ഇറാനെ വിമർശിക്കുന്നതിനു പകരം മറ്റൊരു സെപ്റ്റംബർ 11 ആക്രമണം സൗദി അറേബ്യ നടത്താതിരിക്കാൻ മുൻകരുതൽ എടുക്കുകയാണ് യുഎസ് ചെയ്യേണ്ടതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരിഫ് ഖൊൻസാരി. റിയാദ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നിലെ സൗദി ബന്ധത്തെ ഉദ്ധരിച്ച് ഖൊൻസാരി തിരിച്ചടിച്ചത്.
2001 സെപ്റ്റംബർ 11ന് യുഎസിലെ വേൾഡ് ട്രേഡ് സെന്റർ അൽ ഖായിദ ഭീകരർ ആക്രമിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും സൗദിയിൽനിന്നുള്ള ഭീകരരായിരുന്നു. മാത്രമല്ല, സൗദിയിലെ അധികാരശ്രേണിയിൽപ്പെട്ടവർക്കും ആക്രമണത്തിൽ പങ്കുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ആക്രമണത്തിനു പിന്നിൽ സൗദിയാണെന്ന് ട്രംപ് നേരത്തേതന്നെ ആരോപിച്ചിരുന്നതായും ഖൊൻസാരി ചൂണ്ടിക്കാട്ടി.
സിറിയയിലെ ബഷാർ അൽ അസദ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളെ ഇറാൻ പിന്തുണയ്ക്കുകയാണെന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ് ഇന്നലെ റിയാദിൽ ഉന്നയിച്ചത്. സിറിയയിലെ സൈന്യത്തിന് ആയുധങ്ങളും പരിശീലനവും നൽകുന്നതും തകർച്ചയും കലാപവും വ്യാപകമാക്കുന്നതും ഇറാനാണെന്നും അദ്ദേഹം ആരോപിച്ചു. ബറാക് ഒബാമയുടെ ഭരണകാലത്ത് ഇറാനുമായി യുഎസ് ഒപ്പിട്ട ആണവ കരാറിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് നിശിതമായി വിമർശിച്ചിരുന്നു. വിനാശകരമായ തെറ്റിനെ പൊളിച്ചടുക്കുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, സുന്നികൾക്കു ഭൂരിപക്ഷമുള്ള സൗദി അറേബ്യയും ഷിയ വിഭാഗത്തിനു ഭൂരിപക്ഷമുള്ള ഇറാനും തമ്മിലുള്ള മതപരമായ വ്യത്യാസത്തെ മുൻനിർത്തി, ട്രംപ് ഭരണകൂടം ഇറാനുമേൽ ഏകപക്ഷീയമായ ഉപരോധം ഏർപ്പെടുത്താൻ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു.