ആരുമറിയാതെ കനിവിന്റെ കടലായി; ലോകമറിഞ്ഞത് മരിച്ചപ്പോള്‍: മഹാനന്മ

Hody-Childress-with-his-daughter-Tania-Nix
SHARE

തെക്കുകിഴക്കൻ അമേരിക്കയിലെ അലബാമയിലുള്ള ജെറാൾഡൈൻ നിവാസികൾക്ക് ഹോഡി ചൈൽഡ്രെസ് എന്ന മനുഷ്യസ്നേഹിയെ അദ്ദേഹത്തിന്റെ മരണം വരെ അത്രയധികമൊന്നും പരിചയമുണ്ടായിരുന്നില്ല. എന്നാൽ ഒരു പതിറ്റാണ്ടോളമായി അയാൾ ഈ നാട്ടിലെ പാവങ്ങളുടെ കാവൽ മാലാഖയായിരുന്നു. അവർക്കു പോലും അറിയാതെ അവരെ കാത്ത അവരുടെ കാവൽ മാലാഖ. ജെറാൾഡൈനിൽ കൃഷി ചെയ്തും തൊട്ടടുത്ത ലോക്ക്ഹീഡ് മാർട്ടിൻ സ്പേസ് ഫെസിലിറ്റി കമ്പനിയിൽ ജോലി ചെയ്തും തന്റെ ആയുഷ്ക്കാലം മുഴുവൻ അയാൾ  ആ നാട്ടിലുണ്ടായിരുന്നു.  വളരെ സൗമ്യനും സ്നേഹമ്പന്നനുമായ മനുഷ്യനായിരുന്നു അദ്ദേഹം. ആർക്ക് എന്ത് സഹായത്തിനും ഓടിയെത്തും. തന്റെ തോട്ടത്തിൽ വിളയിക്കുന്ന പച്ചക്കറികൾ കയ്യും കണക്കുമില്ലാതെ അയൽവാസികൾക്ക് ദാനം ചെയ്യും.

എന്നാൽ ഹോഡി ചൈൽഡ്രെസ് എന്ന മനുഷ്യൻ തന്റെ വീട്ടുകാരിൽ നിന്നും പോലും മറച്ചുവെച്ച ഒരു വലിയ രഹസ്യമുണ്ടായിരുന്നു. ചികിത്സയ്ക്ക് മരുന്നു വാങ്ങാൻ പണമില്ലാതെ വിഷമിക്കുന്ന നാട്ടിലെ പാവപ്പെട്ട മനുഷ്യരെ സഹായിക്കാനായി ജെറാൾഡെനിലെ ലോക്കൽ ഫാർമസിയിലേക്ക് ഓരേോ മാസവും തന്റെ സമ്പാദ്യത്തിൽ നിന്നും 100 ഡോളർ അദ്ദേഹം നൽകിക്കൊണ്ടിരുന്നു എന്ന വലിയ രഹസ്യം. ഹോഡി ചൈൽഡ്രെസ് ഇതു തുടർന്നു പോന്നത് ഒന്നും രണ്ടും  വർഷമല്ല. പത്തു  വർഷത്തോളമാണ്. ഒരൊറ്റ നിബന്ധന മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. താൻ പണം നൽകുന്ന വിവരം ആരുമറിയരുത്. ഏകദേശം 12000 ഡോളർ വരും ഇദ്ദേഹം ഫാർമസിക്കു വേണ്ടി നൽകിയ ആകെ തുക..

Hody-Childress

ഹോഡി ആദ്യമായി ഫാർമസിയിലേക്ക് സംഭാവന നൽകിയത് ഫാർമസിയിലെ ജീവനക്കാരനായ ബ്രൂക്ക് വാൾക്കർ ഇപ്പോഴും  ഓർക്കുന്നു: 'ഹോഡി ഫാർമസിയിൽ സ്ഥിരമായി വരാറുണ്ടായിരുന്നു. ഒരു ദിവസം വന്നപ്പോൾ അദ്ദേഹം എന്നെ അൽപം മാറ്റി നിർത്തി രഹസ്യമായി ചോദിച്ചു. 'മരുന്നു വാങ്ങാൻ പണമില്ലാത്തതിനാൽ മാത്രം മരുന്നു വാങ്ങാതെ ആളുകൾ തിരികെ പോകുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ടോ'? ഞാൻ അതെ എന്നു മറുപടി പറഞ്ഞു. ഉടൻ തന്റെ കയ്യിൽ അൽപം പണമേൽപിച്ചിട്ട് അദ്ദേഹം പറഞ്ഞു. 'ഇനിയങ്ങനെയുളള സംഭവങ്ങളുണ്ടാവുകയാണെങ്കിൽ ഈ പണം ഉപയോ​ഗിച്ച് അവർക്ക് മരുന്നു നൽകണം. ഇത് ആരു നൽകി എന്ന് അവർ ഒരിക്കലും അറിയരുത്. ഈ പണം ആരാണ് ഉപയോ​ഗിച്ചത് എന്ന് എന്നോടും പറയരുത്. ഇത് അവർക്ക് ദൈവത്തിൽ നിന്നുമുളള അനു​ഗ്രഹമാണെന്ന് മാത്രം അവരെ അറിയിച്ചാൽ മതി'. ഇതും പറഞ്ഞ് അദ്ദേഹം നടന്നു നീങ്ങി. എന്നാൽ ഇത് ഒരു തവണത്തേക്ക് മാത്രമുള്ള സംഭാവനയാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ അടുത്ത മാസവും അദ്ദേഹം എന്നെ തേടി വന്നു, അത് ഒരു മാസം പോലും മുടക്കമില്ലാതെ അദ്ദേഹം പത്തു വർഷം തുടർന്നു. ഓരോ തവണയും കണ്ടു മടങ്ങുമ്പോൾ അദ്ദേഹത്തിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ ഇത് ആരുമറിയരുത്..'

പത്തു വർഷത്തോളം ആരുമറിയാതെ സൂക്ഷിച്ച ആ രഹസ്യം തന്റെ മരണക്കിടക്കയിൽ വെച്ചാണ് ഹോഡി ചൈൽഡ്രെസ് തന്റെ മകൾ ടാനിയ നിക്സുമായി പങ്കുവെച്ചത്. വർഷങ്ങളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം തനിക്ക് കട്ടിലിൽ നിന്നും എണീക്കാൻ പോലും വയ്യാത്ത അവസ്ഥ വന്നപ്പോഴാണ് മകളെ അടുത്തു വിളിച്ച് താൻ തുടർന്നു വന്നിരുന്ന കാര്യം പറയുകയും തനിക്ക് വീടു വിട്ട് പുറത്തു പോകാൻ വയ്യാത്ത സാഹചര്യത്തിൽ മകളോട് അത് തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. തന്റെ അച്ഛന്റെ സഹജീവി സ്നേഹത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന മകൾക്ക് ആ രഹസ്യമറിഞ്ഞപ്പോൾ ഒട്ടും അത്ഭുതം തോന്നിയില്ല. അവൾ സന്തോഷത്തോടെ അച്ഛന്റെ ആവശ്യം സാധിച്ചു കൊടുത്തു.

അധികം വൈകാതെ 2023 ജനുവരി 1 ന് തന്റെ 80ാമത്തെ വയസിൽ ഹോഡി ചൈൽഡ്രെസ് ഈ ലോകത്തു നിന്നും വിടവാങ്ങി.. തന്റെ പിതാവിന്റെ മരണത്തോടെയാണ് മകൾ ടാനിയ നിക്സ് ഈ രഹസ്യം ലോകത്തോട് വിളിച്ചു പറഞ്ഞത്. ആദ്യം ഇതു വെളിപ്പെടുത്തേണ്ടെന്നു വിചാരിച്ചിരുന്നുവെങ്കിലും തന്റെ പിതാവിന്റെ ദയയും സഹജീവി സ്നേഹവും എല്ലാവരും തിരിച്ചറിയണമെന്ന് പിന്നീട് തോന്നിയെന്നും അതുകൊണ്ടാണ് പിതാവിന്റെ ശവസംസ്കാര ചടങ്ങിനിടെ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അവർ പറയുന്നു. 

തങ്ങൾക്ക് പണം നൽകി  സഹായിച്ച ആ അജ്ഞാതനായ തങ്ങളുടെ ആ കാവൽ മാലാഖ ആരാണെന്ന് തിരിച്ചറിഞ്ഞതോടെ നിരവധി പേരാണ്  ഹോഡി ചൈൽഡ്രെസിനെ അവസാനമായി ഒരു നോക്കു കാണാൻ ശവസംസ്കാരച്ചടങ്ങിന് എത്തിയത്. വന്നവർക്കെല്ലാം അദ്ദേഹത്തിന്റെ സഹായം ഉപകാരപ്പെട്ടതിന്റെ നൂറൂ നൂറു കഥകൾ പറയാനുമുണ്ടായിരുന്നു. 

ഹോഡി ചൈൽഡ്രെസിന്റെ കഥ മാധ്യമങ്ങൾ കൂടി ഏറ്റെടുത്തു ലോകമറിഞ്ഞതോടെ ജെറാൾഡൈനിലെ ഫാർമസിയിലേക്കിപ്പോൾ മനുഷ്യ സ്നേഹികളുടെ ഒഴുക്കാണ്. ഹോഡി തുടക്കമിട്ടത് തുടരാൻ യു.എസിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി നിരവധി പേരാണ് ഫാർമസിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 

എല്ലാത്തിനും കാരണമായിത്തീർന്നത് തന്റെ പിതാവിന്റെ നല്ല മനസാണെന്നും മനുഷ്യ ജീവിതത്തിൽ ദയയുടെയും കാരുണ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശമാണ് തന്റെ പ്രവർത്തിയിലൂടെ തന്റെ പിതാവ് ലോകത്തിന് കാണിച്ചു കൊടുത്തതെന്നും തനിക്കതിൽ സന്തോഷമുണ്ടെന്നും  മകൾ ടാനിയ പറയുന്നു.

Man secretly helped pay strangers' prescriptions for years

MORE IN SPOTLIGHT
SHOW MORE