ഭൗമ നിരീക്ഷണത്തിനായി നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി ഉപഗ്രഹം നിര്‍മിയ്ക്കും. നിസാര്‍ എന്നു പേരിടുന്ന ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് 2021ല്‍ വിക്ഷേപിയ്ക്കും. പ്രകൃതി ക്ഷോഭങ്ങളെ കൃത്യമായി പ്രവചിയ്ക്കാന്‍ നിസാറിനാകുമെന്നാണ് കണക്കുകൂട്ടല്‍.
അമേരിയ്ക്കയുടെ നാസയും ഇന്ത്യയുടെ ഐഎസ്ആര്‍ഒയും ആദ്യമായി ഒന്നിയ്ക്കുകയാണ്. നിസാര്‍ അഥവാ നാസ ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പാര്‍ച്ചര്‍ റഡാര്‍ എന്ന ഉപഗ്രമാണ് സംയുക്തമായി നിര്‍മിയ്ക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2021ല്‍ ജി.എസ്. എല്‍വി റോക്കറ്റുപയോഗിച്ചാകും വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളില്‍ ഏറ്റവും ചിലവേറിയ ഉപഗ്രഹമാകും ഇത്. 150 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. രണ്ടു ഫ്രീക്വന്സികളാകും ഉപഗ്രഹത്തില്‍ ഉണ്ടാവുക.
ഇതില്‍ 24 സെന്റീമീറ്റര്‍ ഉള്ള എല്‍ ബാന്‍ഡ് റഡാര്‍ നാസയും 13 സെന്റിമീറ്റര്‍ ഉള്ള എസ് ബാന്‍ഡ് റഡാര്‍ ഐഎസ്ആര്‍ഒയും നിര്‍മിയ്ക്കും. ഇവ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ മുഖേന ഭൂമിയ്ക്ക് സംഭവിയ്ക്കുന്ന മാറ്റങ്ങള്‍ കൃത്യമായി മനസിലാക്കാനാകും. ഇതിലൂടെ പ്രകൃതി ക്ഷോഭങ്ങളെ മുന്‍കൂട്ടി അറിയാനും ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കാനും സാധിയ്ക്കും. ഉരുള്‍പൊട്ടല്‍ , ഭൂചലനം, അഗ്നി പര്‍വത സ്ഫോടനം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള കൃത്യമായ പ്രവചനം നിസാറിന്റെ വിക്ഷേപണത്തോടെ സാധ്യമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശ വാദം. ബഹിരാകാശ രംഗത്തെ കരുത്തരായ നാസയും ഐഎസ്ആര്‍ഒയും ഒന്നിയ്ക്കുന്നത് മറ്റു ലോക രാജ്യങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.