വിദൂരത്തല്ല, ബഹിരാകാശ ബുട്ടീക്; ആകാശം വാഴാന്‍ പുതുട്രെന്‍ഡ്..!

space-suit
SHARE

മനുഷ്യ കാലഘട്ടങ്ങളെ കുറിക്കാന്‍ ഏറ്റവും അനുയോജ്യമായത് പ്രാദേശികമായ വസ്ത്രങ്ങളുടെ (ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം) രൂപഘടനാ മാറ്റങ്ങളാണ്. ഏതു നാടായാലും ഏതു തരമായാലും ഉപയോഗിച്ചു തുടങ്ങിയ ശേഷം ഏറ്റവുമധികം പരീക്ഷണങ്ങളിലൂടെ കടന്നുപോയതും വസ്ത്രങ്ങളാവാം. നാണം മറയ്ക്കാന്‍ ഉപയോഗിച്ച് തുടങ്ങിയവ പിന്നെ മനുഷ്യന്റെ വ്യക്തിത്വത്തെ കുറിക്കുന്ന അവിഭാജ്യഘടകമായി മാറി. മാറി മാറി വസ്ത്രം എന്നത് ഇന്ന് നാണം മറയ്ക്കാന്‍ എന്ന സങ്കല്പത്തിനെ തന്നെ ഇല്ലാതാക്കി. വരുമാനത്തിന്റെ നല്ലൊരു പങ്ക് വ്യത്യസ്ത വസ്ത്രധാരണത്തിനായി പുതുകാലം മാറ്റിവയ്ക്കുന്നു. 

മുക്കില്‍ പുരുഷന്മാരുടെ ഒരു തയ്യല്‍ കടയും വീടുകളില്‍ സ്ത്രീകളുടെ ഒരു  തയ്യല്‍ മെഷീനും എന്നത് മുക്കിന് മുക്കിന് ബുട്ടീക്കുകള്‍ എന്ന രീതിയിലേക്ക് മാറി. അനുയോജ്യമായ വസ്ത്രം എന്നത് വകതിരിവോടെ സൗകര്യപ്രദമായത് തിരഞ്ഞെടുക്കുന്ന ഒന്നാണ്. ഏതായാലും യൂണിഫോമുകളില്‍ തുടങ്ങി ബാത്ത് വെയറുകളില്‍ വരെ ഫാഷന്‍ രംഗത്ത് ഇന്ന് പരീക്ഷണങ്ങള്‍ നടക്കുന്നു. ഭൂമിയില്‍ മാത്രമാണ് ഈ പരീക്ഷണം എന്നു കരുതേണ്ട. അങ്ങ് ബഹിരാകാശത്തും ഉണ്ട് പരീക്ഷണങ്ങള്‍. പരീക്ഷണങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കുമായി ബഹിരാകാശ ശാസ്ത്രജ്ഞര്‍ മാത്രം ഉണ്ടായിരുന്ന കാലമല്ലിത് എന്നോര്‍ക്കണം. ആര്‍ക്കും പോകാം ബഹിരാകാശത്ത്. ബഹിരാകാശ ടൂറിസം സാധ്യമായ കാലത്ത്  സഞ്ചാരികളും ട്രെന്‍ഡിയാകണമല്ലോ. ഇന്ത്യയുടെ ബഹിരാകാശ ടൂറിസം പദ്ധതി 2030 ഒാടെ ആരംഭിക്കാനിരിക്കുകയുമാണ്. അപ്പോള്‍ വിശദമായറിയണം ബഹിരാകാശത്തെ പുതിയ ഫാഷന്‍ ട്രെന്‍ഡിനെക്കുറിച്ച്. 

ചാന്ദ്രദൗത്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ തരം ബഹിരാകാശ വസ്ത്രം തയ്യാറാക്കിയിരിക്കുകയാണ് നാസ. ചന്ദ്രോപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ യാത്രികരെ സഹായിക്കുന്നതാണ് പുതിയ ഡിസൈന്‍. നാസയുടെ പുതിയ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 3 ല്‍ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികര്‍ ഉപയോഗിക്കാന്‍ പോകുന്ന സ്പേസ് സ്യൂട്ടിന്റെ മാതൃക പുറത്തിറക്കി. നീല്‍ ആംസ്ട്രോങ് മുതലിങ്ങോട്ട് ധരിച്ച വെള്ള സ്യൂട്ടിനു പകരം ചാരം കലര്‍ന്ന കറുപ്പു നിറത്തിലുളളതാണ് പുതിയ സ്യൂട്ട്. ചിലയിടങ്ങളില്‍ ഓറഞ്ച്, നീല നിറങ്ങളും ഉണ്ട്. മുന്‍വശത്ത് നടുവിലായി ആക്സിയോമിന്റെ ലോഗോയും കാണാം.  ചന്ദ്രനില്‍ കൂടുതല്‍ ചലന സ്വാതന്ത്യവും സുരക്ഷയും നല്‍കുന്നതാണ് പുതിയ  സ്യൂട്ട്. കൂടാതെ പുതിയ സാങ്കേതിക വിദ്യകളും ഉപയോഗിച്ചിട്ടുണ്ട്. ആക്സിയോം എക്സ്ട്രാ വെഹികുലാര്‍ മൊബിലിറ്റി യൂണിറ്റ് എന്നാണ് സ്യൂട്ടിന്റെ മാതൃക അറിയപ്പടുന്നത്. 

പുതിയ വസ്ത്രം വനിതാ സഞ്ചാരികള്‍ക്കും കൂടുതല്‍ അനുയോജ്യമെന്നാണ് നാസ പറയുന്നത്. ആക്സിയോം സ്പേസ് ആണ് പുതിയ സ്യൂട്ട് നിര്‍മിച്ചിരിക്കുന്നത്. 2025ലാണ് ആര്‍ട്ടെമിസ് 3 ചന്ദ്രനിലേക്ക് യാത്ര നടത്തുക.  ഈ ദൗത്യത്തിലൂടെ ആദ്യമായി വനിതയും ചന്ദ്രനില്‍ കാലുകുത്തുമെന്നാണ് പ്രതീക്ഷ. 

ബഹിരാകാശത്തിന്റെ കഠിനവും സങ്കീര്‍ണവുമായ പരിസ്ഥിതിയില്‍ താപനില, മര്‍ദം, വികിരണങ്ങള്‍, ശ്വാസോച്ഛാസം എന്നിവയെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന രീതിയിലാണ് സ്പേസ് സ്യൂട്ടുകള്‍ തയാറാക്കുന്നത്. ആറുകോടി രൂപയുള്ള ആര്‍ക്കും ബഹിരാകാശത്ത് പോകാം. ഒരുപക്ഷെ അടുത്ത തലമുറയുടെ വിനോദസഞ്ചാരം ബഹിരാകാശത്തേക്ക് ആകാമെന്നിരിക്കെ, ബഹിരാകാശ സ്പെഷല്‍ ബുട്ടീക്കുകളൊക്കെ  സര്‍വസാധാരണമായേക്കാം.

MORE IN SPOTLIGHT
SHOW MORE