അവധി അടിച്ചുപൊളിക്കാൻ സൂക്ഷിച്ച പൈസയുമായി നിധിന്‍; ചേർത്തുപിടിച്ച് കലക്ടർ

krishnatheja
SHARE

ആലപ്പുഴ കലക്ടർ വി ആര്‍ കൃഷ്ണ തേജ ഐഎഎസ് കഴിഞ്ഞ ദിവസം പങ്കുവച്ച മനോഹരമായൊരു വിഡിയോയും ഹൃദയം തൊടുന്ന കുറിപ്പും ശ്രദ്ധനേടുകയാണ്. കുട്ടികൾക്കിടയിൽ 'കലക്ടര്‍ മാമ'നെന്ന് അറിയപ്പെടുന്ന ഇദ്ദേഹം സമൂഹമാധ്യമപേജിലൂടെ കുട്ടികൾക്കായി നിരവധി പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. ഓണവും വിഷുവുമൊക്ക ആഘോഷമാക്കാൻ കരുതി വച്ച പണവുമായി തന്നെ കാണാനെത്തിയ ഒരു ബാലന്റെ വിഡിയോയാണ് അദ്ദേഹം ഇത്തവണ പങ്കുവച്ചത്. 

കലക്ടറുടെ കുറിപ്പ്

കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ച് പൊതുജനങ്ങളെ കാണുന്നതിനിടയിലാണ് കയ്യിലൊരു കവറുമായി ഒരു മോന്‍ എന്റെ അടുത്തേക്ക് വന്നത്. എന്തെങ്കിലും അപേക്ഷയാണെന്ന് കരുതിയാണ് ഞാനത് തുറന്നത്. എന്നാല്‍ ആ കവറില്‍ കുറച്ച് പണമായിരുന്നു ഉണ്ടായിരുന്നത്. ഇത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി. ഇതെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ ആ മോൻ എന്നോട് പറഞ്ഞത് ഓണവും വിഷുവും ഒക്കെ അടിച്ച് പൊളിക്കാനായി സൂക്ഷിച്ച് വെച്ച പൈസയാണെന്നാണ്.

നിർധനരായ കുഞ്ഞു മക്കൾക്ക് ബുക്കും പുസ്തകവും കളിപ്പാട്ടവുമൊക്കെ വാങ്ങി നൽകാനായി സംസ്ഥാന സര്‍ക്കാരിന്റെ ബാലനിധി പദ്ധതിയിലേക്ക് സംഭാവന നൽകാനായാണ് മൂന്നാം ക്ലാസുകാരനായ ഈ മോന്‍ പണവുമായി എന്റെ അടുത്തേക്ക് വന്നത്. ചില അനുഭവങ്ങൾ നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഇത്തരത്തിൽ എന്റെ മനസ്സിൽ നിന്നും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണിത്. നിധിന്‍ മോനും മാതാപിതാക്കള്‍ക്കും എന്റെ സ്‌നേഹാഭിനന്ദനങ്ങള്‍.

MORE IN SPOTLIGHT
SHOW MORE