ഭർതൃവീട്ടിൽനിന്ന് പുറത്താക്കി; 20 ദിവസം കാത്തിരുന്നു: ഒടുവിൽ കമ്പിപ്പാരകൊണ്ട് വാതിൽപൊളിച്ചു

wife-door-tn
വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടക്കാൻ ശ്രമിക്കുന്ന പ്രവീണ (Photo: Dinamaalai), പ്രവീണയുടെയും നടരാജന്റെയും വിവാഹചിത്രം. (Photo: Dinathanthi)
SHARE

സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ ഭർതൃവീട്ടിൽ നിന്നും പുറത്താക്കിയ യുവതി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകയറി. തിരുവാറൂർ ജില്ലയിലെ മയിലാടുതുറൈയിലെ പ്രവീണയാണ് (30) ഭർത്താവ് നടരാജന്റെ (32) വീടിനുമുന്നിൽ 20 ദിവസം കാത്തിരുന്നശേഷം അകത്തുകയറിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം.

24 പവനും ബുള്ളറ്റും 3 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയാണ് പ്രവീണയുടെ വീട്ടുകാർ വിവാഹം നടത്തിയത്. മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും നടരാജന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ പ്രവീണയെ പീഡിപ്പിക്കാൻ തുടങ്ങി. ചെന്നൈയിലെ ഒരു സ്വകാര്യകമ്പനിയിലാണ് നടരാജന് ജോലി. നടരാജൻ ഇല്ലാത്ത സമയം പ്രവീണയെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. തുടർന്ന് ഭർതൃകുടുംബം ബന്ധുവീട്ടിലേക്ക് മാറുകയും ചെയ്തു. 

എന്നാൽ പ്രവീണ ഭർതൃവീട്ടിൽനിന്നും പോകാൻ തയാറായില്ല. അവർ 20 ദിവസം വീടിനുപുറത്തുതന്നെ പാചകം ചെയ്ത് താമസിച്ചു. ഭർതൃവീട്ടുകാർക്കെതിരെ മയിലാത്തുറൈ ഡിഎസ്പി വസന്തരാജിന് പരാതി നൽകി. കഴിഞ്ഞ ദിവസം നടരാജന്റെ ബന്ധുക്കൾ വീട്ടിലെത്തുകയും പശുക്കളെ പരിചരിച്ച ശേഷം തിരിച്ചുപോകുകയും ചെയ്തു. തന്റെ കാര്യത്തിൽ തീരുമാനം എടുക്കാതായതോടെ പ്രകോപിതയായ പ്രവീണ നാട്ടുകാരുടെ സാന്നിധ്യത്തിൽ കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചു അകത്തുകയറി.

വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തി. ഇത്രയും നാളായി തന്റെ ഭർത്താവിനെക്കുറിച്ച് വിവരമില്ലെന്നും അദ്ദേഹത്തെ കണ്ടെത്തി തരണമെന്നും പൊലീസിനോട് പ്രവീണ ആവശ്യപ്പെട്ടു. ഭർത്താവ് തന്നെ വേണ്ടെന്ന് പറയുകയാണെങ്കിൽ താൻ വീട്ടിൽ നിന്നും ഇറങ്ങാമെന്നും പ്രവീണ പൊലീസിനോട് പറഞ്ഞു. വിഷയത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

MORE IN SPOTLIGHT
SHOW MORE