‘കുഴിമന്തി’യെന്ന വാക്ക് നിരോധിക്കുമെന്ന് വി.കെ.ശ്രീരാമന്‍; ചേരിതിരിഞ്ഞ് സോഷ്യല്‍ ‘തല്ല്’

kuzhimanthi
SHARE

ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയാകാൻ അവസരം ലഭിച്ചാൽ ആദ്യം നിരോധിക്കുന്ന വാക്ക് കുഴിമന്തിയായിരിക്കുമെന്ന് വി.കെ.ശ്രീരാമൻ. മലയാളഭാഷയെ മാലിന്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള ആദ്യ നടപടിയായിരിക്കുമിതെന്നും ശ്രീരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ ഈ കുറിപ്പിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. ശ്രീരാമന്റെ അഭിപ്രായത്തോട് എഴുത്തുകാരി എസ്. ശാരദക്കുട്ടി യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ മിക്കവരും  ശ്രീരാമന്റെ പരാമർശത്തിലെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തും മുന്നോട്ട് രംഗത്തെത്തി. 

ശ്രീരാമന്റെ കുറിപ്പ് ഇങ്ങനെ:

ഒരു ദിവസത്തേക്ക്‌

എന്നെ കേരളത്തിൻ്റെ

ഏകാധിപതിയായി

അവരോധിച്ചാൽ 

ഞാൻ ആദ്യം ചെയ്യുക

കുഴിമന്തി എന്ന പേര് 

എഴുതുന്നതും

പറയുന്നതും

പ്രദർശിപ്പിക്കുന്നതും

നിരോധിക്കുക

എന്നതായിരിക്കും.

മലയാള ഭാഷയെ

മാലിന്യത്തിൽ നിന്ന്

മോചിപ്പിക്കാനുള്ള

നടപടിയായിരിക്കും

അത്.

🙉🙊🙈

പറയരുത്

കേൾക്കരുത്

കാണരുത്

കുഴി മന്തി

ശാരദക്കുട്ടിയുടെ കമന്‍റ് ഇങ്ങനെ: "കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പൻ ജീവിയെ ഓർമ്മ വരും. ഞാൻ കഴിക്കില്ല. മക്കൾ പക്ഷേ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകൾ മാറി മാറി പരീക്ഷിക്കും. എനിക്ക് പേരും കൂടി impressive ആയാലേ കഴിക്കാൻ പറ്റൂ." 

മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ഇങ്ങനെ: കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പം

യെമനിൽ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തി. മണ്ണിൽ കുഴിയുണ്ടാക്കി  മരക്കരിയിൽ മണിക്കുറുകൾ  എടുത്ത് വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. അതീവ രുചികരമാണ്. 

കുഴിയിൽ ഉണ്ടാക്കുന്നതിനാലാണ് കേരളത്തിൽ ഇത് കുഴിമന്തി ആയത്. ഇത്രയും വേഗത്തിൽ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല. കേരളത്തിൽ ഗ്രാമങ്ങളിൽ പോലും ഇപ്പോൾ മന്തി കടകൾ ഉണ്ട്. യെമനിൽ പോലും ഇപ്പോൾ ഇത്രയും മന്തിക്കടകൾ ഉണ്ടോ എന്ന് സംശയമാണ്.

കെ എഫ് സിയും പിസാഹട്ടും ഒക്കെ വന്നിട്ടും കുഴിമന്തി കേരളത്തിലെ പുതിയ തലമുറയുടെ ഹരമാണ്.

#കുഴിമന്തിക്കൊപ്പം മാത്രം

മുരളി തുമ്മാരുകുടി

മുന്നറിയിപ്പ്: മന്തിക്കൊപ്പം ചിലർ ഓഫർ ചെയ്യുന്ന ഫ്രീ അൺലിമിറ്റഡ് റൈസ് ആരോഗ്യത്തിന് ഹാനികരം. അധികം ഭക്ഷിക്കുന്ന അരിയാണ് നമ്മുടെ അരി. അധികമായാൽ വേഗം അരിയെത്തും.

കുഴൂര്‍ വില്‍സന്റെ പോസ്റ്റ് ഇങ്ങനെ: വേറിട്ട കാഴ്ച്ചകള്‍ കണ്ട ഒരാളുടെ കുറിപ്പാണിതല്ലോ എന്നോര്ക്കുമ്പോള്‍ ഒരു ഞെട്ടല്‍ . കഷ്ടം തന്നെ മുതലാളീ . ഞങ്ങടെ നാട്ടില്‍ പോത്തിന്റെ  അകത്തണ്ടി ഫ്രൈ ഒക്കെ കിട്ടുന്ന കടകളുണ്ട് .  എല്ലാ ഹോട്ടലുകള്ക്കും ഞാറ്റുവേല എന്ന് പേരിടാന്‍ പറ്റുമോ മാഷേ .

തിന്നുന്നതില്‍ തൊട്ട് കളിച്ചാല്‍ വിവരമറിയുമെന്ന് തോന്നുന്നു. സുനിൽ പി ഇളയിടം ശ്രീരാമന്റെ പോസ്റ്റിനെ അനുകൂലിച്ചിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE