ഷെരീഫിന് ഉറങ്ങണമെങ്കിൽ പഞ്ചനക്ഷത്ര ഹോട്ടൽ വേണം, മുൻപും തട്ടിപ്പ്, അന്ന് ബില്ല് 90 ലക്ഷം

leelapalace-hotel
SHARE

അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനെന്ന വ്യാജേന ലീല പാലസ് ഹോട്ടലിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ 41കാരൻ മുഹമ്മദ് ഷെരീഫ് ആഡംബര ജീവിതത്തോട് ഭ്രമമുള്ള വ്യക്തിയെന്ന് പൊലീസ്. ഷെരീഫ് ദുബായിൽ ഷെയ്ഖിനൊപ്പം ജോലി ചെയ്തെന്ന് പറയുന്നത് സത്യമാണ്. അവിടുത്തെ ആഡംബര ജീവിതശൈലിയിൽ ഷെരീഫ് ഭ്രമിച്ചു. 2020ൽ ജോലി നഷ്ടമായി സ്വന്തം നാടായ കർണ്ണാടകയിലെ പുത്തൂരിലേക്ക് വന്നപ്പോഴും ആഡംബരജീവിതത്തോടുള്ള താൽപര്യം മാറിയിരുന്നില്ല. വീട്ടിൽ താമസിക്കുന്നതിൽ സംതൃപ്തി തോന്നാതെയാണ് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറിയത്. 

അബുദാബി രാജകുടുംബാംഗം ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാന്റെ ജീവനക്കാരനെന്ന വ്യാജേന പ്രതി മുഹമ്മദ് ഷെരീഫ് കഴിഞ്ഞ വർഷം മൂന്ന് മാസത്തോളം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് ബില്ലടക്കാതെ പോയി. ഹോട്ടൽ മുറിയിൽ നിന്ന് വെള്ളി പാത്രങ്ങളും മറ്റും മോഷ്ടിച്ചതായും  23 ലക്ഷം രൂപ നൽകാനുണ്ടെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് ഹോട്ടൽ മാനേജ്‌മെന്റിന്റെ പരാതിയിൽ ഷെരീഫിനെതിരെ കേസെടുത്തത്.

ഷരീഫ് ബ്രാൻഡഡ് ഷൂസ്, വസ്ത്രങ്ങൾ, കാറുകൾ എന്നിവ ഇഷ്ടപ്പെടുന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി. പഞ്ചനക്ഷത്ര ഹോട്ടലിൽ കിടന്നാൽ മാത്രമേ ഷെരീഫിന് ഉറക്കം വരികയുള്ളൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.. ഒരു ലക്ഷം രൂപയുടെ ഷൂസാണ് ഷെരീഫ് ധരിച്ചിരുന്നത്. പതിനായിരം രൂപയിൽ കുറയാത്ത വസ്ത്രം മാത്രമേ ഉപയോഗിക്കൂ. 

കർണാടകയിൽ നിന്നാണ് ഷരീഫ് ഫിനാൻസ്, ബിസിനസ് മാനേജ്‌മെന്റ് എന്നിവയിൽ എംബിഎ പൂർത്തിയാക്കിയത്. 7-10 വർഷം ദുബായിൽ താമസിച്ച് വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന ഇയാൾ വിവാഹിതനല്ല.  2020ലാണ് ഷരീഫിന് നാട്ടിൽ തിരികെ എത്തേണ്ടി വന്നത്. ലീല പാലസിൽ താമസിക്കുന്നതിന് മുൻപ് എട്ട് മാസത്തോളം മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നു. അവിടെ  80-90 ലക്ഷം രൂപ ബില്ല് ആയി. അവിടെ നിന്ന് കടക്കാൻ ശ്രമിച്ചെങ്കിലും ഹോട്ടൽ ജീവനക്കാർ പിടികൂടിയതിനെത്തുടർന്ന് 60 ലക്ഷത്തോളം രൂപ അടച്ചു. ജീവിക്കാനുള്ള ആസ്തിയുണ്ടെങ്കിലും നിലവിൽ തൊഴിൽരഹിതനാണ് ഷരീഫ്. 

പുത്തൂരിൽ സ്വത്തുക്കൾ ഉള്ളതിനാൽ ലീല ഹോട്ടലിലെ ബില്ലടയ്ക്കാൻ തയ്യാറാണെന്ന് ഷരീഫ് പറഞ്ഞതായി പോലീസ് സംഘം പറഞ്ഞു. ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും മൂന്ന് സഹോദരന്മാർക്കും സഹോദരിമാർക്കും ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു. 

MORE IN SPOTLIGHT
SHOW MORE