മരണം വരെ കമ്മ്യൂണിസ്റ്റായിരിക്കും എന്ന് പറഞ്ഞ ഇന്നസെന്‍റ്

innocent communism politics 2703
Image Credits: facebook.com/NjanInnocent
SHARE

2022 ഫെബ്രുവരി 20 നാണ് ഇന്നസെന്‍റിനെ പറ്റിയുള്ള ഒരു വ്യാജ പോസ്റ്റ് അദ്ദേഹം തന്നെ കാണാനിടയാകുന്നത്. സിനിമയില്‍ വന്നപ്പോള്‍ ഒരാവേശത്തിന് ഞാന്‍ ഇടതുപക്ഷക്കാരനായി എന്ന് തുടങ്ങുന്ന പോസ്റ്റായിരുന്നു അത്. പോസ്റ്റ് കണ്ടയുടനെ അദ്ദേഹം തന്നെ അതിന് മറുപടിയുമായി എത്തി. തന്‍റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നെന്നും ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് താന്‍ വളർന്നതെന്നും മരണം വരെ അതിൽ മാറ്റമില്ലെന്നുമാണ് അന്ന് ഇന്നസെന്‍റ് പ്രതികരിച്ചത്. 

വെള്ളിത്തിരയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സംഘടനാ നേതൃത്വത്തിലും ഇന്നസെന്‍റിന്‍റെ നേതൃത്വം ശ്രദ്ധേയമായിരുന്നു. 1970കളിൽ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു ഇന്നസെന്റ്. 1979-ൽ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായി ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ആ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. പിന്നീട് 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയില്‍ ചാലക്കുടി മണ്ഡലത്തിൽ നിന്ന് എൽഡിഎഫിന്‍റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇന്നസെന്റ് വിജയിച്ചു. അങ്ങിനെ ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ ഇന്നസെന്‍റ്, ഒരു രാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് പറയാറുള്ളത്. എങ്കില്‍പ്പോലും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറായും ചാലക്കുടിയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായും എത്തിയ ഇന്നസെന്‍റ് തനിക്ക് ആ കുപ്പായവും ചേരുമെന്ന് കാണിച്ചു തരികയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇന്നസന്റിനെ കണ്ടവർ അദ്ദേഹത്തോട് ചോദിച്ചിരുന്നു വീണ്ടും മൽസരിക്കുന്നില്ലേ, എന്ന്. അതിനു മറുപടിയായി അന്ന് അദ്ദേഹം പറഞ്ഞത് അവസാനംവരെ ഇതുപോലെ ജീവിക്കണം എന്നാഗ്രഹിക്കുന്നത് അസുഖമാണ്. എനിക്ക് ആ അസുഖം തുടങ്ങിയിട്ടുണ്ടോ എന്ന് സംശയം തോന്നിയതുകൊണ്ടാണു സ്വയം ചികിൽസിച്ചു മാറാൻ തീരുമാനിച്ചത് എന്നാണ്.

Innocent Political Life

MORE IN SPOTLIGHT
SHOW MORE