
തമിഴ് സിനിമാമേഖലയെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകളുടെ മരണം. അനുശോചനമറിയിക്കാനായി വിജയ്‌യുടെ വീട്ടിലേക്ക് തമിഴ് സിനിമാ താരങ്ങളുടെയും പ്രവര്‍ത്തകരുടെയും പ്രവാഹമാണ്. സമൂഹമാധ്യമങ്ങളിലൂടെയും താരങ്ങള്‍ അനുശോചനമറിയിക്കുന്നുണ്ട്. ഈ വേദന, മീരയുടെ അകാലവിയോഗം ചിന്തിക്കാന്‍ പോലും പറ്റുന്നതല്ല, വിജയ്ക്കും ഭാര്യ ഫാത്തിമയ്ക്കും ഈ വേദന മറികടക്കാനുള്ള ശക്തിയുണ്ടാവട്ടെയെന്ന് നടന്‍ ശരത്കുമാര്‍ എക്സ്‌വാളില്‍ കുറിച്ചു. സംവിധായകന്‍ വെങ്കട്ട് പ്രഭുവും എക്സ് വാളിലൂടെ അനുശോചനം അറിയിച്ചു.
പ്ലസ്ടുവിനു പഠിക്കുന്ന മീര ചര്‍ച്ച് പാര്‍ക്ക് സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ രാത്രി പതിവുപോലെ ഉറങ്ങുന്ന നേരം തന്നെ സ്വന്തം മുറിയിലേക്ക് പോയി. പുലര്‍ച്ചെ മൂന്നുമണിയോടെ മീരയുടെ മുറിയിലെത്തിയ വിജയ് ആന്റണിയാണ് മകളെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. തേനാംപെട്ട് പൊലിസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങളായി മാനസികസമ്മര്‍ദ്ദത്തിനു ചികിത്സയിലായിരുന്നു മീര. വിജയ് ആന്റണിയുടെ മകളുടെ മരണം ഇനിയും വിശ്വസിക്കാനാവാതെ അഗാധവേദനയിലാണ് ചലച്ചിത്രലോകം.
ഇന്ന് പുലര്‍ച്ചെയാണ് പതിനാറുകാരിയായ മീരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്, ഉച്ചയോടെ ഭൗതികദേഹം വീട്ടിലേക്കെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Vijay Antony daughter Meera Death; Film industry in shock