ഹൈഡ്രജന്‍ ട്രെയിനുകള്‍ ഇന്ത്യയിലേക്ക്; ഗതാഗത രംഗത്ത് പുത്തന്‍ വിപ്ലവം

hydrogen train site
SHARE

കാലവും സാങ്കേതികതയും കുതിച്ചുപായുമ്പോള്‍, മുന്നേറ്റത്തിന്റെ വഴിയിലാണ് രാജ്യം. അനുദിനം ഗതിവേഗങ്ങള്‍ മാറുന്ന ഗതാഗത രംഗത്ത്, നേട്ടങ്ങള്‍ കൈവരിക്കാന്‍ തയാറെടുക്കുകയാണ് ഇന്ത്യ. രാജ്യത്ത് എറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന റെയില്‍വേയില്‍ പുതിയൊരു ചുവടുകൂടി പിറക്കുകയാണ്. പറഞ്ഞു വരുന്നത് ഹൈഡ്രജന്‍ ട്രെയിനുകളെ പറ്റിയാണ്. എന്താണ് ഹൈഡ്രജന്‍ ട്രെയിനുകള്‍? എന്താണ് ഈ ട്രെയിനുകളുടെ നേട്ടങ്ങള്‍? വീ‍ഡിയോ കാണാം .

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരം. പൂർണമായും ഹൈഡ്രജൻ വാതകം ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകളാണിത്. ഹൈഡ്രജൻ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ പൊതുവെ ഹൈഡ്രെൽ (Hydrail) എന്നാണ് അറിയപ്പെടുന്നത്. ഫ്യുവൽ സെൽ എന്ന ഇലക്ട്രോ കെമിക്കൽ സെല്ലുകളിലാണ് ഹൈഡ്രെൽ പ്രവർത്തിക്കുക. ഹൈഡ്രജനും ഓക്സിജനും ചേരുമ്പോഴുണ്ടാകുന്ന കെമിക്കൽ എനർജിയെ വൈദ്യുതിയാക്കി മാറ്റുന്ന സെല്ലാണ് ഫ്യുവൽ സെൽ. ഫ്യുവൽ സെൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മോട്ടോറിലേക്ക് കടത്തി വിട്ട് വാഹനത്തെ ചലിപ്പിക്കും. ഈ രാസ സംയോജനത്തിന്റെ ഉപോൽപന്നം ഹൈഡ്രജനും ഓക്സി‍ജനും ചേരുമ്പോഴുണ്ടാകുന്ന ജലം മാത്രമാണ്. ഈ ജലം നീരാവി രൂപത്തിൽ അന്തരീക്ഷത്തിലേക്ക് തള്ളും. അതേസമയം, ട്രെയിൻ ഉപയോഗിക്കേണ്ടതിനേക്കാൾ അധികം ഊർജം ഉത്പാദിപ്പിച്ചാൽ അത് ട്രെയിനിനുള്ളിലെ പ്രത്യേക ലിഥിയം ബാറ്ററിയിലേക്ക് ശേഖരിക്കാനും സാധിക്കും.

എന്താണ് ഈ ഹൈഡ്രജന്‍ ട്രെയിനുകളുടെ നേട്ടങ്ങള്‍ എന്നുകൂടി നോക്കാം. ഒരു ഡീസൽ ട്രെയിൻ ഒരു വർഷം ഏകദേശം ടൺ കണക്കിന് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നുണ്ട്. ഹൈഡ്രജൻ ട്രെയിനിലൂടെ ഈ മലിനീകരണം  ഒഴിവാക്കാന്‍ സാധിക്കും. ഓസോൺ പാളിക്ക് കോട്ടം വരുത്തുന്ന കാർബൺ ഡയോക്സൈഡിനെ പുറംതള്ളുന്നില്ല എന്നത് കൂടാതെ ജലം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ നീളുന്നു നേട്ടപ്പട്ടിക.

പൂർണമായും ഹരിത ട്രെയിൻ എന്ന ആശയത്തിനാണ് ഹൈഡ്രജന്‍ ട്രെയിനുകളിലൂടെ ഇന്ത്യയും ഊന്നൽ നൽകുന്നത്. ഹൈഡ്രജൻ ഇന്ധനമാവുന്നതോടെ രാജ്യത്തിന് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാനാകില്ല. കടൽവെള്ളത്തിൽ നിന്നും ഓക്സിജനും അന്തരീക്ഷത്തിൽ നിന്ന് ഹൈഡ്രജനും വേണ്ടത്ര ലഭിക്കുമെങ്കിലും ഇവയെ സംയോജിപ്പിക്കലും ശേഖരിച്ചു വെയ്ക്കലും ചെലവേറിയ പ്രവൃത്തികളാണ്. ഒരു ട്രെയിൻ ഓടിക്കാൻ 50 കിലോവാട്ടിന്റെ 60 ഫ്യുവൽ സെല്ലുകൾ ആവശ്യമായി വരും. ഇതിന് ഏകദേശം 12 കോടി രൂപ ചെലവു വരും. വൈദ്യുതീകരണത്തിനുള്ള അടിസ്ഥാന സൗകര്യ അധികച്ചെലവ് ഒഴിവാക്കാം എന്നത് മാത്രമാണ് സാമ്പത്തിക നേട്ടമായി കണക്കിലെടുക്കാന്‍ സാധിക്കൂ. 

ജർമനിയിലാണ് ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങിയത്. 2022 ഓഗസ്റ്റ് 25 ന് ജർമനിയിലെ ലോവർ സാക്സണി പ്രവിശ്യയിലായിരുന്നു ട്രെയിൻ സര്‍വീസ് നടത്തിയത്. എൽബെ–വെസർ റെയ്ൽ റോഡ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ആറ് ട്രെയിനുകളടങ്ങിയ ഈ ഫ്ലീറ്റ്. ഈ ട്രെയിനുകളിൽ ആറു മുതൽ എട്ടു കോച്ചുകൾ വരെയുണ്ട്. ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോമാണ് ട്രെയിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കൊറാഡിയ എന്നാണ് ഇത്തരം ട്രെയിനുകൾക്ക് അൽസ്റ്റോം നൽകിയ പേര്. രണ്ടാമത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങിയത് ചൈനയിലാണ്. അർധ സർക്കാർ സ്ഥാപനമായ ചൈനാ റെയിൽവേ റോളിങ് സ്റ്റോക്ക് കോർപറേഷൻ (സിആർസിസി) ആണ് ഈ പദ്ധതി നയിക്കുന്നത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലാണ് ഹൈഡ്രജന്‍ ട്രെയിൻ നിർമാണം ഉൾപ്പെടുത്തിയായിരിക്കുന്നത്. ഹരിയാനയിലെ സോണിപ്പട്ടിൽ നിന്നും ജിൻഡിലേക്കായിരിക്കും 89 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ സർവീസ്. പൈതൃക റൂട്ടുകളിലാണ് ആദ്യം  ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിക്കുക. വൈദ്യുതീകരണം നടക്കാത്ത റൂട്ടുകളും മുൻഗണനയില്‍ ഉണ്ടാകും. വരുന്ന രണ്ട് വർഷത്തിനുള്ളിൽ 20 പുതിയ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നതിന് തയ്യാറെടുക്കാൻ മന്ത്രാലയം അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ചിലവ് അധികമാണെങ്കിലും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾക്ക് മലയോരമേഖലകളിൽ മികച്ച പ്രവർത്തനം നടത്താൻ സാധിക്കും.

ഇന്ത്യൻ റെയിൽവേ പ്രധാനപാതകളിൽ നിന്നും ഡീസൽ എഞ്ചിൻ ഒഴിവാക്കി വൈദ്യുതീകരിക്കാൻ തയ്യാറെടുക്കുകയാണ്. എന്നാൽ, മലയോരമേഖലകളിലേക്ക് അടക്കം ഇതിന് വലിയ ചിലവാണ് വരുന്നത്. ഇവിടേക്ക് ഹൈഡ്രജൻ ട്രെയിനുകൾ പരിഗണിക്കാവുന്നതാണ്. യുഎസിനും യുകെയ്ക്കും ഒപ്പം തയ്‌വാനും ജപ്പാനും ഹൈഡ്‌റെയിൽ നിർമിക്കാനുള്ള പരിശ്രമത്തിലാണ്. വലിയ പ്രതീക്ഷകളോടെയാണ് ഹൈഡ്രജന്‍ ട്രെയിനിന്റെ പാളങ്ങളിലേക്ക് ഇന്ത്യ കടക്കുന്നത്. ഇന്ത്യന്‍ റെയിവേയ്ക്ക് അതിവേഗ കുതിപ്പ് പകരാന്‍ ഈ തീവണ്ടികള്‍ക്കാകും എന്നുതന്നെയാണ് കണക്കുകൂട്ടല്‍. യുകെയും യുഎസും അടങ്ങുന്ന വൻശക്തികള്‍ വരെ ഹൈഡ്രജന്‍ ട്രെയിനുകളുടെ ട്രാക്കില്‍ ഇന്ത്യയുടെ പിന്നിലാണ്. അന്തരീക്ഷവും ഭൂമിയും മാറുന്ന കാലത്ത് രാജ്യത്തിന്റെ പരിസ്ഥിതി സൗഹൃദയാത്രയ്ക്ക് ഇന്ധനം പകരട്ടെ ഈ മുന്നേറ്റം.

 

India to launch Hydrogen Train

MORE IN SPOTLIGHT
SHOW MORE