ഓസ്കർ കിട്ടിയാലും ഇല്ലെങ്കിലും 1.03 കോടിയുടെ സമ്മാനം; നോമിനികളെ കാത്തിരിക്കുന്നത്

oscar-12
SHARE

ഓസ്കറിന്റെ തിളക്കം ആ സ്വർണശിൽപം തന്നെയാണ്. അത് പക്ഷേ ജേതാക്കൾക്കുമാത്രമേയുള്ളു. നോമിനേറ്റ് ചെയ്യപ്പെട്ടിട്ടും പുരസ്കാരം ലഭിക്കാതെ പോകുന്നവർക്ക് എന്തുകിട്ടും? 5 വിഭാഗങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെടുന്ന എല്ലാവർക്കും ഇത്തവണ 1.03 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിക്കും. മികച്ച സംവിധായകൻ, നടൻ, നടി, സഹനടൻ, സഹനടി എന്നീ വിഭാഗങ്ങളിലെ നോമിനികളെയാണ് സമ്മാനമഴ കാത്തിരിക്കുന്നത്. 2020ൽ ഒന്നരക്കോടിയിലേറെ രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഓസ്കർ നേടാതെയും ഈ വിഭാഗങ്ങളിലെ നോമിനികൾക്ക് ലഭിച്ചത്. ഒപ്പം ഓസ്കർ ഷോയുടെ 28 അവതാരകർക്കും സമ്മാനപ്പെട്ടി തുറക്കാം.

ആരാണ് ഈ സമ്മാനങ്ങൾ നൽകുന്നത്?

സമ്മാനങ്ങൾക്ക് അക്കാദമിയുമായി ബന്ധമില്ല. ലോസ് ഏയ്ഞ്ചലസിലെ ഡിസ്റ്റിങ്റ്റിവ് അസറ്റ്സ് (Distinctive Assets) എന്ന മാർക്കറ്റിങ് കമ്പനിയാണ് 2002 മുതൽ പ്രധാന കാറ്റഗറികളിൽ നോമിനേറ്റ് ചെയ്യപ്പെടുന്നവർക്ക് വൻ സമ്മാനങ്ങൾ നൽകുന്ന പരിപാടി ഏകോപിപ്പിക്കുന്നത്. തുടക്കത്തിൽ അക്കാദമിയുടെ ലോഗോയും മറ്റും ഉപയോഗിക്കാൻ അവരെ അനുവദിച്ചിരുന്നെങ്കിലും സമ്മാനപ്പൊതിയിൽ ഉൾപ്പെടുത്തിയ വസ്തുക്കളെച്ചൊല്ലിയുള്ള വിവാദങ്ങളെത്തുടർന്ന് അക്കാദമി ഓഫ് മോഷൻ പിക്ചേർ ആർട്സ് ആൻഡ് സയൻസസ് പരിപൂർണമായി പിന്മാറി. ഇപ്പോൾ സമ്മാനം നൽകുന്ന കമ്പനികളിൽ നിന്ന് 4000 ഡോളർ വീതം റജിസ്ട്രേഷൻ ഫീയും ഈടാക്കുന്നുണ്ട്.

giftnew-12
ഫയല്‍ ചിത്രം

എന്താണ് സമ്മാനപ്പൊതിയിലുള്ളത്?

60 സമ്മാനങ്ങൾ ഗിഫ്റ്റ് ബോക്സിൽ ഉണ്ടാകും. സൌന്ദര്യവർധകവസ്തുക്കൾ, ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങൾ, കാനഡയിലെ ലൈഫ് സ്റ്റൈൽ എന്ന അൾട്രാ ലക്ഷ്വറി എസ്റ്റേറ്റിലേക്ക് 33 ലക്ഷം രൂപ ചെലവ് വരുന്ന വിനോദയാത്ര, എട്ടുപേർക്ക് ഇറ്റാലിയൻ ലൈറ്റ് ഹൌസിൽ താമസം. സുവനീറായി ഓസ്ട്രേിയയിലെ ക്വീൻസ് ലാൻഡിൽ ഭൂമി എന്നിവയൊക്കെ ഇത്തവണത്തെ സമ്മാനപ്പട്ടികയിലുണ്ട്. ഇതുമാത്രമല്ല, വീട് മോടിപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് 25000 ഡോളർ പ്രോജക്ട് മാനേജ്മെൻറ് ഫീസ് ആയി ലഭിക്കും. ഹെയർ റിസ്റ്റൊറേഷൻ, ഫെയ്സ് ലിഫ്റ്റ് തുടങ്ങിയ ചെലവേറിയ സൌന്ദര്യവർധക സേവനങ്ങളും ഗിഫ്റ്റ് പാക്കേജിൽ ഉണ്ട്. ഇതിന് പുറമേ പട്ട് പില്ലോ കവർ മുതൽ എനർജി കാർഡ് വരെ വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങളും ഉണ്ടാകും. 1200 രൂപ വില വരുന്ന സ്നാക് ബാറുകളും 1400 രൂപ വിലവരുന്ന മിൽക്ക് ബ്രെഡുമാണ് ഏറ്റവും വില കുറഞ്ഞ സമ്മാനങ്ങൾ.

എത്ര പേർക്ക് ലഭിക്കും?

5 പ്രൈം കാറ്റഗറികളിലായി 25 പേർക്കാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. ഇവർക്കും ഓസ്കർ ഷോ അവതരിപ്പിക്കുന്നവർക്കും കൂടി സമ്മാനപ്പൊതികൾ നൽകാൻ വൻതുക തന്നെ വേണ്ടിവരും. മികച്ച സംവിധായകൻ, നടൻ, നടി, സഹനടൻ, സഹനടി കാറ്റഗറികളിൽ നോമിനേഷൻ വന്നപ്പോൾത്തന്നെ കോളടിച്ചു എന്ന് ചുരുക്കം. ഹവായിയൻ സ്യൂട്കേസുകളിലാണ് ഇത്തവണ സമ്മാനങ്ങൾ നൽകുക. അവതാരകരിൽ നമ്മുടെ സ്വന്തം ദീപിക പദുക്കോണും ഉണ്ടെന്നാണ് വിവരം.

എന്നാണ് ഓസ്കറിൽ സമ്മാനമഴ തുടങ്ങിയത്?

തൊണ്ണൂറുകളിലാണ് ഓസ്കർ നോമിനികൾക്കും അവതാരകർക്കും സമ്മാനങ്ങൾ നൽകുന്ന പതിവ് തുടങ്ങിയത്. വിലയേറിയ സമ്മാനങ്ങൾ ഓസ്കറിൻെറ തന്നെ പ്രധാന ചർച്ചകളിലൊന്നാവുകയും ചെയ്തു. എന്നാൽ 2016ലെ സമ്മാനപ്പൊതികളിൽ ലഹരി ഉപയോഗിക്കാനുള്ള വേപ് പൈപ്പും സെക്സ് ടോയ്-കളും ഉൾപ്പെടുത്തിയത് വൻ വിവാദമായി. ഇസ്രയേൽ സർക്കാർ വക 55000 ഡോളറിൻെറ ടൂർ പാക്കേജും അതിലുണ്ടായിരുന്നു. ഇതും അതിശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. അതോടെ അക്കാദമിയുടെ ട്രേഡ് മാർക്കുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഡിസ്റ്റിങ്റ്റിവ് അസറ്റ്സിനെ പൂർണമായി വിലക്കി.  2020ലെ ഗിഫ്ഫ് ബാഗുകളെ വിവാദമാക്കിയത് സമ്മാനങ്ങളുടെ മൂല്യമായിരുന്നു. ഒന്നരക്കോടിയിലധികം രൂപയുടെ സമ്മാനങ്ങളാണ് അന്ന് നോമിനികൾക്ക് കിട്ടിയത്.

ഓസ്കറിന് പുറത്തുള്ള സമ്മാനങ്ങൾ നിരസിക്കാനും നോമിനികൾക്ക് അവകാശമുണ്ട്. കഴിഞ്ഞ വർഷം നടൻ ഡെൻസൽ വാഷിങ്ടൺ ഡിസ്റ്റിങ്റ്റിവ് അസറ്റ്സിൻെറ സമ്മാനപ്പൊതി നിരസിച്ചിരുന്നു. ജെ.കെ.സിമൺസും ജോർജ് ക്ലൂണിയും ചാരിറ്റി ലേലത്തിനായി സമ്മാനങ്ങൾ കൈമാറിയ ചരിത്രവുമുണ്ട്. ഏതായാലും ഓസ്കർ ട്രോഫിയുടെ മൂല്യമൊന്നും ഈ സമ്മാനങ്ങൾക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നവർ കൽപ്പിക്കാറില്ല. ഒരു ആശ്വാസം. അത്രമാത്രം.

From an Italian getaway to home renovation to plastic surgery: Inside oscars gift bags

MORE IN SPOTLIGHT
SHOW MORE