റഷ്യൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന വാർത്തകളെ തുടർന്ന് ആന്റി വൈറസ് നിർമാതാക്കളായ റഷ്യൻ കമ്പനി കാസ്പെർസ്കിയെ അംഗീകൃത കമ്പനികളുടെ പട്ടികയിൽ നിന്ന് യുഎസ് സർക്കാർ നീക്കം ചെയ്തു. യുഎസ് സർക്കാർ സ്ഥാപനങ്ങൾക്ക് ഇനി കാസ്പെർസ്കി സേവനങ്ങൾ ഉപയോഗിക്കാനാവില്ല. മറ്റു യുഎസ് സ്ഥാപനങ്ങളും കാസ്പെർസ്കി ഉപേക്ഷിക്കുന്ന തരത്തിൽ കൂടുതൽ ശക്തമായ വിലക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ട്രംപ് ഭരണകൂടം. അതേസമയം, ലോകത്തെ ഒരു രാജ്യത്തിന്റെയും ഭരണകൂടവുമായി ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്ന് ആണയിട്ടു പറഞ്ഞ കമ്പനി സിഇഒ യൂജിൻ കാസ്പെർസ്കി സോഫ്റ്റ്‌വെയർ കോഡ് പരിശോധിക്കാനായി യുഎസ് അധികൃതർക്ക് കൈമാറാമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും വിലപ്പോയില്ല.
യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യൻ ചാരന്മാരുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന എഫ്ബിഐ കാസ്പെർസ്കി ലാബിനെതിരെ നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. യുഎസിൽ വ്യാപകമായി ഉപയോഗിക്കുന്ന കാസ്പെർസ്കി ആൻറി വൈറസ് സോഫ്റ്റ് വെയർ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തുന്നുണ്ടോ എന്നതും അന്വേഷണ പരിധിയലുണ്ടെന്നാണ് സൂചന.
കാസ്പെർസ്കിയിലെ ജീവനക്കാരെ എഫ്ബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. കാസ്പെർസ്കി സ്ഥാപകനായ യൂജിൻ കാസ്പെർസ്കിക്ക് റഷ്യൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്നാണ് എഫ്ബിഐ സംശയിക്കുന്നത്. എന്നാൽ, കമ്പനിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും അസ്ഥാനത്താണെന്നു പ്രഖ്യാപിച്ചുകൊണ്ട് കാസ്പെർസ്കിയുടെ സോഴ്സ് കോഡ് മുഴുവനും പരിശോധനയ്ക്കായി നൽകാമെന്ന് യൂജിൻ പറഞ്ഞു. റഷ്യൻ സർക്കാരുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നു തെളിയിച്ചുകൊണ്ട് യുഎസിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.