യുഎസ് വിമാനവാഹിനി കപ്പൽ യുഎസ്എസ് കാൾ വിൻസൻ കൊറിയൻ തീരത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെ ഉത്തര കൊറിയ നടത്തിയ ഏറ്റവും വലിയ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ആരോടും ഏറ്റുമുട്ടാൻ ഒരുങ്ങിനിൽക്കുന്ന വമ്പൻ സേനയാണ് ഉത്തര കൊറിയയ്ക്ക് ഉള്ളതെന്ന് കിം ജോങ് ഉൻ തെളിയിക്കുകയായിരുന്നു പീരങ്കിപ്പടയുടെ ആക്രമണ അഭ്യാസത്തിലൂടെ. യുദ്ധഭീതി നിലനിർത്തി യുഎസിന്റെ അന്തർവാഹിനി യുഎസ്എസ് മിഷിഗൺ ദക്ഷിണ കൊറിയൻ തീരത്തെത്തിയതോടെയാണ് ഉത്തര കൊറിയ സൈനികാഭ്യാസം നടത്തിയത്.
സൈനിക വിഭാഗമായ ‘കൊറിയൻ പീപ്പിൾസ് ആർമി’യുടെ 85–ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചായിരുന്നു ഉത്തര കൊറിയയുടെ അഭ്യാസപ്രകടനം. പുതിയ സാഹചര്യത്തിൽ കാര്യങ്ങളെ ഏറെ ആശങ്കയോടെയാണു ലോകം കാണുന്നത്. ഉത്തര കൊറിയൻ ഏകാധിപതി അഭ്യാസ പ്രകടനങ്ങൾ കാണാൻ എത്തിയിരുന്നുവെന്നാണു റിപ്പോർട്ട്.


ലോകരാജ്യങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശങ്കയോടെ കേൾക്കുന്ന ഉത്തര കൊറിയയുടെ ആറാം അണു പരീക്ഷണമോ ഒരു പുതിയ ദീർഘദൂര മിസൈലിന്റെ പരീക്ഷണമോ സൈനിക സ്ഥാപക ദിനമായ ചൊവ്വാഴ്ച നടന്നേക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പരീക്ഷണം നടന്നിട്ടില്ലെന്നാണു സൂചന. അതിനിടെ, ജപ്പാനിലെ ടോക്കിയോയിൽ വച്ച് യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാർ കൂടിക്കാഴ്ച നടത്തി. ആക്രമണം മുന്നിൽകണ്ട് ഉത്തര കൊറിയൻ സൈന്യം വോൻസണിൽ യുദ്ധ പരിശീലനം നടത്തിയതായി ദക്ഷിണ കൊറിയ പറഞ്ഞു.

എന്നാൽ, വിഷയത്തിൽ സമാധാനത്തിനുള്ള ശ്രമങ്ങൾ നടത്താമെന്നു ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഉത്തര കൊറിയയുടെ പങ്കാളികളിൽ പ്രധാനിയാണ് ചൈന. പ്രശ്ന പരിഹാരത്തിന് ചൈന ഇടപെടണമെന്ന് ജപ്പാനും ആവശ്യപ്പെട്ടു. ചൈനയ്ക്കു വലിയ പ്രധാന്യമുണ്ടെന്നാണു വിശ്വസിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.
