ആ ചുംബനം എന്റെ സ്നേഹം; ഈ ട്രോളിന് പിന്നിലെ കാരണം വേറെ: ഉറച്ച് ഷൈജു

shaiju-reply
SHARE

‘വിസ്മയിപ്പിക്കുന്ന ഗോളുകൾ പിറന്ന ആ ഇടത്‌ കാലിനോടുള്ള എന്റെ സ്നേഹവും ബഹുമാനവും ആയിരുന്നു ആ ചുംബനം. എന്തുകൊണ്ടാണ് മലയാളിക്ക് അതിനെ അങ്ങനെ കാണാൻ സാധിക്കാത്തത്?..’ ഫുട്‌ബോൾ കമന്റേറ്റർ ഷൈജു ദാമോദരന് ചോദിക്കാനുള്ളത് ഇതാണ്. അഭിമുഖത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇവാന്‍ കലിയുഷ്‌നിയുടെ  കാല്‍പാദത്തില്‍ ചുംബിച്ചതിന്റെ പേരിൽ ഷൈജു ദാമോദരനെതിരെ വിമർ ശനങ്ങളും ട്രോളുകളും മുറുകുമ്പോൾ അദ്ദേഹം മനോരമ ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു:

ആ ചുംബനം 

ഞാൻ ഒരു ഫുട്‌ബോൾ പണ്ഡിതനോ ബുദ്ധിജീവിയോ ഒന്നുമല്ല. വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യൻ ആണ്. പ്രിയപ്പെട്ട ടീം വിജയിക്കുമ്പോൾ സന്തോഷിക്കുകയും പരാജയപ്പെടുമ്പോൾ സങ്കടപ്പെടുകയും ചെയ്യുന്ന ആളാണ്. എന്റെ ആരാധനാകേന്ദ്രം ഫുട്‌ബോൾ മൈതാനമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധനാ വിഗ്രഹവും. എന്നെ വിസ്മയിപ്പിച്ച രണ്ടു ഗോളുകൾ ആ കളിക്കാരന്റെ ഇടതുകാലിൽ നിന്നാണ് പിറന്നത്‌. അതുകൊണ്ടാണ് ആ കാലുകൾ എനിക്ക് തരാമോ എന്നു തന്നെ ചോദിച്ചത്.

ചുംബനം ഇത്രക്കും തെറ്റാണോ? അത് സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒക്കെ ചിഹ്നമാണ്. എന്തുകൊണ്ടാണ് മലയാളിക്ക് അങ്ങനെ കാണാൻ പറ്റാത്തത്. മനുഷ്യർക്കിടയിൽ  നിറവും രാജ്യവും വൻകരയും തമ്മിൽ  വേർതിരിവ് ഒരു വിഷയമാണോ ഈ ആധുനിക കാലത്തും?

ആ ഉമ്മ കേരളത്തിന് വേണ്ടി എന്നു പറഞ്ഞത്

കേരളത്തിന് വേണ്ടി എന്ന് പറഞ്ഞ വാക്കിനെ വിമർശിക്കുന്നവരുടേത് മാത്രമാണോ കേരളം? കേരളീയനായതിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ. കേരളത്തിന്റെ അട്ടിപ്പേറവകാശം ആരും എടുക്കേണ്ട.

ഈ വിമര്‍ശനങ്ങൾക്കു പിന്നിലുള്ള കാരണം വേറെ:

ഇപ്പോഴുള്ള ഈ വിമർശനങ്ങളെല്ലാം ഒരേതരം പ്രൊഫൈലുകളിൽ നിന്നാണ്. പ്രത്യേക കേന്ദ്രത്തിൽ നിന്നുള്ള സംഘടിതമായ ആക്രമണം ആണ്.  അതിനൊക്കെ കാരണം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഞാൻ ഒരു മുന്നണിക്കുവേണ്ടി പരസ്യമായി രംഗത്തിറങ്ങിയതാണ്. യൂത്ത് കോണ്‍ഗ്രസോ കോണ്‍ഗ്രസോ വിചാരിച്ചാൽ വാടിക്കരിഞ്ഞുപോകുന്ന ആളല്ല ഷൈജു ദാമോദരൻ.  ഒരു മലയാളിയോടും വിരോധവും ദേഷ്യവും ഇല്ല. എതിർചേരിയിൽ നിന്ന് പുലഭ്യം പറയുന്നതിലൂടെ ആരെങ്കിലും സന്തുഷ്ടരാകുന്നുണ്ടെങ്കിൽ അതിലും ഹാപ്പി. ഈ ജോലി ചെയ്യാൻ നിയുക്തനായിരിക്കുന്നിടത്തോളം ഇവിടെ ഉണ്ടാകും. ഇതെല്ലാം പാർട് ഓഫ് ദി ഗെയിം. 

ഹൃദയം കൊണ്ട് സംസാരിക്കുന്ന ആൾ:

എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് കരിങ്കല്ല് അല്ല. സന്തോഷം വരുമ്പോൾ ലോലമായിപ്പോകുന്ന ആ ഹൃദയം കൊണ്ട് തന്നെയാണ് ഞാൻ കമന്ററി പറയാറ്, നാക്ക് കൊണ്ടല്ല. കമന്ററി ബോക്സിലെ അതേ ഉന്മാദം തന്നെയാണ് എന്റെ സ്വഭാവം. സ്നേഹം വരുമ്പോൾ ഉമ്മ വയ്ക്കും ചിലപ്പോൾ കടിക്കും. ഞാൻ ഒരു ഉന്മാദിയായ മനുഷ്യനാണ്.

ഖത്തറില്‍ റൊണാൾഡോയെയും മെസ്സിയെയും കണ്ടാൽ ഉമ്മ വയ്ക്കുമോ?

ഖത്തറിലേക്കുള്ള വിമാനത്തിൽ ഇരുന്നാണ് ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്നത്. എന്റെ പ്രിയപ്പെട്ട താരങ്ങളുടെ കളി കാണാൻ പോവുകയാണ്. മെസ്സിയെയും റൊണാൾഡോയേയും നേരിൽ കാണിക്കാമെന്നാണ് സുഹൃത്തുക്കളുടെ വാഗ്ദാനം. കാലുകൊണ്ട് ഇന്ദ്രജാലം തീർക്കുന്ന  യഥാർത്ഥ മാന്ത്രികരെ നേരിൽ  കണ്ടാൽ  എന്തായിരിക്കും എന്റെ പെരുമാറ്റം എന്ന് സങ്കൽപ്പിക്കാൻ ഞാൻ നിങ്ങൾക്ക് വിട്ടുതരുന്നു. 20 ദിവസം ഖത്തറിൽ ഉണ്ടാകും കൊച്ചിയിലെ അടുത്ത ഐ.എസ്‌.എൽ ഹോം മാച്ചിന് മുൻപ് മടങ്ങിയെത്തും. 

ഖത്തറിൽ ഏത് ടീം 

പ്രത്യേകിച്ച് ഒരു ടീമിനൊപ്പം അല്ല. ഏറ്റവും ബ്യൂട്ടിഫുൾ ഗെയിം കളിക്കുന്നവർ ഖത്തറിൽ വാഴും. ആ സൗന്ദര്യം കാണാനാണ് പോകുന്നത്.

MORE IN SPOTLIGHT
SHOW MORE