‘കണ്ണുപറ്റീട്ടാ.. അല്ലാണ്ടൊന്നൂല്ല’; അജയ് ജ‍ഡേജയ്ക്കായി മനസ്സുരുകിയ കാലം

314973.jpg
SHARE

‘ഹാഫ് സെഞ്ച്വറി കഴിഞ്ഞ് ബാറ്റ് നീട്ടുന്നത് ഭാവി വധുവായ നമുക്ക് നേരെയാണെന്ന് ഓരോ കാമുകി മനസിനും തോന്നും. നാണം കൊണ്ട് മുഖം ചുവക്കും. ഒന്ന് പോ ഏട്ടാ ന്ന് എത്രയോ വട്ടം കൂട്ടുകാർ കേൾക്കാൻ പാകത്തിന് നാണത്താൽ പരിഭവിച്ചിരിക്കുന്നു.’ ഒരു ലോകകപ്പ് ഓര്‍മ

അന്നും കളി കാണും. ഇന്നും കളി കാണും. പക്ഷേ ഇന്ന് കാണുന്ന പോലെയല്ല അന്നത്തെ കളി കാണല്‍. ഇന്ത്യ വീണ്ടുമൊരു ലോകകപ്പ് നേട്ടത്തിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ ഓര്‍മകളില്‍‌ പഴയ ആരവങ്ങള്‍ വന്ന് അലിവോടെ തൊടുന്നുണ്ട്.  അറിവു കൊണ്ടും  അതിരുകളില്ലാത്ത സാങ്കേതികത കൊണ്ടും ക്രിക്കറ്റ്‌ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന കൂട്ടമാണ് ഇന്ന് ചുറ്റും. അന്നുപക്ഷേ ഞങ്ങള്‍‌ ഇങ്ങനെയൊന്നുമായിരുന്നില്ല. വരുംവരായ്കകളൊന്നും ഓര്‍ക്കാതെ, പരിധികളില്ലാത്ത ഇഷ്ടങ്ങളുടെ കാലം.  ഇന്നോര്‍ക്കുമ്പോള്‍ ചെറുകുളിരോടെ രസം പിടിപ്പിക്കുന്നൊരു രമണീയ കാലം.    

വൈകാരികമായി കളി കണ്ടിരുന്ന അങ്ങനെയൊരു തലമുറയുടെ പ്രതിനിധിയായി ഞാനും.  പ്രീഡിഗ്രി, ഡിഗ്രി കാലത്തുള്ള ഇന്ത്യൻ ടീമിന്റെ കളികളും ജയങ്ങളുമൊക്കെ അന്നത്തെ യുവതീയുവാക്കവുടെ പ്രണയ സ്വപ്നങ്ങളുമായി കൂടി ഇഴ ചോര്‍ന്നതായിരുന്നു, എന്റെയും.  ഇഷ്ടപെട്ട ടീം..? അത് ഇന്ത്യ.. ഇന്ത്യ മാത്രം. കളിക്കാരൻ?അവിടെയാണ് പോര്. എനിക്കിഷ്ടപെട്ട കളിക്കാരനെ മറ്റൊരാളും ഇഷ്ടമാണെന്ന് പറഞ്ഞാൽ, അതിനി എത്ര ആത്മസുഹൃത്താണെങ്കിലും ‘ദുഷ്മൻ ദുഷ്മൻ’ ആകുമെന്നുറപ്പ്.  അതുകൊണ്ട് കൂട്ടുകാരിയോട് ആദ്യമേ പറയും.. ‘ടീ നീ അജയേട്ടനെ ഇഷ്ടപ്പെടല്ലേ ട്ടാ.. നിനക്ക് സൗരവ് ഭായ് ആണെടീ ചേരണത്...’ അത് സമ്മതിക്കുന്നവരുമായി മാത്രാണ് പിന്നെ കൂട്ട്. അജയ് ജഡേജയെന്ന ഇരുണ്ട നിറമുള്ള, നിറഞ്ഞ ചിരിയുള്ള കളിക്കാരന്‍ ഊണിലും ഉറക്കിലും കൂട്ടുചേര്‍ന്ന കാലം. 

dhanya-jadeja
അജയ് ജഡേജ(ഇടത്ത്), ലേഖിക ധന്യ കിരണ്‍(വലത്ത്)

ഡേ നൈറ്റ്‌ കളികളോടാണ് അന്നൊക്കെ ഞങ്ങൾക്ക് ഏറെ ഇഷ്ടം. ഒരു സെറ്റ് കളി കോളജ് വിട്ട് വരുമ്പോഴേക്കും തീർന്നിട്ടുണ്ടാവും. വൈകുന്നേരം വന്ന് കുളത്തിൽ ചെന്ന് ഒന്നു കുളിച്ചെന്ന് വരുത്തി, ഓടി അമ്പലത്തിൽ ചെന്ന് ഒരു ധാര നേർന്ന് തേവരെ തൊഴുത് ഓടി വീട്ടിലെത്തുമ്പോഴേക്കും വിളക്ക് വയ്ക്കാൻ നേരാകും. നാമം ചൊല്ലൽ ഒറ്റ ശ്വാസത്തിൽ തീർത്ത് കളി കാണാനിരിക്കും. ബാറ്റുമായി പുഞ്ചിരിയോടെ ക്രീസിലേക്ക് നടന്നു വരുന്ന നമ്മുടെ സ്വന്തം നായകനാകും ഉള്ളുനിറയെ.  ബാറ്റ് വീശിയുള്ള ആ വരവു വരെ കളി വിരസമായിരിക്കും. ബാറ്റുമായി അവനെത്തി സിക്സറും ബൗണ്ടറിയും പായിച്ചു ടീമിനെ ജയിപ്പിക്കുന്നത് വരെ ഒരു സമാധാനുല്ല്യ. വിളിക്കാത്ത ദൈവങ്ങളില്ല. ചൊല്ലാത്ത നാമങ്ങളില്ല. ഹാഫ് സെഞ്ച്വറി കഴിഞ്ഞ് ബാറ്റ് നീട്ടുന്നത് ഭാവി വധുവായ നമുക്ക് നേരെയാണെന്ന് ഓരോ കാമുകി മനസിനും തോന്നും. നാണം കൊണ്ട് മുഖം ചുവക്കും. ഒന്ന് പോ ഏട്ടാ ന്ന് എത്രയോ വട്ടം കൂട്ടുകാർ കേൾക്കാൻ പാകത്തിന് നാണത്താൽ പരിഭവിച്ചിരിക്കുന്നു.

രാത്രി ഭക്ഷണം മുന്നിൽ കൊണ്ടച്ചാലും ‘അജയേട്ടൻ’ ക്രീസ് വിടാതെ അതിറങ്ങില്ല. അന്നുച്ചയ്ക്ക് ഉറകൂടിയ തൈരൊഴിച്ച് കുഴച്ച കുത്തരി ചോറ് കിണ്ണത്തിന്റെ ഒരറ്റത്തേക്ക് ചേർത്ത് വെച്ച് വൈകീട്ടുണ്ടാക്കിയ മുരിങ്ങയില ഉപ്പേരീം നാലഞ്ചു ഉണക്കമാന്തൾ വറുത്തതും കൂട്ടി ഊണുകഴിച്ചോണ്ട് കളി കാണുന്ന സുഖം.. ആാാഹാ.

ഇന്ത്യ ജയിച്ചാലത്തെ സ്ഥിതിയോ. പിറ്റേന്ന് കോളജിലേക്ക് പോവാൻ വീടിന്റെ അടുത്ത്ന്നുള്ള പുഷ്പാക് ബസ് നോക്കി നിക്കില്ല. അത്താണി വരെ നടന്ന് ബസ് കേറി പാറമേക്കാവിന്റെ മുന്നിലിറങ്ങി ഒറ്റ ഓട്ടമാണ്. അജയേട്ടന് വേണ്ടി പ്രാർത്ഥിച്ച്, പുഷ്പാഞ്ജലി കഴിപ്പിക്കാൻ. അജയ് ജഡേജയുടെ നക്ഷത്രണ്ടോ നമുക്ക് വല്ല പിടീം... അതിനു വഴി വേറെണ്ട്. വാരഫലം വരണ കോളത്തിൽ പണ്ടൊക്കെ ഓരോ നക്ഷത്രക്കാർക്കും ചേരണ നക്ഷത്രം ഏത്.. പൊരുത്തം എത്ര എന്നൊക്കെ ഉണ്ടാവും. മനോരമ ആഴ്ചപ്പതിപ്പിൽ അതാദ്യം നോക്കി മനപാഠമാക്കി വയ്ക്കും. പുഷ്പാഞ്ജലി കഴിപ്പിക്കാൻ തിരുമേനീടെ മുന്നിൽ ചെന്ന് ഇങ്ങനെ പറയും: അജയ് കാർത്തിക.. ജഡേജ എന്നുകൂടി പറഞ്ഞാ ചെലപ്പോ തിരുമേനിക്ക് മതം സംശയായാലോ...? പ്രണയം സംശയായാലോ..? അതോണ്ട് അജയ് കാർത്തിക..!

എന്നെങ്കിലും നേരിൽ കാണാൻ പറ്റിയാൽ കൊടുക്കാൻ സൂക്ഷിച്ചുവച്ച ഫോട്ടോ അന്നത്തെ ഞാനുൾപ്പടെയുള്ള കോളജു കുമാരികളുടെ എല്ലാരുടേം ബാഗിൽ കാണും. എത്ര വ്രതം നോറ്റു.. എത്ര ഏകാദശി എടുത്തു.. എത്ര തിരുവാതിര നോറ്റു.. എത്ര ഭംഗിയായി മുറ്റമടിച്ചു. ഭംഗിയായി മുറ്റമടിച്ചാൽ ആശിക്കുന്ന ആളെ ഭർത്താവായി കിട്ടുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു അന്നത്തെ കൂർമ ബുദ്ധിശാലിയായ അമ്മമാര്‍. ഒടുക്കം ഒരു കറുത്ത ഏടായി ഇന്ത്യൻ ടീമിനെ തലകുനിപ്പിച്ചു ജഡേജ ടീമിന് പുറത്തായപ്പോള്‍ മനസിനെ ആശ്വസിപ്പിച്ചു: ‘കണ്ണുപറ്റീട്ടാ.. അല്ലാണ്ടെ അജയേട്ടൻ..’ അങ്ങനെയായിരുന്നു ആ കാലം. അത്രമേല്‍ നിഷ്കളങ്കമായിരുന്നു ഞങ്ങള്‍ കുമാരിമാരുടെ കളിയിഷ്ടം. 

(ലേഖിക മനോരമ ന്യൂസില്‍ ന്യൂസ് പ്രൊഡ്യൂസറാണ്)

MORE IN SPOTLIGHT
SHOW MORE