ബാങ്കിൽ 14,000 കോടി; 14 ടൺ സ്വർണം; തിരുപ്പതി ക്ഷേത്രത്തിലെ സ്വത്തുകണക്ക് പുറത്ത്

tirupathi-temple
SHARE

കോടാനുകോടി സാധാരണക്കാരായ വിശ്വാസികള്‍, രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍, പൊന്നും വിലയുള്ള താരരാജാക്കന്‍മാര്‍, കായികതാരങ്ങള്‍, മുകേഷ് അംബാനി അടക്കമുള്ള രാജ്യത്തിന് അകത്തും പുറത്തുമുള്ള കോടീശ്വരന്‍മാര്‍... അങ്ങനെ എല്ലാമുള്ളവനും ഇല്ലാത്താവനും ഒരുപോലെ എത്തുന്ന ഇടം.  ആന്ധ്രപ്രദേശിലെ പ്രശസ്‌തമായ തിരുപ്പതി ക്ഷേത്രം. വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും രാജ്യത്ത് തന്നെ മുന്‍നിരയിലുള്ള തിരുപ്പതി  ക്ഷേത്രത്തിന്‍റെ സമ്പത്ത് എത്രത്തോളമെന്നുള്ള ചോദ്യങ്ങള്‍ക്ക് ഇതാ ഉത്തരമെത്തി. 85,705 കോടി രൂപയുടെ സ്വത്തുക്കള്‍ ക്ഷേത്രത്തിന് ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍. തിരുപ്പതി  ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ക്ഷേത്രം ട്രസ്‌റ്റായ ടിടിഡി എന്ന  തിരുമല തിരുപ്പതി ദേവസ്ഥാനം ചെയല്‍മാന്‍ വൈ.വി.സുബ്ബ റെഡ്ഡിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.  

ഇതോടെ  ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്‌റ്റായി ടിടിഡിയെ കണക്കാക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിറ്റൂര്‍ ജില്ലയിലാണ് ആന്ധ്രയുടെ  ആത്മാമീയ തലസ്ഥനം എന്ന് അറിയിപ്പെടുന്ന   തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കറിലായി 960 പ്രോപ്പർട്ടികൾ ഉണ്ടെന്നും ഇവയുടെ ആകെ മൂല്യം 85,705 കോടിയോളം വരുമെന്നും സുബ്ബ റെഡ്ഡി പറയുന്നു.  സർക്കാരിന്റെ കണക്കനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. എന്നാല്‍ വിപണിവില കണക്കാക്കുകയാണെങ്കിൽ ആകെ മൂല്യം 2 ലക്ഷം കോടി കവിയും. ഇതിനൊപ്പം വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപവും 14 ടൺ സ്വർണശേഖരവും ടിടിഡിക്കുണ്ട്. ഇതാദ്യമായിട്ടാണ് ടിടിഡി സ്വത്തുവകകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടുന്നത്.

അടുത്തിടെ  മുസ്‌ലിം സമുദായ അംഗം തിരുപ്പതി ക്ഷേത്രത്തിന് ഒരു കോടിയിലേറെ രൂപ മൂല്യമുള്ള കാണിക്ക സമർപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി വാഹനങ്ങളും ഫർണിച്ചറുകളും പണവും ഉൾപ്പെടെ വിവിധ വഴിപാടുകൾ ക്ഷേത്രത്തിനു നൽകുന്ന ചെന്നൈ സ്വദേശിയായ  അബ്ദുൽ ഗനിയാണു കുടുംബസമേതം ക്ഷേത്രത്തിലെത്തി കാണിക്ക സമർപ്പിച്ചത്. 87 ലക്ഷം രൂപയുടെ ഫർണിച്ചറുകളും പാത്രങ്ങളും കൂടാതെ 15 ലക്ഷം രൂപയുടെ ഡിഡിയും ഇദ്ദേഹം  കൈമാറി. 1984-ൽ, ഹൈദരാബാദിൽ നിന്നുള്ള മുസ്‌ലിം സമുദായ അംഗം 108 ചെറിയ സ്വർണ താമരപ്പൂക്കൾ സമർപ്പിച്ചിരുന്നു. വിശ്വസത്തിന് മുന്നില്‍ മതവും ജാതിയും സകല വേര്‍തിരുവുകളും മാറി നില്‍ക്കും തിരുപ്പതിയില്‍ എന്നതിന് സാക്ഷ്യമാകുന്നു ഇത്തരം സംഭവങ്ങള്‍.

തിരുപ്പതിയില്‍ വീഴുന്നതെന്തും വരുമാനമാണെന്ന് പറയാം. ഒരു മുടി നാരുപോലും നല്‍കുന്നത് പണമാണ്.  തിരുപ്പതിയിലെത്തി  ഭക്‌തർ തലമുണ്ഡനം ചെയ്യുന്നതു മോക്ഷപ്രാപ്‌തിക്കു വേണ്ടിയാണെങ്കില്‍ ഈ  മുറിച്ചു മാറ്റപ്പെടുന്ന മുടി ക്ഷേത്രത്തിനു നൽകുന്നത്  കോടികളുടെ വരുമാനമാണ്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രവും പഴനി മുരുകൻ ക്ഷേത്രവും ആഗോള ടെൻഡർ വിളിച്ചാണു മുടി വിൽപന നടത്തുന്നത്. തിരുമല തിരുപ്പതി ദേവസ്‌ഥാനത്തിന്  40 കോടിയോളം രൂപ വരെ ഇത്തരത്തില്‍ ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ . തലമുണ്ഡനം ചെയ്യുകയെന്ന ആചാരത്തിന് ആയിരക്കണക്കിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഭക്‌തർ തങ്ങളിലെ അഹന്തയെ ഇല്ലാതാക്കുകയാണ് ഈ കർമത്തിലൂടെയെന്നാണ് ഐതിഹ്യം. പഴനിയിലും തിരുപ്പതിയിലും ആയിരക്കണക്കിനു ബാർബർമാരാണ് ഭക്‌തരുടെ തലമുണ്ഡനം ചെയ്യാനായി നിരന്നിരിക്കുക.

മുടിയുടെ വലുപ്പത്തിനും നിലവാരത്തിനുമനുസരിച്ചു വിവിധ ഇനങ്ങളായി തരം തിരിച്ചാണു വിൽപന. ഒന്നാം ഗ്രേഡിലുള്ള ഒരു കിലോ മുടിക്ക് ആഗോള വിപണിയില്‍  10,000 രൂപ മുതൽ 12,500 രൂപ വരെ ലഭിക്കും. വിഗുകൾ പുറത്തിറക്കുന്ന ആഗോള ബ്രാൻഡുകൾ പോലും ഏറെ ഇഷ്ടത്തോടെ ആശ്രയിക്കുന്നതു തിരുപ്പതി മുടിയെയാണ്.  5000നും 10000ത്തിനും ഇടയിലാണു തിരുപ്പതിയിൽ പ്രതിദിനം ഉപയോഗിക്കുന്ന ബ്ലേഡുകളുടെ എണ്ണം എന്നതും കൗതുകമാണ്.

ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയെടുത്താല്‍ അതിലുണ്ടാകും നമ്മുടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ഇനിയും പൂര്‍ണമായും അളന്നു തിട്ടപ്പെടുത്താത്ത സമ്പത്താണ് പത്മനാഭന്റെ നിലവറകളിലുള്ളത്. തുറക്കാനാവാത്ത നിലവറയും കണ്ണഞ്ചിപ്പിക്കുന്ന രത്‌നങ്ങളും സവര്‍ണവും നിരവധി ദുരൂഹ കഥകളുമെല്ലാം ചേര്‍ന്നതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകള്‍ നീളുന്ന പെരുമ. എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് നിലവറകളിലായാണ് പത്‌നാഭസ്വാമി ക്ഷേത്രത്തിന്റെ സമ്പത്തുള്ളത്. അതില്‍ അഞ്ചു നിലവറകള്‍ തുറന്നു പരിശോധിക്കാനായി. സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണ വിഗ്രഹങ്ങള്‍, ആഭരണങ്ങള്‍, രത്‌നങ്ങള്‍, സ്വര്‍ണ കിരീടങ്ങള്‍ എന്നിവയെല്ലാം ഈ നിലവറകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ലോകത്തു തന്നെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിലപിടിപ്പുള്ള സ്വര്‍ണ, രത്‌ന ശേഖരമാണ് ഈ നിലവറകളിലെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഇതിന്റെ പൂര്‍ണവും കൃത്യവുമായ മൂല്യം ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. ലോകത്തിന് മുന്നില്‍ രാജ്യം അതിന്‍റെ പാരമ്പര്യം ഉയര്‍ത്തുന്നത് പോയ കാലം സമ്മാനിച്ച ഇത്തരം സംസ്കാരത്തിന്‍റേയും വിശ്വാസങ്ങളുടെയും  ബലം കൂടി പേറിയാണ്.  

MORE IN SPOTLIGHT
SHOW MORE