്ചയിച്ചിരുന്നതായി സുക് സാക്ഷ്യപ്പടുത്തുന്നു. സൈന്യത്തിലെയും ഭരണത്തിലെയും ഉന്നതരെല്ലാം അണിനിരന്ന ചടങ്ങിൽ ഉന്നിനെ സൈനിക യൂണിഫോം അണിയിച്ചു. അന്നുതൊട്ട് ഉന്നിനു സാധാരണ ജീവിതം നഷ്ടമായെന്നാണ് കൊ യോങ് സുകിന്റെ നിരീക്ഷണം. ഇന്നത്തെ ഏകാധിപതിയിലേക്കുള്ള വ്യക്തിത്വ രൂപവൽക്കരണത്തിന്റെ നാളുകളായിരുന്നു പിന്നീട്. ഒൻപതു വയസ്സുള്ളപ്പോൾ നേരിട്ടുകണ്ട ഒരു അനുഭവം അവർ വിവരിക്കുന്നു. നല്ല ഉറക്കത്തിലായിരുന്ന ഉന്നിനെ അർധരാത്രി അടിയന്തരമായി വിളിച്ചുണർത്തി. ഒരു മിലിട്ടറി യൂണിറ്റിന്റെ ഘടന എങ്ങനെയാകണമെന്നു ഒരു പട്ടാള ഉദ്യോഗസ്ഥർ വിശദീകരിച്ചു കൊടുക്കുന്നതിനായിരുന്നു അത്.

തന്റെ ഉയരത്തെക്കുറിച്ച് ഉന്നിനു ബാല്യത്തിൽ അപകർഷതാബോധം ഉണ്ടായിരുന്നതായി മാതൃസഹോദരി ഓർക്കുന്നു. കൊറിയയിലെ ബാല്യകാലത്ത് ബാസ്‌കറ്റ് ബോളായിരുന്നു പ്രധാന വിനോദം. തന്റെ ടീമിൽ ഏറ്റവും ഉയരം കുറഞ്ഞതു തനിക്കാണെന്നത് ഉന്നിന് ഒരു പ്രശ്നമായിരുന്നു. ബാസ്‌കറ്റ്‌ ബോൾ സ്ഥിരമായി കളിച്ചാൽ പൊക്കം വയ്ക്കുമെന്നായിരുന്നു അമ്മയുടെ ഉപദേശം. ബാസ്‌കറ്റ് ബോൾ കെട്ടിപ്പിടിച്ചായിരുന്നു ഉന്നിന്റെ ഉറക്കം. വിമാനമാതൃകകളോടും വല്ലാത്ത അടുപ്പം ഉണ്ടായിരുന്നു. ഇതുമായുള്ള കളി അധികമാവുമ്പോൾ അമ്മ ഇടപെടും. എന്നാൽ, ഇന്നത്തെപ്പോലുള്ള വിരട്ടലുകളൊന്നും അന്ന് ഉന്നിന് ഇല്ല. പൊട്ടിത്തെറി, വഴക്ക് ഇതിനൊന്നിനും പോകാതെ, കാര്യം നേടും വരെ കഠിന നിരാഹാരമായിരുന്നു അന്നത്തെ ലൈൻ.

കൊ യോങ് സുക് സ്വിറ്റ്സർലൻഡിലെ ജീവിതത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘യൂറോപ്യൻ ശൈലിയിലുള്ള ഒരു സാധാരണ കുടുംബ ജീവിതമായിരുന്നു ബേണിലേത്. ഞാൻ അവർക്ക് അമ്മയായി. കുട്ടികൾ അവരുടെ സുഹൃത്തുക്കളെ ഇടയ്ക്കു വീട്ടിലേക്കു ക്ഷണിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ജന്മദിനങ്ങളും ഫ്ലാറ്റിൽ ആഘോഷിച്ചിരുന്നു. എന്റെ മകനും കിം ജോങ് ഉന്നിനും ഒരേപ്രായം. രണ്ടുപേരും നല്ല കളിക്കൂട്ടുകാരായിരുന്നു’.

‘അമ്മ’യുടെ രക്ഷപ്പെടൽ

1998 മേയ് 17 ഞായറാഴ്ച ഇരുൾ പരന്നപ്പോൾ, കിം ജോങ് ഉൻ അന്നു താമസിച്ചിരുന്ന ബേണിലെ ലീബെഫെൽഡ്‌ എന്ന സ്ഥലത്തെ കിർഹ് സ്ട്രീറ്റ് 10 എന്നു വിലാസമുള്ള കെട്ടിടത്തിനു മുന്നിൽ ഒരു ടാക്‌സി വന്നുനിന്നു. സ്വിസ് സർക്കാരിനു സമർപ്പിച്ച രേഖകളിൽ ഉൻ പാക്കിന്റെ മാതാപിതാക്കളായിരുന്ന നാം ചോൾ പാക്, യോൺ ഹൈ ചോങ് ദമ്പതികൾ, ആ ബിൽഡിങ്ങിൽ തന്നെ കഴിഞ്ഞിരുന്ന തങ്ങളുടെ സ്വന്തം കുട്ടികളുമായി ടാക്‌സിയിൽ കയറി. അഞ്ചു മിനിറ്റ് അകലെയുള്ള ജുബിലെഉം സ്ട്രീറ്റിൽ പ്രവർത്തിച്ചിരുന്ന യുഎസ് എംബസിക്കു മുന്നിലാണ് ടാക്‌സി നിന്നത്.

ഞായറാഴ്ചയായിട്ടും അമേരിക്കൻ എംബസിയുടെ കവാടങ്ങൾ അവർക്കായി തുറന്നു. ഉത്തര  കൊറിയൻ കമ്യൂണിസ്റ്റ് ഭരണാധികാരിയുടെ ഭാര്യാസഹോദരിക്കും കുടുംബത്തിനും അമേരിക്ക രാഷ്ട്രീയാഭയം കൊടുത്ത വിവരം അപ്പോൾത്തന്നെ ബേൺ തൗബൻ സ്ട്രീറ്റിലുള്ള സ്വിസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ ആസ്ഥാനത്ത് എത്തി. പിറ്റേന്ന്, 1998 മേയ് 18 തിങ്കളാഴ്ച രാവിലെ 9.15ന്, സ്വിസ് വിദേശകാര്യ വകുപ്പിന്റെ ബേണിലെ ഓഫിസിൽ അതീവ രഹസ്യസ്വഭാവമുള്ളതെന്ന് അടയാളപ്പെടുത്തിയ ഉത്തരവ് എത്തി. ഓടിപ്പോയവരെക്കുറിച്ച് എന്തെങ്കിലും അന്വേഷണം വന്നാൽ, തങ്ങളുടെ ‘ചിത്രത്തിൽ’ അവരില്ലെന്നു പറയണമെന്നായിരുന്നു നിർദേശം.

ഞായറാഴ്ച രാത്രി യുഎസ് എംബസിയിൽ അഭയം പ്രാപിച്ചവരെയും കൊണ്ടുള്ള വാഹനം, ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മ്യൂണിക് ലക്ഷ്യമാക്കി സ്വിസ് അതിർത്തി കടക്കുന്നത്. ജർമനിയിലെ റാംസ്റ്റൈനിലെ യുഎസ് മിലിട്ടറി ബേസിലേക്കായിരുന്നു യാത്ര. അതിർത്തി കടക്കുന്നതുവരെയും പ്രശ്നത്തിൽ ഇടപെടാമായിരുന്നെങ്കിലും യുഎസുമായും കൊറിയയുമായും നല്ല നയതന്ത്രബന്ധം പുലർത്തിയിരുന്ന സ്വിറ്റ്സർലൻഡ് നിസ്സംഗ നിലപാടാണ് എടുത്തത്. ജർമനിയിലെ മിലിട്ടറി ബേസിൽ എത്തിയ സംഘത്തെ മാസങ്ങൾക്കു ശേഷമാണ് അമേരിക്കയിലേക്കു കൊണ്ടുപോയത്.

കൊറിയയിൽ നിന്നുള്ള പലായനത്തിനും ഭരണാധികാരിയെയും മക്കളെയും കുറിച്ചുള്ള ഏറ്റവും വിശ്വാസയോഗ്യമായ വിവരങ്ങൾക്കും പകരമായി, അമേരിക്കയിൽ പുതുജീവിതം തുടങ്ങാനുള്ള എല്ലാ സൗകര്യവും ചെയ‌തുകൊടുത്തത് സിഐഎ ആണ്. പിന്നീട്, 2016 ഏപ്രിലിൽ, വാഷിങ്ടൻ പോസ്റ്റിന്റെ ലേഖികയ്ക്കു നൽകിയ ഒരു അഭിമുഖം പ്രസിദ്ധീകരിക്കും വരെ, കിം ജോങ് ഉന്നിന്റെ മാതൃസഹോദരിയെയും കുടുംബത്തെയും കുറിച്ച് 20 വർഷത്തേക്ക് പുറംലോകം ഒന്നുമിറഞ്ഞില്ല. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം മുഖ്യധാരയിൽ നിന്നു മാറി ഒതുങ്ങിക്കഴിയുകയാണ് ഇപ്പോഴും അവർ.

രക്ഷപ്പെടൽ എന്തുകൊണ്ട്?

ഭാവിയിൽ കൊറിയൻ ഭരണാധികാരിയാകാൻ പോകുന്ന പയ്യന്റെ ബാല്യത്തിലും കൗമാരത്തിലും ഒപ്പം നിന്ന മാതൃസഹോദരി!

ചേർന്നുനിന്നാൽ തനിക്കും കുടുംബത്തിനും ഭാവിയിൽ കൊറിയൻ ഭരണകൂടത്തിൽ സ്വാധീനവും ആനുകൂല്യങ്ങളും കൈപ്പറ്റി ജീവിക്കാമെന്നറിഞ്ഞിട്ടും എന്തേ അവർ എല്ലാം ഉപേക്ഷിച്ചു പോയി?

കൗമാരത്തിലേക്കു കടക്കുന്ന കിം ജോങ് ഉന്നിന്, താമസിയാതെ തന്റെ സേവനം ആവശ്യമില്ലെന്നു വരുമെന്നതു കൊണ്ടോ?

സ്വന്തം അമ്മാവനെപ്പോലും പിന്നീട് തട്ടിക്കളഞ്ഞ കിം ജോങ് ഉന്നിന്റെ യഥാർഥ സ്വഭാവം നേരത്തെ മനസ്സിലാക്കിയതു കൊണ്ടോ?

അതോ കൊറിയയിൽ താമസിയാതെ ഒരു വിപ്ലവം വന്ന് എല്ലാം അട്ടിമറിയുമെന്ന ചിന്തയോ...

യഥാർഥ ഉത്തരം നൽകാൻ കൊ യോങ് സുക് ഇനിയും തയാറല്ല!

സ്വിറ്റ്സർലൻഡിൽ നിന്നുള്ള ഇവരുടെയും കുടുംബത്തിന്റെയും പലായനത്തിൽ, കൊറിയയുടെ യൂറോപ്പിലെ അന്നത്തെ ഏറ്റവും ശക്തനായ അംബാസഡർ കാര്യമായി ഇടപെടാതിരുന്നതിലും ദുരൂഹതയുണ്ട്. തനിക്കു കീഴിൽ നടന്ന ഒരു സംഭവത്തിൽ ഉത്തര കൊറിയയിലെ അംബാസഡർക്കു പണി തെറിച്ചില്ലെന്നു മാത്രമല്ല, കിം രണ്ടാമന്റെ കാലത്ത് അതേ പദവിയിൽ വർഷങ്ങളോളം തുടർന്ന റി റ്റ്ഷെഉൾ, കിം മൂന്നാമന്റെ കീഴിൽ വിദേശമന്ത്രി പദത്തിലും എത്തി.

കിമ്മിന്റെ ‘അമ്മ’യുടെ പാലായനത്തിന്റെ പോസ്റ്റ്മോർട്ടവും വിശകലനങ്ങളും നടത്തുമ്പോൾ തെളിഞ്ഞുവരുന്ന ചോദ്യം ഇതൊന്നുമല്ല! ഇവർ അന്നു രക്ഷപ്പെടുമ്പോൾ കിം ജോങ് ഉന്നിന്റെ പ്രായം വെറും 14. സുക് ആകട്ടെ കിമ്മിൽ അന്ന് നല്ല സ്വാധീനമുള്ള വ്യക്തിയും. വാ മോനെ, കാറിൽ കയറി ഒരിടംവരെ പോകാമെന്നു പറഞ്ഞാൽ, ഇന്നു ദിവസംപ്രതി മിസൈൽ വിട്ട് ലോകത്തിന്റെ മനഃസമാധാനം നശിപ്പിക്കുന്ന കൊറിയൻ ഏകാധിപതി, ഒന്നും പറയാതെ ‘അമ്മ’യുടെ കൂടെ ഇറങ്ങി പുറപ്പെടേണ്ടതാണ്. എങ്കിൽ കിം ജോങ് ഉൻ ചെന്നു കയറുമായിരുന്നത് യുഎസ് എംബസിയിൽ അഭയാർഥിയായിട്ടായിരുന്നു.

കിം ഇല്ലിന്റെ മക്കൾ

കിം ജോങ് നാം:

കിം  രണ്ടാമൻ ആദ്യം ഭാര്യയാക്കിയ നടി കൂടിയായ സോങ് ഹ്യെ റിമ്മിൽ ജനിച്ച കിം ജോങ് നാം  1986 മുതൽ 1988 വരെയാണ് ജനീവയിൽ വിദ്യാഭ്യാസം നടത്തിയത്. ഈ വർഷം ഫെബ്രുവരിയിൽ കൊല്ലപ്പെട്ടു.

കിം ജോങ് ചോൾ:

ഔദ്യോഗിക ഭാര്യയിൽ 1981ൽ ജനിച്ച മൂത്തമകൻ ചോളിനെ, രേഖകളിൽ ചോൾ പാക് എന്നു പേരുമാറ്റിയാണ് പഠനത്തിനു സ്വിറ്റ്സർലൻഡിലേക്ക് അയയ്ക്കുന്നത്. 1994 മുതൽ 2000 വരെ ബേണിൽ വിദ്യാഭ്യാസം. രാഷ്ട്രീയത്തെക്കാൾ സംഗീതത്തെ സ്നേഹിച്ച ചോളിനെ, 2015 മേയിൽ ലണ്ടനിൽ നടന്ന ഒരു സംഗീതവിരുന്നിലാണ് ഏറ്റവും ഒടുവിലായി ലോകം കണ്ടത്. ഉത്തര കൊറിയ ഭരിക്കുന്ന അനുജനു ശല്യമാവാതെ, അവിടെത്തന്നെ ഒതുങ്ങിക്കഴിയുന്നു എന്നാണു നിഗമനം.

കിം ജോങ് ഉൻ:

ഉൻ പാക് എന്ന പേരു നൽകിയാണ് തന്റെ മൂന്ന് ആൺ സന്തതികളിൽ ഇളയവനെ കിം സ്വിറ്റ്സർലൻഡിലേക്കു വിടുന്നത്. മൂത്ത രണ്ടുപേരുടെയും ബലഹീനതകൾ തിരിച്ചറിഞ്ഞ പിതാവിന്റെ പ്രതീക്ഷകളത്രയും ഉന്നിലായിരുന്നു. 1984ൽ ജനിച്ച ഉൻ, 1996 മുതൽ 2001 വരെയാണ് ബേണിൽ സ്‌കൂളിൽ പോയത്.

കിം യോ യോങ്:

കിം രണ്ടാമന്റെ ഏക മകൾ. 1997 മുതൽ 2001 വരെയുള്ള സ്വിസ് കാലത്തെ പേര് മി ഹ്യാങ്. ഇപ്പോൾ 30 വയസ്സ്. ഉന്നിന്റെ വർക്കേഴ്‌സ് പാർട്ടിയിലും ഉന്നിന്റെ ഇമേജ് ബൂസ്റ്റ് കമ്മിറ്റിയിലും ഉയർന്ന ഭാരവാഹിത്വം വഹിക്കുന്നു. കിം ജോങ് ഉന്നിന്റെ അടുത്ത വലയത്തിലുള്ള ഏക കുടുംബാംഗം ഇവർ മാത്രം.