'കൊന്നില്ലല്ലോ'; എല്ല് മുറിച്ചെടുത്തു; യുക്രെയ്ൻ സൈനികന്റെ ചിത്രം; റഷ്യയുടെ ക്രൂരമുഖം

ukraine-soldier
SHARE

റഷ്യൻ സേന പിടികൂടിയ ശേഷം വിട്ടയച്ച യുക്രെയ്ൻ സൈനികന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയമാണു ചിത്രം ട്വിറ്റിലൂടെ പുറത്തുവിട്ടത്. മിഖൈലോ ഡയനോവ് എന്ന സൈനികന്‍ റഷ്യയുടെ പിടിയിലാകുന്നതിനു മുൻപും വിട്ടയച്ചതിനു ശേഷവുമുള്ള ചിത്രങ്ങളാണിത്.

ആരോഗ്യവാനായിരുന്ന ഡയനോവ് റഷ്യയുടെ പിടിയിൽനിന്നു മോചിതനായിപ്പോൾ വളരെയേറെ ക്ഷീണിച്ചിട്ടുണ്ട്. മുഖത്തും കൈകളിലും മുറിവുകൾ. മെലിഞ്ഞ് എല്ലുംതോലുമായെങ്കിലും ഡയനോവ് ഭാഗ്യവാനാണെന്നു യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. സൈനിക വേഷത്തിലുള്ളതും ക്ഷീണിതനായതുമായ ചിത്രങ്ങൾ ചേർത്തുവച്ചാണു ട്വീറ്റ്.

‘‘യുക്രെയ്ൻ സൈനികനായ മിഖൈലോ ഡയനോവ് ഭാഗ്യമുള്ളയാളാണ്. സഹപ്രവര്‍ത്തകരായ പലരില്‍നിന്നും വ്യത്യസ്തമായി അദ്ദേഹത്തിനു ജീവന്‍ തിരിച്ചുകിട്ടിയല്ലോ. ഇങ്ങനെയാണു ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നത്. ഇത്തരത്തിലാണു നാസിസം റഷ്യ പിന്തുടരുന്നത്’’– ചിത്രങ്ങൾ പങ്കുവച്ച് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു.

ഈ വര്‍ഷമാദ്യം മരിയുപോളിലെ സ്റ്റീല്‍പ്ലാന്റിനു നേരെയുണ്ടായ റഷ്യന്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഡയനോവ് പിടിയിലായത്. ഇദ്ദേഹമടക്കം 205 തടവുകാരെ റഷ്യ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ഡയനോവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും കീവിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും സഹോദരി അലോന ലവ്‍റുഷ്കോ അറിയിച്ചു. മനുഷ്യത്വരഹിതമായി പെരുമാറിയ റഷ്യൻ സേന ഡയനോവിന്റെ കയ്യിൽനിന്നും 4 സെന്റിമീറ്റർ എല്ല് മുറിച്ചെടുത്തു. ദീർഘകാല ചികിത്സ വേണ്ടിവരുമെന്നും സഹോദരി വ്യക്തമാക്കി.

English Summary: Ukraine soldier before and after Russian captivity in striking photos

MORE IN SPOTLIGHT
SHOW MORE