
എന്നും രാവിലെ സ്റ്റേഷനിലെത്തും ലോക്കല്‍ ട്രെയിനില്‍ കയറി അന്ധേരിയിലേക്ക് പോകും. പകല്‍ സമയമെല്ലാം അവിടെ ചെലവഴിച്ച് വൈകുന്നേരും ലോക്കല്‍ ട്രെയിനില്‍ കയറി സ്വന്തം നാട്ടിലേക്ക് തിരിക്കും. പറഞ്ഞുവരുന്നത് മുംബൈയിലെ ഒരു നായയുടെ ജീവിതത്തെ കുറിച്ചാണ്. ലോക്കല്‍ ട്രെയിനില്‍ ടിക്കറ്റെടുക്കാതെ പതിവായി യാത്രചെയ്യുകയാണ് ഈ നായ. പതിവ് കാഴ്ചയായതോടെ മറ്റ് യാത്രക്കാര്‍ക്കും ഇവന്‍ ഇപ്പോള്‍ സുപരിചിതനാണ്.
ഇന്ത്യൻ കൾച്ചറൽ ഹബ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നായയുടെ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. ബൊറിവാലി എന്ന സ്റ്റേഷനിൽ നിന്നാണ് പതിവായി നായ ട്രെയിനിൽ കയറുന്നത്. കയറിയ പാടെ വാതിലിന് സമീപത്ത് തന്നെ ചുറ്റിത്തിരിഞ്ഞ് കിടക്കാനുള്ള ഇടം കണ്ടെത്തുകയും ചെയ്യും. മനുഷ്യരെ ഭയപ്പെടുത്താനോ ആക്രമിക്കാനോ നായ മുതിരാറുമില്ല. ട്രെയിന്‍ സ്റ്റേഷന്‍ വിട്ടാല്‍ പറ്റിയ ഒരു സ്ഥലത്ത് പോയി കിടക്കും. മറ്റ് യാത്രക്കാരെ എല്ലാം ശ്രദ്ധിക്കും. അന്ധേരിയില്‍ ട്രെയിന്‍ എത്തിയാല്‍ അവിടെ ഇറങ്ങും.പിന്നീട് പകൽസമയം മുഴുവൻ നായ അന്ധേരിയിൽ തന്നെ കറങ്ങും. എന്നാൽ ഇരുട്ട് വീണു കഴിഞ്ഞാൽ അടുത്ത ട്രെയിൻ പിടിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും.