വാരണാസിയിലെ തെരുവില്‍ നിന്ന് ഇറ്റലിയിലേക്ക്; കടല്‍ കടന്നൊരു രാജയോഗം

dogs
SHARE

ഭാഗ്യം ഉച്ചസ്ഥായിയിലാണെങ്കില്‍ എന്തൊക്കെ സംഭവിക്കും ജീവിതത്തില്‍ ? കണ്ണടച്ചുതുറക്കുമ്പോള്‍ വാരാണസിയിലെ തെരുവില്‍ നിന്ന് ഇറ്റലിയിലും നെതര്‍ലന്‍സിലുമൊക്കെ എത്തും എന്ന് പറഞ്ഞാല്‍ അതിശയോക്തിയാണ് എന്ന് തോന്നുമോ? തോന്നിയാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. 

പഴഞ്ചൊല്ലാണ്. പക്ഷെ പതിരില്ല. ഇന്നലെ വരെ വാരാണസിയുടെ തെരുവോരങ്ങളില്‍ അലഞ്ഞ് നടന്നിരുന്നവരാണ് ജയയും മോട്ടിയും. 

ഈ തെരുവിലെ സ്നേഹിതരായ ഇവര്‍ക്ക് എന്ത് ശുക്രനാ തെളിഞ്ഞത് എന്ന് ചോദിച്ചാല്‍, പതിവ് പോലെ വെയില്‍ കാഞ്ഞ് നടന്ന ഒരു വൈകുന്നേരമാണ് ജയയും മോട്ടിയും വീരാ ലസാരേത്തിയുടേയും മിറാലിന്റേയും മുന്നില്‍പ്പെട്ടത്. വീരയും മിറാലും ഇറ്റലിയില്‍ നിന്നും നെതര്‍ലന്‍സില്‍ നിന്നും കഴിഞ്ഞ വര്‍ഷം അവസാനം  ഇന്ത്യ കാണാന്‍ എത്തിയവരാണ്. വാരാണസിയിലെത്തി തെരുവിലൂടെ കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെയാണ് ഈ ചങ്ങാതിമാര്‍ അവരുടെ കണ്ണില്‍ പെട്ടത്. കണ്ടമാത്രയില്‍ത്തന്നെ ജയയും മോട്ടിയും ഇരുവരുടേയും ഹൃദയം തൊട്ടു. പിന്നത് പിരിയാന്‍ വയ്യാത്ത അടുപ്പമായി. ഇവരെ ദത്തെടുത്ത് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയാലോ എന്ന ആലോചനയിലാണ് ആ പിരിയാകൂട്ട് ചെന്നവസാനിച്ചത്. പിന്നെ വൈകിച്ചില്ല, പാസ്പോര്‍ട്ട്, ജിയോടാഗിങ്ങ്, അങ്ങനെ നായ്ക്കളെ കടല്‍ കടത്തി കൊണ്ടുപോകാന്‍ വേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി. ജൂണ്‍ അവസാനം മോട്ടി വീരയോടൊപ്പം ഇറ്റലിയിലേക്കും, ജുലായ് ആദ്യം ജയ മിറാലിനൊപ്പം നെതര്‍ലന്‍സിലേക്കും പറക്കും. പ്രൗഡപുരാണ വാരാണസിയുടെ ചരിത്രത്തിലാദ്യമായിട്ടായിരിക്കാം ഇങ്ങനൊരു പറക്കല്‍ എന്നാണ് നാട്ടുകാരുടെ അഭിപ്രായം. അപ്പോ ജയയും മോട്ടിയും ഇനി തെരുവുനായ്ക്കളല്ല ശുക്രദശ തെളിഞ്ഞ ശ്വാന സുഹൃത്തുക്കളാണ്.

MORE IN SPOTLIGHT
SHOW MORE