ട്രംപിനെ തിരിച്ചുകൊണ്ടുവരാൻ മസ്ക്; ഇത് കടുംകൈ ആകുമോ?

musk-trump
SHARE

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുമെന്നു കഴിഞ്ഞ ദിവസം അറിയിച്ച യുഎസ് മുന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ തിരികെയെത്തിക്കാനുള്ള നീക്കത്തിനു തുടക്കമിട്ട് പുതിയ ഉടമ ഇലോണ്‍ മസ്‌ക്. മുന്‍ ഉടമകള്‍ വിലക്കിയ ട്രംപിന് ട്വിറ്ററിലേക്കു തിരിച്ചു പ്രവേശനം നല്‍കണോ എന്ന് അഭിപ്രായം അറിയിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മസ്‌ക് വെള്ളിയാഴ്ച വൈകിട്ട് ട്വിറ്ററില്‍ പോള്‍ പോസ്റ്റ് ചെയ്തു.

22 മണിക്കൂര്‍ കൂടി അവശേഷിക്കെ ഇരുപതു ലക്ഷത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതില്‍ 60 ശതമാനം പേര്‍ ട്രംപിനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് വോട്ട് ചെയ്തിരിക്കുന്നത്. അക്രമം പ്രോത്സാഹിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2021ലാണ് ട്രംപിനെ ട്വിറ്ററില്‍നിന്ന് സ്ഥിരമായി പുറത്താക്കിയത്.

കൂടുതല്‍ ആളുകളിലേക്ക് എത്താനുള്ള സ്വാതന്ത്ര്യമല്ല മറിച്ച് അഭിപ്രായ സ്വാതന്ത്ര്യമാണ് ട്വിറ്ററിന്റെ പുതിയ നയമെന്ന് മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. വിദ്വേഷ ട്വീറ്റുകള്‍ പരമാവധി നിരുത്സാഹപ്പെടുത്തും. അത്തരം ട്വീറ്റുകള്‍ പെട്ടെന്നു കാണാന്‍ പറ്റാത്ത തരത്തിലായിരിക്കുമെന്നും മസ്‌ക് അറിയിച്ചു.

കഠിനമായ തൊഴില്‍ സാഹചര്യം നേരിടേണ്ടിവരുമെന്നും അല്ലാത്തവര്‍ക്കു പുറത്തുപോകാമെന്നുമുള്ള മസ്‌കിന്റെ അന്ത്യശാസനം തള്ളി നൂറുകണക്കിനു ജീവനക്കാര്‍ ട്വിറ്ററില്‍നിന്നു രാജി വച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിനെ തിരികെയെത്തിക്കാനുള്ള പോളുമായി മസ്‌ക് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ പകുതിയോളം ജീവനക്കാരെ മസ്‌ക് പുറത്താക്കിയിരുന്നു.

MORE IN SPOTLIGHT
SHOW MORE