ഫാത്തിമയിലെ കുഞ്ഞ് ഇടയരെ കത്തോലിക്ക സഭ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി. പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് കന്യാമറിയത്തിന്റെ ദിവ്യദര്‍ശനം ലഭിച്ച കുട്ടികളെ വിശുദ്ധരായി പ്രഖ്യാപിച്ചത്. ഫാത്തിമ മാതാവ് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷിക ദിനമായിരുന്നു ഇന്ന്.
ഫാത്തിമയിലെ ഇടയക്കുട്ടികള്‍ ഇനി ലോകമെങ്ങും ദേവാലയ അൾത്താരകളിൽ വണക്കത്തിനു യോഗ്യര്‍. ജസീന്തയെയും ഫ്രാന്‍സിസ്കോയെയും വിശുദ്ധരായി സാർവത്രികസഭ അംഗീകരിച്ച നിമിഷത്തിനു ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നു വന്ന ലക്ഷങ്ങൾ ഭക്ത്യാദരങ്ങളോടെ സാക്ഷികളായി. കൊച്ചുവിശുദ്ധരുടേതായി വത്തിക്കാന്‍ തിരുസംഘം അംഗീകരിച്ച അദ്ഭുതം നടന്നതും കൊച്ചുകുട്ടിയില്‍ തന്നെ. ബ്രസീലിലെ അഞ്ചുവയസുകാരന്റെ തലച്ചോറിനേറ്റ മാരകമുറിവ് സുഖപ്പെടുത്തിയതാണ് അദ്ഭുതം.
1913 മെയ് പതിമൂന്നിനാണ് ജസീന്തയ്ക്കും ഫ്രാന്‍സിസ്കോയ്ക്കും ബന്ധു ലൂസിയക്കും കന്യാമാതാവിന്റെ ദര്‍ശനം ലഭിച്ചത്. നരകത്തിന്റെ ദര്‍ശനം, രണ്ടാം ലോകമഹായുദ്ധം , ജോണ്‍ പോള്‍ രണ്ടാമന് മാര്പ്പാപ്പക്കുനേരെയുള്ള വധശ്രമം എന്നീ മൂന്നു രഹസ്യങ്ങള്‍് കന്യാമാതാവ് കുട്ടികളോട് വെളിപ്പെടുത്തി എന്നാണ് വിശ്വാസം. രണ്ടുവര്‍ഷത്തിനു ശേഷം ജസീന്തയും ഫ്രാന്‍സിസ്കോയും അസുഖബാധിതരായി മരിച്ചു. പിന്നീട് കന്യാസ്ത്രിയായ ലൂസിയ 2005ല്‍ മരിച്ചു. ഇവരെയും വിശുദ്ധയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.