പൊരുതു‌ന്നെങ്കില്‍ ചന്ദ്രപ്രകാശിനെപ്പോലെ; ആദം സ്മിത്ത് ഫെലോഷിപ് നേടിയ ആദ്യ ഇന്ത്യക്കാരന്‍

chandranew-24
SHARE

പൊരുതി നേടിയ ജീവിതത്തിന്റെ പുഞ്ചിരിയുമായാണ് ചന്ദ്രപ്രകാശെന്ന യുവ ഗവേഷകപ്രതിഭ ലോകത്തിന് മുന്നിൽ നിൽക്കുന്നത്. നിശ്ചയദാർഢ്യം കൊണ്ടുമാത്രം ദുരിതപർവത്തെ കീഴടക്കിയ ഒരാള്‍. ഓസ്ട്രിയൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ പ്രശസ്തമായ ആദം സ്മിത്ത് ഫെലോഷിപ് നേടിയ ആദ്യ ഇന്ത്യക്കാരന്‍. പ്ലസ്ടു സേ പരീക്ഷ എഴുതേണ്ടി വന്ന വിദ്യാർഥിയിൽ നിന്ന് അക്കാദമിക് രംഗത്ത് ആകാശത്തോളം ഉയര്‍ന്ന ആ യാത്ര ഏത് വിദ്യാർഥിക്കും പ്രചോദനമാകും. 'കുടിയേറ്റം– അഭയാർഥികൾ, ഇന്ത്യൻ വംശജരായ ശ്രീലങ്കൻ തമിഴരുടെ പൗരത്വം' എന്ന വിഷയത്തില്‍ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഗവേഷണം നടത്തിവരികയാണ് ചന്ദ്രപ്രകാശ്. 

ജീവിതം തന്നെയാണ് ഗവേഷണം

തമിഴ് അഭയാർഥികളുടെ ജീവിതം ഗവേഷണവിഷയമായി തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു വലിയ കഥയുണ്ട്. ചന്ദ്രപ്രകാശിന്റെ സ്വന്തം കഥ. 'അച്ഛന്റെ അച്ഛനും ബന്ധുക്കളുമൊക്കെ തമിഴ്നാട്ടുകാരായിരുന്നു. തോട്ടം ജോലിക്കായി അവരെ ബ്രിട്ടിഷുകാര്‍ ശ്രീലങ്കയിലേക്ക് കൊണ്ടുപോയി. 1948 ൽ ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ഇന്ത്യയിൽ നിന്നെത്തിയ തൊഴിലാളികളുടെ ജീവിതം അനിശ്ചിതത്വത്തിലായി. പുതിയ പൗരത്വനിയമം കൊണ്ടുവന്ന ശ്രീലങ്കന്‍ സര്‍ക്കാര്‍ തോട്ടം ജോലിക്കാരായ ഇന്ത്യക്കാർക്ക് പൗരത്വം നൽകേണ്ടെന്ന് തീരുമാനിച്ചു. ജവഹർലാൽ നെഹ്റു ഇടപെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പത്തുലക്ഷത്തോളം ഇന്ത്യക്കാര്‍ അന്ന് ശ്രീലങ്കന്‍ തോട്ടങ്ങളിലുണ്ടായിരുന്നു. 1964 ൽ ലാൽ ബഹാദൂർ ശാസ്ത്രിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബണ്ടാരനായകെയും ഒരു ഉടമ്പടിയുണ്ടാക്കി. ശ്രീലങ്കയിലുള്ള ഇന്ത്യൻ തമിഴ് വംശജരെ ഇരുരാജ്യങ്ങളും തുല്യമായി ഏറ്റെടുക്കാമെന്നായിരുന്നു ധാരണ. ഇതും മുന്നോട്ടുപോയില്ല. ഒടുവിൽ ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഈ ജനങ്ങളെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗുജറാത്തിലും ആൻഡമാനിലുമെത്തിച്ച് പുനരധിവസിപ്പിക്കാന്‍ തീരുമാനമായത്. ഇതിനായി അതത് വനംവകുപ്പുകളുടെ നേതൃത്വത്തില്‍ കാട് വെട്ടിത്തെളിച്ച് തോട്ടങ്ങളുണ്ടാക്കി. അങ്ങനെയാണ് ചന്ദ്രപ്രകാശിന്റെ അച്ഛനടക്കമുള്ളവര്‍ പുനലൂരിലെ തോട്ടത്തിലെത്തിയത്. ഇവിടെയായിരുന്നു ചന്ദ്രപ്രകാശിന്റെ ജനനം.

കഷ്ടപ്പാടിന്റെ ബാല്യം

ചന്ദ്രപ്രകാശ് ജനിച്ച് മൂന്ന് മാസമായപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്ന അഭയകേന്ദ്രത്തിലായി തുടർന്നുള്ള ജീവിതം. അഞ്ചാംക്ലാസിലായപ്പോള്‍ കുളത്തൂപ്പുഴയിലെ സര്‍ക്കാര്‍ സ്കൂളിലെത്തി. പത്താംക്ലാസ് വരെ അവിടെ പഠനം. കാര്യങ്ങളൊക്കെ അറിയാവുന്ന സുഹൃത്തിന്റെ കുടുംബം ചന്ദ്രപ്രകാശിനെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. ചാല ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടുവിന് ചേർത്തു. ഹ്യുമാനിറ്റീസായിരുന്നു വിഷയം. ആഹാരത്തിനും വസ്ത്രത്തിനുമായി ജോലിക്ക് പോയിത്തുടങ്ങിയതോടെ പഠനം പാളി. പ്ലസ്ടുവിൽ തോറ്റു. രണ്ടാം ശ്രമത്തിൽ പരീക്ഷ ജയിച്ചു. പണമില്ലാത്തതിനാല്‍ ആ വർഷം ഡിഗ്രിക്ക് ചേരാനായില്ല. ജീവിക്കാനുള്ള വഴി കണ്ടെത്താന്‍ എൻസൈക്ലോപീഡിയയും ഡിക്ഷ്ണറിയും വിൽക്കാനിറങ്ങി. ‘ഈ പോക്ക് നല്ലതിനല്ല, ഇങ്ങനെ അവസാനിക്കേണ്ട ആളല്ല നീ’യെന്ന് മനസ് പറഞ്ഞതോടെ കാര്യവട്ടത്ത് ബി.എസ്.സി ജ്യോഗ്രഫിക്ക് ചേർന്നു. പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലായിരുന്നു അന്നത്തെ അഭയകേന്ദ്രം. ‘പണമോ സാമൂഹിക പശ്ചാത്തലമോ ഇല്ല. പഠിക്കുക മാത്രമായിരുന്നു എന്നെക്കൊണ്ട് ചെയ്യാനാകുമായിരുന്ന കാര്യം...' ചന്ദ്രപ്രകാശ് പറയുന്നു. 

ഡിഗ്രിക്ക് ചേർന്നെങ്കിലും ജോലിക്ക് പോകാതെ വഴിയില്ലായിരുന്നു. 42 ശതമാനം മാർക്ക് മാത്രമാണ് നേടാൻ കഴിഞ്ഞത്. ആ മാർക്ക് വച്ച് എവിടെയും അഡ്മിഷൻ ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെയിരിക്കെയാണ് കാര്യവട്ടം ക്യാംപസിൽ ഡെമോഗ്രഫി പി.ജിക്ക് പഠിക്കാൻ സാധിച്ചേക്കുമെന്ന് അധ്യാപകൻ പറഞ്ഞത്. ഡിഗ്രി മാർക്കിനെക്കാൾ പ്രവേശനപരീക്ഷയുടെ മാര്‍ക്കാണ് അഡ്മിഷന് പരിഗണിക്കുകയെന്നും അദ്ദേഹം പറ‍ഞ്ഞു. ഇതോടെ അതിനുള്ള തയ്യാറെടുപ്പ് തുടങ്ങി. അഡ്മിഷൻ നേടി. പി.ജി ഫസ്റ്റ്ക്ലാസോടെ പാസായി. ഇക്കാലത്ത് പരിചയപ്പെട്ട ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനാണ് അവിടേക്കുള്ള വഴി തുറന്നത്. അദ്ദേഹം പ്രൊഫസർ പാരിവേലനെക്കുറിച്ച് പറയുകയും അദ്ദേഹവുമായി ബന്ധപ്പെടുവാനുള്ള വഴി ഒരുക്കുകയും ചെയ്തു. മെയിൽ അയച്ചപ്പോൾ ടിസിന്റെ എന്‍ട്രൻസ് പാസായി വന്നാൽ പഠനം നടത്താമെന്ന് അദ്ദേഹം മറുപടി നൽകി. 180 അപേക്ഷകരിൽ നിന്ന് അദ്ദേഹത്തിന് കീഴിൽ എം.ഫിലിന് തിരഞ്ഞെടുക്കപ്പെടുന്ന നാലുപേരിൽ ഒരാളായി ചന്ദ്രപ്രകാശ് മാറി. ആ എൻട്രൻസ് എഴുതി വിജയിക്കാൻ കാരണമായത് പ്രൊഫസർ നൽകിയ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളാണെന്ന് ചന്ദ്രപ്രകാശ് ഓർത്തെടുക്കുന്നു. 

15 മണിക്കൂർ ലൈബ്രറിയിൽ

'ടിസി'ലെ ജീവിതമാണ് തന്നെ മാറ്റി മറിച്ചതെന്നും പുതിയ ദിശാബോധം നൽകിയതെന്നും ചന്ദ്രപ്രകാശ് പറയുന്നു. ദിവസവും പതിനഞ്ച് മണിക്കൂറോളം ലൈബ്രറിയിൽ ചിലവഴിച്ചു. അവിടെ വിജ്ഞാനത്തിന്റെ പുതിയ ലോകമാണ് തുറക്കപ്പെട്ടത്. ടിസിൽ നിന്ന് ഓസ്ട്രിയയിലേക്ക്. അവിടെനിന്ന് യു.എസിലേക്ക്. ജീവിതത്തിൽ എന്തെങ്കിലും ആയിത്തീർന്നുവെങ്കിൽ അതിന് കാരണം അതിജീവിക്കണമെന്ന തന്റെ മനസും സുഹൃത്തുക്കളുടെ ഉറച്ച പിന്തുണയുമാണെന്ന് ചന്ദ്രപ്രകാശ് പറയുന്നു. 

ആദം സ്മിത്ത് ഫെലോഷിപ്പിലേക്ക്

മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഇന്ത്യൻ വംശജരായ ശ്രീലങ്കൻ തമിഴരുടെ പൗരത്വത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെ 6 മാസത്തെ എക്സ്ചേഞ്ച് പ്രോഗ്രാമിനായി ഓസ്ട്രിയയിൽ പോകാൻ  അവസരം ലഭിച്ചു. ഇക്കാലത്താണ് ഓസ്ട്രിയൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് നൽകുന്ന 'ആദം സ്മിത്ത്  ഫെലോഷിപ്പി'നെക്കുറിച്ച് സുഹൃത്ത് വഴി അറിയുന്നത്. യുഎസിലെ ജോർജ് മേസൻ സർവകലാശാലയിലെ മെർകാറ്റസ് സെന്ററും ലിബർട്ടി ഫണ്ടും ചേർന്നു നടത്തുന്ന ഫെലോഷിപ്പാണിത്. ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി ഗവേഷണ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. രണ്ടായിരം വാക്കിലൊതുങ്ങുന്ന വിവിധ ലേഖനങ്ങൾ അയച്ചുകൊടുക്കുകയെന്നതാണ് ആദ്യ പടി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യുഎസിൽ നാല് അക്കാദമിക് കോൺഫറൻസുകളിൽ പങ്കെടുക്കാം. യാത്രാച്ചെലവുള്‍പ്പെടെ സർവകലാശാല നൽകും. 

ആവേശത്തിൽ അപേക്ഷിച്ചെങ്കിലും കിട്ടുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് ചന്ദ്രപ്രകാശ് പറയുന്നു. ഓസ്ട്രിയയിൽ നിന്ന് തിരികെ മുംബൈയിലെത്തിയതോടെ വീണ്ടും പഠനത്തിന്റെ തിരക്കുകളിലായി. ഈ സമയത്താണ് ഫലം വന്നത്. ഓക്സ്ഫഡിലും ഹാർവഡിലും പഠിച്ചവരാണ് ഫെലോഷിപ്പിൽ തന്റെ മുൻഗാമികളെന്ന് അറിഞ്ഞതോടെ വലിയ സന്തോഷമായെന്ന് ചന്ദ്രപ്രകാശ് പറയുന്നു. ഫെലോഷിപ്പിന്റെ ഭാഗമായ രണ്ടാമത്തെ കോൺഫറൻസിനായി തയ്യാറെടുക്കുകയാണ് ചന്ദ്രപ്രകാശ് ഇപ്പോള്‍.

MORE IN SPOTLIGHT
SHOW MORE