‘അവൾക്കിഷ്ടപ്പെട്ടത് എന്റെ കുപ്പിവള’: വളയൂരിനൽകി കലക്ടർ; അവകാശരേഖയ്ക്കൊപ്പം ജ്യോതിക്ക് പുതുവസ്ത്രങ്ങളും

divya
SHARE

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയുടെ ജീവിതദുരിതത്തിന് ആശ്വാസമായി നേരിട്ടെത്തി പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ. ജ്യോതിയുടെ ജീവിതാവസ്ഥകൾ ബാബു വർഗീസ് എന്ന വ്യക്തി നൽകിയ നിവേദനത്തിലൂടെ ബോധ്യപ്പെട്ടാണ് കലക്ടർജ്യോതിയുടെ വീട്ടിലെത്തിയത്. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ജ്യോതിക്ക് ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

ജന്മനാ ഭിന്നശേഷിയുള്ള ജ്യോതിക്ക് താങ്ങും തണലും സഹോദരി ഗിരിജയാണ്. ഭർത്താവും സഹോദരനും ഉപേക്ഷിച്ചു പോയെങ്കിലും തൊഴിലുറപ്പ് ജോലി ചെയ്താണ് സഹോദരി അനിയത്തിയെ നോക്കുന്നത്. ജോലിക്ക് പോകുമ്പോൾ ജ്യോതിക്ക് രണ്ടു വളർത്തുനായ്ക്കളെ മുറിയിൽ കൂട്ടിനാക്കിയിട്ടാണ് പോവുക. പരസഹായം കൂടാതെ ദിനചര്യ പൂർത്തീകരിക്കാൻ ജ്യോതിക്ക് കഴിയില്ല. ജ്യോതിയുടെയും സഹോദരിയുടെയും അവസ്ഥ ബോധ്യപ്പെട്ട ദിവ്യ എസ്.അയ്യർ സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുവാൻ വേണ്ടുന്ന നടപടികൾ സ്വീകരിച്ചു.  പുതിയ റേഷൻ കാർഡും തൽസമയം എൻട്രോൾ ചെയ്ത് ആധാർ കാർഡും ഉൾപ്പെടെ ജ്യോതിയ്ക്ക് ആവശ്യമായ അവകാശ രേഖകളെല്ലാം കൈമാറി. കളക്ടറുടെ അധ്യക്ഷതയിൽ നാഷണൽ ട്രസ്റ്റ് ആക്ടിനു കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക തല സമിതി ഗൃഹസന്ദർശനവും ഭിന്നശേഷി വിലയിരുത്തലും നടത്തി. തുടർന്നു നിയമപരമായി രക്ഷാകർതൃത്വവും നൽകും. ഇതിനൊക്കെ ഇടയിലാണ് കലക്ടറുടെ കയ്യിലെ കുപ്പിവളകൾ ജ്യോതിയെ ആഹ്ലാദിപ്പിച്ചത്. ഇതുകണ്ട ദിവ്യ സ് അയ്യർ അപ്പോൾ തന്നെ അവ ഊരി നൽകി. നിറമുള്ള മാലകളും വേണമെന്നായി പെൺകുട്ടി. എന്നാൽ മാലകൾ കയ്യിൽ കരുതാത്തതിനാൽ പുത്തൻ വസ്ത്രങ്ങൾ സമ്മാനിച്ചപ്പോൾ അവൾ വീണ്ടും പൊട്ടിച്ചിരിച്ചു. 

ജ്യോതിയുടെ നെറുകയിൽ സ്നേഹചുംബനം നൽകിയാണ് കലക്ടർ മടങ്ങിയത്. പെൺകുട്ടിക്ക് വേണഅട സഹായങ്ങൾ ഉറപ്പാക്കിയവിവരവും ചിത്രങ്ങളും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ കലക്ടർ തന്നെ പങ്കുവെച്ചിട്ടുണ്ട്. ‘വളകിലുക്കം പോൽ ലളിതസുഭഗങ്ങൾ കൊണ്ടു നിർഭരമാകട്ടെ ജ്യോതിയുടെയും കുടുംബത്തിന്റെയും ഭാവി ജീവിതം’ എന്ന ആശംസയും കലക്ടർ പങ്കുവയ്ക്കുന്നുണ്ട്.

MORE IN SPOTLIGHT
SHOW MORE