കുട്ടികൾ തൊടുമ്പോൾ പോലും വേദന; വയറ്റിൽ കത്രിക; 5 വർഷം അനുഭവിച്ചത്

harshina
ആദ്യ ചിത്രം – ഹർഷിന, രണ്ടാമത്തേത്– വയറ്റിൽ നിന്നെടുത്ത കത്രിക
SHARE

സിസേറിയൻ ചെയ്തതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് അതിന് വിധേയരായിട്ടുള്ളവരോട് വിശദീകരിക്കേണ്ട ആവശ്യമില്ല. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന നടുവേദന, പുറംവേദന, സിസേറയിന്റെ ആദ്യ ദിനങ്ങൾ സ്റ്റിച്ച് വലിഞ്ഞിട്ടുള്ള വേദന. കൂട്ടത്തിൽ കുഞ്ഞിന്റെ കരച്ചിൽ, ഉറക്കമില്ലാത്ത പ്രശ്നങ്ങൾ... അങ്ങനെ നീളും ആവലാതികൾ. മൂന്നാമത്തെ സിസേറിയൻ ചെയ്തതിന്റെ കൂട്ടത്തിൽ വയറിൽ കത്രിക കുടുങ്ങി അതുമായി അഞ്ചുവർഷം ജീവിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ ദുരിതം എത്രമാത്രമാണെന്ന് ചിന്തിക്കാൻ പോലുമാകില്ല. നരകതുല്യം– അതിനപ്പുറം ഒരു വാക്ക് ഉണ്ടാകില്ല. അത്തരം നരകതുല്യമായ അവസ്ഥയിലൂടെയാണ് കോഴിക്കോട് സ്വദേശി ഹർഷിന കടന്നുപോയിട്ടുള്ളത്. മൂന്നാമത്തെ പ്രസവത്തെതുടർന്നുള്ള ശസ്ത്രക്രിയയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങുന്നത്. അഞ്ചുവർഷത്തോളം ഇത് അറിയാതെ കഠിനമായ വേദനയിലൂടെയാണ് ഇവർ കടന്നുപോയത്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് വയറ്റിലുള്ളത് കത്രികയാണെന്ന് തിരിച്ചറിയുകയും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്യുന്നത്. കോഴിക്കോട് മെഡിക്കൽകോളജിലായിരുന്നു ഹർഷിനയുടെ പ്രസവശസ്ത്രക്രിയ നടന്നത്. അതിന്റെ ഇടയ്ക്കാണ് കത്രിക വയറിലാകുന്നത്. സംഭവം വാർത്തയായതോടെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ഇതുവരെയും അന്വേഷണ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ താൻ അനുഭവിച്ച ദുരിതത്തെക്കുറിച്ച് ഹർഷിന മനോരമന്യൂസിനോട് പങ്കുവെയ്ക്കുന്നു.

എനിക്ക് മൂന്ന് തവണയും സിസേറിയനായിരുന്നു. മൂന്നാം തവണയാണ് കോഴിക്കോട് മെഡിക്കൽകോളജിൽ അഡ്മിറ്റാകുന്നത്. പുലർച്ചെ ആറുമണിക്ക്  ലേബർറൂമിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരുമണി വരെ ഒരാളും തിരിഞ്ഞ് നോക്കിയിട്ടില്ല. തലേന്ന് ഭക്ഷണം കഴിച്ചതാണ് അത്രയും സമയം പച്ചവെള്ളം പോലും കുടിക്കാതെയാണ് കിടന്നത്. മൂന്നാമത്തേതും സിസേറിയനെന്ന് തീരുമാനിച്ചപ്പോൾ നഴ്സുമാർ ആശ്വാസം തരുന്നതിന് പകരം എന്നെ ചീത്തവിളിച്ചു. നിങ്ങൾക്ക് രണ്ടിൽ നിർത്തിക്കൂടായിരുന്നോ മൂന്നാമത്തേത് എന്തിനാ പോയതെന്ന് ചോദിച്ച് ചൂടായി. എന്ത് ചോദിച്ചാലും അവർക്ക് ദേഷ്യമായിരുന്നു. ലേബർറൂമിൽ കിടത്തിയ ആ നേരമെല്ലാം പ്രസവം ഞാൻ നേരിട്ട് കാണുന്നുണ്ടായിരുന്നു. ഓരോന്നും കണ്ട് എനിക്ക് പേടിയായി. എന്റെ വീട്ടുകാരെ നഴ്സുമാർ ഭയപ്പെടുത്താവുന്നതിന്റെ പരമാവധി ഭയപ്പെടുത്തി. ഒന്നുങ്കിൽ അമ്മ അല്ലെങ്കിൽ കുഞ്ഞ് എന്നാണ് പറഞ്ഞത്. പേടിച്ചിട്ട് ഞാൻ കരച്ചിലായിരുന്നു. കരച്ചിലോടെയാണ് സിസേറിയന് പോയത്. 

ജനറൽ അനസ്തേഷ്യയായിരുന്നത് കൊണ്ട് മയങ്ങിപ്പോയി.മയക്കം വിട്ടശേഷമാണ് കുഞ്ഞിനെ കാണുന്നത് പോലും. സിസേറിയൻ കഴിഞ്ഞപ്പോൾ മുതൽ വയറ്റിൽ കൊളുത്തിപ്പിടിക്കുന്ന വേദനയുണ്ടായിരുന്നു. സിസേറിയന്റെ വേദനയുടെ കൂടെ ഇത് കൂടി അയപ്പോൾ സഹിക്കാൻ പറ്റിയില്ല. വേദന കൂടി പലവട്ടം തലകറങ്ങി. ആ അവസ്ഥയിൽ പോലും നഴ്സുമാരുടെ പെരുമാറ്റം മോശമായിരുന്നു. കിടക്കാൻ വൃത്തിയുള്ള ഒരു നല്ല കിടക്കപോലും ഇല്ലായിരുന്നു. പ്രസവശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാം ദിവസം പോലും എനിക്ക് പരസഹായമില്ലാതെ നടക്കാനാകുന്നില്ലായിരുന്നു. തിരിഞ്ഞും മറിഞ്ഞും ഒന്ന് കിടക്കാൻ പോലുമാകാതെ വേദനകൊണ്ട് പുള‍ഞ്ഞിട്ടുണ്ട്. 

വീട്ടിൽ ചെന്നിട്ടും വേദനയ്ക്ക് മാറ്റമില്ലായിരുന്നു. പലരും പറഞ്ഞത് മൂന്നാമത്തെ തവണ ഗർഭിണിയായപ്പോൾ തടി കൂടിയത് കൊണ്ടുള്ള വേദനയാണെന്നാണ്. ഞാനും അങ്ങനെ തന്നെ കരുതി. രണ്ട് സിസേറിയൻ ചെയ്തപ്പോഴും എനിക്ക് പ്രശ്നങ്ങളില്ലായിരുന്നു. മൂന്നാമത്തേതിന് ശേഷം കാലിന്റെ പെരുവിരലിൽ പോലും വേദനയായിരുന്നു. എപ്പോഴും ക്ഷീണം, ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥ. ആർക്കും നമ്മുടെ അവസ്ഥ പറഞ്ഞിട്ട് മനസിലാകുന്നുമില്ലായിരുന്നു. അതുകൊണ്ട് കുറേ വേദന സഹിച്ചു. 

കുഞ്ഞിന് ഒരു നാലുമാസമായപ്പോൾ ഞാനും ഭർത്താവും മൂത്തക്കുട്ടികളും കൂടി കൊല്ലത്ത് അദ്ദേഹത്തിന്റെ ജോലി സ്ഥലത്തേക്ക് പോയി. അവിടെ ചെന്ന് കുറച്ച് കഴിഞ്ഞപ്പോൾ വജൈനൈൽ ഇൻഫെക്ഷൻ വന്നു. അത് മൂന്ന് തവണ ആവർത്തിച്ചു. അപ്പോഴും കത്രിക ഉള്ളിലുണ്ടെന്ന് ചിന്തിക്കുന്നതേയില്ല. ആയുർവേദമുൾപ്പടെ പല മരുന്നുകളും കഴിച്ചു. കുറച്ച് ഉൻമേഷം തോന്നിയപ്പോൾ തനിെയ സ്ക്കൂട്ടറെടുത്ത് യാത്ര ചെയ്യാൻ തുടങ്ങി. സ്കൂട്ടർ യാത്ര തുടങ്ങിയതോടെ വേദന മൂത്രാശയത്തിന്റെ ഭാഗത്തായി. കടുത്ത യൂറിനെറി ഇൻഫക്ഷനും തുടർച്ചയായി വന്നതിനെത്തുടർന്ന് നടത്തിയ സ്കാനിലാണ് വയറ്റിൽ എന്തോ െമറ്റൽ ഉണ്ടെന്ന് മനസിലാകുന്നത്.

ഈ അഞ്ചുവർഷം കൊണ്ട് കത്രികയുടെ മുകളിൽ കോശങ്ങൾ വളർന്ന് അതൊരു വലിയ മുഴപോലെയായിരുന്നു. ആ മുഴ പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ കത്രികയാണെന്ന് മനസിലാകുന്നത്. ആ ശസ്ത്രക്രിയക്ക് ശേഷം 11 ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസിയുവിൽ കിടത്തി. 9 ദിവസത്തോളം ഡ്രെയിൻ ഇട്ടിരുന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് തലയൊന്ന് പൊക്കാൻ പോലും സാധിച്ചത്. അപ്പോഴും വയറ്റിൽ കത്രികയാണെന്ന് ആരും എന്നോട് പറഞ്ഞിരുന്നില്ല. എന്തോ ചെറിയ സൂചിയോ ആണിയോ ആകുമെന്നായിരുന്നു എന്റെ വിചാരം. 

ഈ മരണവേദന സഹിച്ചാണ് ഇത്രയും കാലം വീട്ടിലെ ജോലിയും കുട്ടികളെ നോട്ടവുമെല്ലാം നടത്തിയത്. രണ്ടാമത്തെ കുഞ്ഞും മൂന്നാമത്തെ കുഞ്ഞും തമ്മിൽ വലിയ പ്രായവ്യത്യാസമില്ല. രണ്ടാളെയും ഒരുപോലെ ശ്രദ്ധിക്കേണ്ട സമയമായിരുന്നു. കുട്ടികൾ വന്ന് വയറ്റിൽ തട്ടുമ്പോഴൊക്കെ പുളയുന്ന വേദനയായിരുന്നു. എന്റെ കുട്ടികളുടെ ഭാഗ്യം കൊണ്ടാണ് ഞാൻ ഇന്നും ജീവിനോടെയിരിക്കുന്നത്. മറ്റൊരാൾ ചെയ്ത തെറ്റിന്റെ ഫലമെന്നോണം ഞാൻ ഈ കാലമത്രയും സഹിച്ചത് ഒരായുസിന്റെ വേദനയാണ്. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. അതിന് പരിഹാരം ഉണ്ടായേ മതിയാകൂ. റിപ്പോർട്ട് പുറത്ത് വന്നില്ല എന്നുണ്ടെങ്കിൽ നിരാഹാരമിരിക്കാനാണ് തീരുമാനം– ഹർഷിന പറയുന്നു. 

MORE IN SPOTLIGHT
SHOW MORE