‘മുഖം കുരങ്ങന്റേതു പോലെയെന്ന് അധിക്ഷേപം’; സൈബർ സെല്ലിൽ പരാതി നൽകാനൊരുങ്ങി അഭിരാമി

amruta-abhirami
SHARE

സമൂഹമാധ്യമങ്ങളിലൂടെ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ സൈബർ സെല്ലിന് പരാതി നൽകാനൊരുങ്ങി ഗായിക അഭിരാമി സുരേഷ്. ഫെയ്സ്ബുക് ലൈവിലൂടെയാണ് അഭിരാമി ഇക്കാര്യം പരസ്യമാക്കിയത്. തന്റെ ശാരീരിക അവസ്ഥയെ ചൂണ്ടിക്കാണിച്ചു പലരും പരിഹസിക്കുന്നുവെന്നും മുഖം കുരങ്ങന്റേതു പോലെയാണെന്നു പറയുന്നുവെന്നും ഗായിക തുറന്നു പറഞ്ഞു. താടിയെല്ല് അല്‍പ്പം മുന്നോട്ടിരിക്കുന്ന പ്രോഗ്‌നാത്തിസം ശാരീരിക അവസ്ഥയുണ്ട് അഭിരാമിക്ക്. അത് ചൂണ്ടിക്കാണിച്ച് പലരും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ അഭിരാമി വികാരാധീനയായി.

തന്റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ മോശം കമന്റുകാണ് വരുന്നതെന്നും പരിധിവിട്ടാൽ ഇതൊന്നും ക്ഷമിക്കേണ്ട ആവശ്യമില്ലെന്നും അഭിരാമി പറഞ്ഞു. ‘ചേച്ചിയുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു സംഭവം നടന്നു. അതിന്റെ കാരണം നിങ്ങൾക്കറിയില്ല. സമൂഹമാധ്യമങ്ങളിൽ എന്തു പോസ്റ്റ് ചെയ്താലും അശ്ലീല കമന്റുകളാണ് വരുന്നത്. ഹേറ്റേഴ്സിന്റെ കാര്യത്തിൽ യാതൊരു കുറവുമില്ലാത്ത ഭാഗ്യവതികളാണ് ഞാനും ചേച്ചിയും. തെറി വിളിച്ചിട്ടാണ് ഇവർ സംസ്കാരം പഠിപ്പിക്കുന്നത്. ഇവർക്കെതിരെ നിയമപരമായി തന്നെ മുന്നോട്ടു പോകും, എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്നു ചോദിച്ചാൽ ജീവിക്കാൻ പറ്റാതായി എന്നതാണ് ഉത്തരം’, അഭിരാമി കൂട്ടിച്ചേർത്തു.

താൻ എന്ത് ചെയ്താലും അതെല്ലാം ബാലയുടെ പണം കൊണ്ടാണെന്ന് പലരും പറയുന്നുവെന്ന് അഭിരാമി പറഞ്ഞു. താൻ ജോലി ചെയ്തുണ്ടാക്കുന്ന പണമാണ് ചിലവഴിക്കുന്നതെന്നും അല്ലാതെ ബാലയുടേതല്ലെന്നും ഗായിക വിഡിയോയിൽ രോഷത്തോടെ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ കമന്റുകൾ വായിച്ച് തന്റെ അമ്മയും മറ്റു കുടുംബാംഗങ്ങളും എന്നും കരയുമെന്നും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലെത്തിയതുകൊണ്ടാണ് നിയമപരമായി നേരിടാൻ തീരുമാനിച്ചതെന്നും തങ്ങൾക്ക് ആരുടെയും സിംപതി ആവശ്യമില്ലെന്നും അഭിരാമി കൂട്ടിച്ചേർത്തു.

MORE IN SPOTLIGHT
SHOW MORE