
സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും മനോഹരമാണ് ശനി. ശനിയും ശനിയുടെ വളയങ്ങളും ശാസ്ത്രജ്ഞരെയും വാന നിരീക്ഷകരെയും എക്കാലവും ആകര്‍ഷിക്കുന്ന ഒന്നാണ്. എന്നാല്‍ ശനിക്ക് ചുറ്റുമുള്ള വളയങ്ങള്‍ മങ്ങുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. 2025 ഓടെ ഈ വളയങ്ങള്‍ ഭൂമിയില്‍ നിന്ന് ദൃശ്യമാകില്ല. എന്നാല്‍ 2032 ൽ അവ വീണ്ടും ദൃശ്യമായി തുടങ്ങുകയും ചെയ്യും. എന്തുകൊണ്ടാണിത്?

എന്തുകൊണ്ടാണ് ശനിയുടെ വളയങ്ങൾ അപ്രത്യക്ഷമാകുന്നത്?
ഭൂമിയുമായി 9 ഡിഗ്രി ചരിഞ്ഞാണ് ശനി സ്ഥിതിചെയ്യുന്നത്. എന്നാൽ ഈ ചരിവാകട്ടെ കുറഞ്ഞുവരികയുമാണ്. അടുത്തവർഷത്തോടെ ഈ ചരിവ് 9 ഡിഗ്രിയില്‍ നിന്ന് 3.7 ഡിഗ്രി ആയി കുറയും. 2025 ആകുന്നതോടെ ചരിവ് മാറുകയും ചെയ്യും. ഇതോടെ വളയങ്ങൾ നേർത്ത ഒരു വരപോലെ മാത്രമേ ഭൂമിയിൽ നിന്ന് അനുഭവപ്പെടുകയുള്ളൂ.

ഇത്തരത്തില്‍ ഓരോ 15 വർഷം കൂടുമ്പോഴും ശനിയുടെ വളയങ്ങൾ അദൃശ്യമാകാറുണ്ട്. ഈ പ്രതിഭാസത്തെ ശനിയുടെ വിഷുവം എന്നാണ് വിളിക്കുന്നത്. 2009 സെപ്റ്റംബറിലാണ് അവസാനമായി ഈ പ്രതിഭാസം അരങ്ങേറിയത്. യൂറോപ്യൻ ബഹിരാകാശ ഏജൻസി പറയുന്നത് പ്രകാരം 2025 മെയ് 6 നാണ് അടുത്ത വിഷുവം. അതേസമയം 2032 ഓടു കൂടി ശനി വീണ്ടും അതിന്‍റെ ചരിവ് ഉയര്‍ത്തുമ്പോള്‍ ഈ വളയങ്ങള്‍ ദൃശ്യമാകുകയും ചെയ്യും.

എന്താണ് ശനിയുടെ വളയങ്ങള്‍?
വലുതും സങ്കീർണ്ണവുമായ ഘടനകളാണ് ശനിയുടെ വളയങ്ങൾ. എന്നാല്‍ ഒരേയൊരു വളയമല്ല ശനിക്കുള്ളത്, മറിച്ച് അനേകം വളയങ്ങളുണ്ട്. ഏഴ് വളയങ്ങളാണ് ഇതില്‍ പ്രധാനം. ഈ പ്രധാന വളയങ്ങളെ കൂടാതെ അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ ഉപവളയങ്ങളും ശനിക്കുണ്ട്. ഇവയ്ക്ക് ഓരോന്നിനും ഇടയില്‍ വിടവുകളുമുണ്ട്. ഇതിന്‍റെ ഭൂരിഭാഗവും ഐസുകട്ടികളും പാറക്കഷണങ്ങളും കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ചെറിയ കണികകളും മലയോളം വലുപ്പമുള്ളവയുമുണ്ട് ഇതില്‍.

ഏകദേശം 135 കോടി കിലോമീറ്റർ ദൂരമുണ്ട് ഭൂമിയിൽനിന്ന് ശനിയിലേക്ക്. ഇത്രയും ദൂരെയായതിനാൽ ഈ പാറക്കഷണങ്ങൾക്കിടയിലുള്ള വിടവ് നമുക്ക് കാണാൻ സാധിക്കില്ല. അതിനാൽ അവ ഒന്നുചേർന്ന് ഒരു വളയമായി തോന്നിക്കുന്നു. ശനിയുടെ ഉപരിതലത്തിൽനിന്നും ഏകദേശം ഏഴായിരം കിലോമീറ്റർ ഉയരം മുതൽ നാലുലക്ഷം കിലോമീറ്റർ വരെ ദൂരത്തേക്കു വ്യാപിച്ചു കിടക്കുന്നവയാണിവ. 1610ൽ ഗലീലിയോ ആണ് ആദ്യമായി അവ കണ്ടെത്തിയത്. വാൽനക്ഷത്രങ്ങളും ഉൽക്കകളും മറ്റു ചന്ദ്രൻമാരും ശനിയിൽ എത്തുന്നതിനു മുൻപ് പൊട്ടിത്തെറിച്ചുണ്ടായതാണത്രേ ഈ വളയങ്ങൾ. ഓരോ വളയവും ചലിക്കുന്നതും വ്യത്യസ്‌ത വേഗത്തിലാണ്.
അതേസമയം അടുത്ത 300 ദശലക്ഷം വർഷത്തിനുള്ളിൽ ശനിയുടെ വളയങ്ങൾ പൂർണ്ണമായും നഷ്‌ടപ്പെടുമെന്നാണ് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍റെ (നാസ) 2018 ലെ റിപ്പോർട്ട് പറയുന്നത്. വളയങ്ങളിലെ പൊടിപടലങ്ങളെ ശനി അതിന്‍റെ കേന്ദ്രത്തിലേക്ക് ശക്തമായി ആകര്‍ഷിക്കുന്നതു കൊണ്ടാണിത്.

ശനിയെ കുറിച്ച് കൂടുതല്‍...
നമ്മുടെ സൗരയൂഥത്തിലെ വ്യാഴം കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും വലിയ ഗ്രഹമാണ് ശനി. സൂര്യനിൽ നിന്ന് ആറാമത്തെ ഗ്രഹവുമാണ്. അതിമനോഹരമായ വളയങ്ങളാണ് ശനിയുടെ ഏറ്റവും വലിയ പ്രത്യേകത. വ്യാഴത്തിന് സമാനമായി ശനിയിലും പ്രാഥമികമായി അടങ്ങിയിരിക്കുന്നത് ഹൈഡ്രജനും ഹീലിയവുമാണ്. ശനി, വ്യാഴം, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെ ചേര്‍ത്ത് വാതകഭീമന്മാർ എന്നാണ് വിളിക്കുന്നത്.
Saturn's rings will disappear from Earth's view by 2025.