മാധ്യമങ്ങളെ തൊടരുതെന്ന് അന്ന് മോദി; ‘വ്യാജവാര്‍ത്ത’യുടെ മറവില്‍ പുതുനീക്കം?

narendra-modi-tweet
SHARE

‘ഈ സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടണം. വിമര്‍ശനം ജനാധിപത്യത്തെ ശക്തിപ്പെ‌ടുത്തും..’ 2018 ഏപ്രില്‍ 18 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്‌ത വരികളാണിത്. 2016 നവംബര്‍ 16 ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ‌‌‌യുടെ സുവര്‍ണ ജൂബിലി ആഘോഷത്തിനിടെ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ: ‘മാധ്യമങ്ങളുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടരുത്, അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കുണ്ട്...മാധ്യമ സ്വാതന്ത്ര്യത്തിനുമേൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സമൂഹത്തിന് യോജിച്ച നടപടിയല്ല.

എന്നാല്‍ ഈ രണ്ട് പരാമര്‍ശങ്ങളും വാക്കുകളില്‍ മാത്രം ഒതുങ്ങിയെന്ന വിമര്‍ശനം വീണ്ടും ശക്തിപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാധ്യമ നിയന്ത്രണ ഭേദഗതി അണിയറയില്‍ ഒരുങ്ങുന്നുവെന്ന വിവരം പുറത്തുവന്നതോടെ, രാജ്യമാകെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചുകഴിഞ്ഞു. ഐടി ഇൻർമീഡിയറി ചട്ടത്തിലാണ് (2021) സര്‍ക്കാര്‍ അതി  നിർണായക ഭേദഗതിക്കൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.  വാര്‍ത്തകൾ ശരിയോ തെറ്റോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോയ്ക്ക് നൽകുന്നതാണ് ഐടി ചട്ട ഭേദഗതിയുടെ പ്രധാനഘടകം. വാര്‍ത്തകളിലെ വസ്തുത പരിശോധിക്കുള്ള അഥവാ ഫാക്‌ട് ചെക്ക് നടത്താനുള്ള അധികാരമാണിത്. വാര്‍ത്തകള്‍ക്ക് മേല്‍ സര്‍ക്കാരിന്റെ അനൗദ്യോഗിക സെന്‍സര്‍ഷിപ്പായും ഭേദഗതിയെ വിലയിരുത്തുന്നുണ്ട്.  മാധ്യമങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍ സര്‍ക്കാരിന് ഹിതകരമല്ലെങ്കില്‍ വ്യാജമെന്ന് മുദ്രകുത്തി തള്ളിയേക്കാം എന്ന് ചുരുക്കം.

ജനാധിപത്യം അർത്ഥവത്താവണമെങ്കില്‍ മാധ്യമസ്വാതന്ത്ര്യം പൂർണമായി സംരക്ഷിക്കപ്പെടണമെന്ന് പലകുറി സുപ്രീംകോടതി വ്യക്തമാക്കിയതാണ്.  വിമര്‍ശനം ഭയന്ന് മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തല്‍ വര്‍ധിപ്പിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ മുന്‍ നിലപാടും സുപ്രീം കോടതി നിര്‍ദ്ദേശങ്ങളുമെല്ലാം എടുത്ത് വച്ച്  സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം പരക്കുകയാണ്.

modi-tweet-2017

ദുരുപയോഗം ചെയ്യപ്പെടാൻ ഏറെ സാധ്യതയുള്ള ഭേദഗതിയാണ് പൊതുജനാഭിപ്രായം തേടി പ്രസിദ്ധീകരിച്ചത്.  വാര്‍ത്തകള്‍ പിഐബി മാനദണ്ഡമനുസരിച്ചേ പുറത്തു വിടാവൂ എന്നാണ് വ്യവസ്ഥയെങ്കില്‍ സര്‍ക്കാരിനെതിരായ വാര്‍ത്തകളുടെ ആയുസ്സ് ഉറവിടത്തില്‍ത്തന്നെ പൊലിഞ്ഞു പോകുമെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ആശങ്ക. സര്‍ക്കാരിനെതിരെ വരുന്ന വാര്‍ത്തകളെ പിഐബി വ്യാജവാര്‍ത്ത എന്ന് മുദ്രകുത്തുന്നത് വരെയേ ഇതിന് ആയുസ്സുള്ളൂ എന്നര്‍ത്ഥം. മാധ്യമങ്ങള്‍ പുറത്തു വിടേണ്ട വാര്‍ത്തകളെ കേന്ദ്ര സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് പുതിയ നീക്കമെന്നാണ് ആക്ഷേപം.  പിഐബി വ്യാജമെന്ന് ‌ചാര്‍ത്തിയാല്‍ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന‌ടക്കം ഉടന്‍ നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

ഐടി ചട്ട ഭേദഗതിയുടെ കരടു വ്യവസ്ഥയിൽ എഡിറ്റേഴ്സ് ഗില്‍ഡ് വലിയ ആശങ്ക രേഖപ്പെടുത്തി കഴിഞ്ഞു. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ കഴുത്ത് ഞെരിച്ചു കൊല്ലുന്നതിന് തുല്യമാണ് ഭേദഗതിയെന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് പറയുന്നത്. കരടു നിര്‍ദേശം പിന്‍വലിക്കാനും ചർച്ചക്കു തയ്യാറാകാനും എഡിറ്റേഴ്സ് ഗിൽഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഭേദഗതി പരിഗണിച്ചാല്‍  സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തെ കീഴ്പ്പെടുത്താൻ സമ്പൂർണാധികാരം പിഐബിക്ക് നൽകുകയും കേന്ദ്ര സര്‍ക്കാരിന്റെ ചങ്ങലയില്‍ മാധ്യമങ്ങളെ തളക്കുകയും ചെയ്യുന്ന ന‌ടപടിയായി അത് മാറുമെന്നതില്‍ തര്‍ക്കമില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ സര്‍ക്കാര്‍ ഏതറ്റത്തോളം പോകുമോയെന്നാണ് ഇനി കാണേണ്ടത്.

MORE IN SPOTLIGHT
SHOW MORE