
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്‍റെ നാടോടിനൃത്ത വേദിയിൽ എല്ലാവരുടെയും ശ്രദ്ധ ജോൺസൺ മാഷിലായിരുന്നു. വേദിയിൽ ശിഷ്യയുടെ നൃത്തം പുരോഗമിക്കുമ്പോൾ അതെ ചുവടുകളുമായി മാഷും തകർത്തതാണ് കാഴ്ചക്കാരെ ആകർഷിച്ചത്.
ഒന്നാം നമ്പർ വേദിയിൽ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തം പുരോഗമിക്കുകയാണ്. മുണ്ടംവേലി ഫാദർ അഗസ്തീനോവിച്ചിനീസ് സ്പെഷ്യൽ സ്കൂളിലെ ഒമ്പതാം ക്ലാസുകാരി ആദിത്യ രതീഷ് ചുവടുവെക്കുന്നു. പക്ഷെ കാഴ്ചക്കാരുടെ ശ്രദ്ധ വേദിക്കൊപ്പം സദസ്സിലേക്കും നീണ്ടു. അവിടെ വേദിയിലെ അതേ താളത്തിൽ ചുവട് വയ്ക്കുകയാണ് ജോൺസൺ മാഷ്.
കേൾവി പരിമിതിയുള്ള ആദിത്യക്ക് പാട്ട് കേൾക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ സദസ്സിലെ മാഷിന്റെ ചുവടുകൾക്കനുസരിച്ചാണ് വേദിയിലെ ശിഷ്യയുടെ പ്രകടനം. സ്പെഷൽ ഇൻസ്ട്രക്ടറായ ജോൺസൻ മാഷ് 27 വർഷമായി ഇവിടെയുള്ള വിദ്യാർഥികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്. നാടോടി നൃത്തം, സംഘനൃത്തം ശാസ്ത്രീയ നൃത്തങ്ങൾ തുടങ്ങി എല്ലാം മാഷിനറിയാം. കുട്ടികളെ എങ്ങനെ പഠിപ്പിക്കണം എന്ന് കാര്യത്തിലും മാഷിന് കൃത്യമായ ബോധ്യമുണ്ട്. കലാരൂപങ്ങളിലൂടെ സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളുടെ അധ്യയനം എങ്ങനെ നടത്താം എന്നതിൽ മാസ്റ്റർ പ്ലാൻ സമർപ്പിക്കാനും മാഷിന് പദ്ധതിയുണ്ട്.
State special school kalolsavam